ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ ബാങ്കായ കേരള സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്) പുതിയ ഭരണസമിതി ചുമതലയേറ്റു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. മോഹനനെ പ്രസിഡന്റായും മുൻ എംഎൽഎ ടി.വി. രാജേഷിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.

സാധാരണക്കാരനും ഗ്രാമീണ ജനതയ്ക്കും മെച്ചപ്പെട്ട തൊഴിലവസരവും സാമ്പത്തിക ഭദ്രതയും മികച്ച ബാങ്കിങ് സൗകര്യങ്ങളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ രൂപം കൊടുത്ത കേരള ബാങ്ക്, രൂപീകരണ ലക്ഷ്യം പൂർത്തിയാക്കുന്ന വളർച്ച നേടിയിരിക്കുകയാണെന്ന് അടുത്തിടെ മന്ത്രി വി.എൻ. വാസവൻ വ്യക്തമാക്കിയിരുന്നു. 2019-20ൽ 1,01,194.41 കോടി രൂപയായിരുന്ന ബാങ്കിന്റെ ബിസിനസ് ഒക്ടോബർ അവസാനത്തെ കണക്ക് പ്രകാരം 1,24,000 കോടി രൂപയായി വർധിച്ചു.
അഞ്ചു വർഷം കൊണ്ട് 23,000 കോടിയോളം രൂപയുടെ ബിസിനസ്സാണ് ബാങ്കിന് ഉയർത്താനായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 2024 സെപ്റ്റംബർ മുതൽ 2025 സെപ്റ്റംബർ വരെ ബിസിനസ്സിൽ 7900 കോടി രൂപയുടെ വർധന ഉണ്ടായി. 2020 മാർച്ച് മാസത്തിൽ 61,037 കോടി രൂപയായിരുന്ന ബാങ്കിന്റെ നിക്ഷേപം 71,877 കോടി രൂപയായി വർധിച്ചു. 2024 സെപ്റ്റംബർ മുതൽ 2025 സെപ്റ്റംബർ വരെ നിക്ഷേപത്തിൽ 5543 കോടി രൂപയുടെ വർധനയാണ് വന്നിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും യുപിഐ ഉൾപ്പെടെയുള്ള ആധുനിക ബാങ്കിംഗ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന കെബി പ്രൈം, കെബി പ്രൈം പ്ലസ് ആപ്പുകൾ വഴി ബാങ്ക് ഡിജിറ്റൽ പരിവർത്തനത്തിനും നേതൃത്വം നൽകുന്നു. മറഞ്ഞിരിക്കുന്ന നിരക്കുകളോ മിനിമം ബാലൻസ് ആവശ്യകതകളോ ഇല്ലാതെ, വാണിജ്യ ബാങ്കുകളുടെ അതേ ഡിജിറ്റൽ സൗകര്യങ്ങളും കേരള ബാങ്ക് സഹകരണ മേഖലയിലെ ഉപഭോക്താക്കൾക്ക് നൽകുന്നു.
ഈ മാസം 21നാണ് കേരള ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം ബാങ്ക് ഹെഡ് ഓഫീസിൽ വെച്ചായിരുന്നു വോട്ടെണ്ണൽ. എൽഡിഎഫിന് 1220 വോട്ടും യുഡിഎഫിന് 49 വോട്ടുമാണ് ലഭിച്ചത്. മലപ്പുറം ഒഴികെയുള്ള ജില്ലാ ബാങ്കുകളാണ് തിഞ്ഞെടുപ്പിൽ പങ്കെടുത്തത്. തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി അംഗങ്ങൾ ആദ്യ യോഗം ചേർന്ന് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുത്തു. അഞ്ച് വർഷമാണ് ഭരണസമിതി കാലാവധി.
P. Mohanan has been elected President of Kerala Bank. The bank’s business volume surged from ₹1.01 lakh crore (2019-20) to ₹1.24 lakh crore, showcasing significant growth.