ഇന്ത്യൻ പ്രതിരോധ മേഖലക്കായി തന്ത്രപ്രധാനമായ നാവിഗേഷൻ ടെക്നോളജി ഉപകരണങ്ങളുടെ രൂപകല്പനയും നിർമ്മാണവും ലക്ഷ്യമിട്ട് അനന്ത് ടെക്നോളജിയുടെ പുതിയ സംരംഭം അനന്ത് സെൻറർ ഓഫ് എക്സലൻസ് തിരുവനന്തപുരത്തെ കിൻഫ്ര പാർക്കിൽ പ്രവർത്തനം തുടങ്ങി . നാവിഗേഷൻ രംഗത്തെ അതിസങ്കീർണമായ ഘടകങ്ങളായ ജൈറോ, ആക്സിലറോമീറ്റർ തുടങ്ങിയവയുടെ തദ്ദേശീയമായ രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനുമായിട്ടാണ് ഈ സെന്റർ പ്രവർത്തിക്കുക.

ബഹിരാകാശവകുപ്പ് സെക്രട്ടറിയും, ഐ എസ് ആർ ഓ ചെയർമാനായ ഡോ.വി നാരായണൻ ആണ് അനന്ത് സെൻറർ ഓഫ് എക്സലൻസ് ഉദ്ഘാടനം നിർവഹിച്ചത്.
1992 മുതൽ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ മേഖലയിലും പ്രതിരോധ മേഖലയിലും സജീവമായ പങ്കാളിത്തമുള്ള, രാജ്യത്ത് സ്വകാര്യ മേഖലയിലുള്ള ആദ്യ സംരംഭം ആണ് അനന്ത് ടെക്നോളജീസ്. മൈക്രോ ഇലക്ട്രോ മെക്കാനിക്കൽ (MEMS) സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ മിനിയേച്ചർ ജൈറോസ്കോപ്പ്, ആക്സിലറോ മീറ്റർ, ഫൈബർ ഒപ്റ്റിക് സാങ്കേതിക വിദ്യയിലും (Foa), റിംഗ് ലേസർ സാങ്കേതിക വിദ്യയിലും (RLG) അധിഷ്ഠിതമായ ജൈറോസ്കോപ്പ് തുടങ്ങിയ വിദേശനിർമ്മിത ഉപകരണങ്ങളെ തദ്ദേശീയമായി തന്നെ രൂപകൽപന ചെയ്തു വ്യവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കുകയാണ് ലക്ഷ്യം.
മിസൈലുകൾ, വിമാനങ്ങൾ, കപ്പലുകൾ, ഉപഗ്രഹ വിക്ഷേപണ വാഹനങ്ങൾ ഉപഗ്രഹങ്ങൾ തുടങ്ങിയവയെല്ലാം പ്രവർത്തിക്കുന്നത് ഇതുപോലുള്ള നാവിഗേഷൻ സെൻസറുകളുടെ സഹായത്തോടെയാണ്. ഇന്ന് ഇന്ത്യയുടെ പ്രതിരോധ രംഗത്ത് ഉപയോഗിക്കുന്ന ഈ സെൻസറുകൾ വിദേശരാജ്യങ്ങളുടെ സഹായത്താലാണ് നമുക്ക് ലഭിക്കുന്നത്. അവയുടെ കേടുപാടുകൾ ശരിയാക്കുന്നതിനും ഇന്ത്യ വലിയതോതിൽ വിദേശ സഹായം തേടുന്നു. ഇത് ഈ മേഖലയിൽ വലിയ സാമ്പത്തിക ബാധ്യതയും കാലതാമസവും ഉണ്ടാക്കുന്ന പ്രത്യേക സാഹചര്യത്തിൽ അനന്ത് ടെക്നോളജിയുടെ ഈ സംരംഭം രാജ്യത്തിൻറെ ആത്മ നിർഭർ ഭാരതിലൂന്നിയ വളർച്ചയ്ക്ക് വലിയ കുതിപ്പാണ് നൽകുന്നത്.
2035 ഓടെ സെൻസറുകളുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമ്മാണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഉപഗ്രഹങ്ങൾ, ഇനർഷ്യൽ സെൻസറുകൾ, റഡാർ, വിഷ്വൽ സെൻസറുകൾ തുടങ്ങിയ വിവിധതരം സാങ്കേതിക വിദ്യകളെ ഏകോപിപ്പിക്കാനുള്ള സംവിധാനം, സിവിൽ- മിലിട്ടറി ആവശ്യങ്ങൾക്കായി ഇന്ത്യയുടെ നാവിക് സിസ്റ്റത്തിന്റെ മൊബൈൽ വഴിയും വാഹനങ്ങളുടെ ആവശ്യാർത്ഥവുമായ ഉപയോഗം , സ്വകാര്യ വ്യവസായങ്ങളുടെയും പ്രതിരോധം, ബഹിരാകാശ ഗവേഷണം, അക്കാദമിക് സർവകലാശാലകൾ തുടങ്ങിയവയുടെ സംയുക്ത സംരംഭം എന്നിവയെല്ലാം ഈ സംരംഭത്തിലൂടെ അനന്ത് ടെക്നോളജി ലക്ഷ്യം വയ്ക്കുന്നു
| Ananth Technologies has established a Center of Excellence in Kerala for the indigenous design and manufacturing of critical navigation sensors like gyros and accelerometers, boosting India’s self-reliance in defence and aerospace. |
