ഓപ്പറേഷൻ സാഗർ ബന്ധുവിൽ ശ്രീലങ്കക്ക് താങ്ങും തുണയുമായി ഇന്ത്യ . ശ്രീലങ്കയിൽ വീശിയടിച്ച ഡിറ്റ് വാ ചുഴലിക്കാറ്റ് മൂലമുണ്ടായ പ്രകൃതി ദുരന്തത്തിൽ കഷ്ടപ്പെടുന്ന ജനങ്ങൾക്ക് മാനുഷിക സഹായവും ദുരന്ത നിവാരണ പ്രവർത്തനങ്ങളും ഉറപ്പാക്കാൻ ഇന്ത്യൻ വ്യോമസേന ‘ഓപ്പറേഷൻ സാഗർ ബന്ധു’ ദൗത്യം തുടരുന്നു. ദക്ഷിണ വ്യോമസേന ആസ്ഥാനത്തിൻ്റെ മേൽനോട്ടത്തിൽ Mi-17V5 മീഡിയം ലിഫ്റ്റ് ഹെലികോപ്റ്ററുകളും ഗരുഡ് സ്പെഷ്യൽ ഫോഴ്സിന്റെ അംഗങ്ങളെയും കൊളംബോയിലേക്ക് വിന്യസിച്ചു,
ദ്വീപ് രാജ്യത്തേക്ക് രക്ഷാ സാമഗ്രികൾ എത്തിക്കുന്നതിനും എൻഡിആർഎഫ് ടീമുകളെ എത്തിക്കുന്നതിനും ഉപയോഗിച്ച ഇന്ത്യൻ വ്യോമസേനയുടെ ഐഎൽ -76, സി -130 ജെ ഹെവി ലിഫ്റ്റ് വിമാനങ്ങൾ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ വലിയ തോതിൽ ഒഴിപ്പിച്ചു. ഈ വിമാനങ്ങൾ കൊളംബോയിൽ നിന്ന് തിരുവനന്തപുരത്തേക്ക് നവംബർ 30 രാത്രി 7.30 ന് 355 ലധികം ഇന്ത്യക്കാരെ എത്തിച്ചു.

ശ്രീലങ്കൻ അധികൃതരുമായി ഏകോപിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ ഹെലികോപ്റ്ററുകൾ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഒറ്റപ്പെട്ടുക്കിടക്കുന്ന പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെയും പരിക്കേറ്റവരെയും രക്ഷിക്കുന്നതിനുള്ള ഒട്ടനവധി ദൗത്യങ്ങൾ നടത്തിക്കഴിഞ്ഞു. അതിനു പുറമേ വ്യോമസേനയുടെ ഹെലികോപ്ടറുകളിൽ ശ്രീലങ്കൻ സൈന്യത്തെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് വിന്യസിച്ചു. ഒന്നിലധികം ദൗത്യങ്ങൾ നടത്തിക്കൊണ്ട് വ്യോമസേന ഹെലികോപ്റ്ററുകൾ ശ്രീലങ്കയുടെ മധ്യ പ്രവിശ്യയിലെ മണ്ണിടിച്ചിലിൽ തകർന്ന പ്രദേശമായാ കോട്മലയിലേക്ക് ദിയതലാവ ആർമി ക്യാമ്പിൽ നിന്നും കൊളംബോയിൽ നിന്നും 57 ശ്രീലങ്കൻ ആർമി ഉദ്യോഗസ്ഥരെ എത്തിച്ചു. ഇന്ത്യൻ വ്യോമസേന ഗരുഡ് കമാൻഡോകളെ ഒറ്റപ്പെട്ടുപോയ സാധാരണക്കാരുടെ അടുത്തേക്ക് ഇറക്കി, തുടർന്ന് ഇവരെ മുൻകൂട്ടി നിശ്ചയിച്ച ലാൻഡിംഗ് സൈറ്റുകളിലേക്ക് കൊണ്ടുപോകുകയും അവരെ ഹെലികോപ്റ്റർ മാർഗ്ഗം സുരക്ഷിത സ്ഥലത്ത് എത്തിച്ചു. ഈ ദൗത്യത്തിലൂടെ ശ്രീലങ്കൻ പൗരൻമാർ, ഇന്ത്യക്കാർ, വിദേശ പൗരന്മാർ, എന്നിവരുൾപ്പെടെ ആകെ 55 സിവിലിയന്മാരെ കൊളംബോയിലേക്ക് വിജയകരമായി ഒഴിപ്പിച്ചു.
ഓപ്പറേഷൻ സാഗർ ബന്ധു വഴി ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നതിനു ഇന്ത്യൻ വ്യോമസേന പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്. കൂടാതെ ശ്രീലങ്കയിലെ ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളിൽ സഹായിക്കുന്നതിന് ആവശ്യമായ പിന്തുണ നൽകുന്നത് തുടരും എന്ന് വ്യോമ സേനാ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Indian Air Force launches ‘Operation Sagar Bandhu’ to provide humanitarian aid and disaster relief in cyclone-hit Sri Lanka, deploying Mi-17V5 and Garud Special Force.
