മൊബൈൽ ഫോണുകളിൽ സഞ്ചാർ സാഥി ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാക്കളും സൈബർ വിദഗ്ധരും അടക്കം നീക്കത്തെ വിമർശിച്ചു രംഗത്തെത്തിയിരിക്കുകയാണ്. എന്നാൽ സഞ്ചാർ സാഥി ആപ്പ് നിർബന്ധമല്ലെന്നും, സ്മാർട്ഫോണുകളിൽ ടെലികോം വകുപ്പിന്റെ ‘സഞ്ചാർ സാഥി’ മൊബൈൽ ആപ് ഓപ്ഷണലായിരിക്കുമെന്നും കമ്യൂണിക്കേഷൻസ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. ഫോണിൽ ഈ ആപ്പ് ഉപയോഗിക്കാൻ താൽപര്യമുള്ളവർക്ക് ഉപയോഗിക്കാമെന്നും അല്ലാത്തവർക്ക് ഡിലീറ്റ് ചെയ്യാമെന്നും മന്ത്രി പറഞ്ഞു.
മൊബൈൽ ഫോൺ കമ്പനികൾക്ക് സഞ്ചാർ സാഥി ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് നിർദേശം നൽകിയതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വ്യാജ ഹാൻഡ്സെറ്റുകൾ വാങ്ങുന്നതിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതിനും ടെലികോം റിസോഴ്സുകളുടെ ദുരുപയോഗം റിപ്പോർട്ട് ചെയ്യുന്നതിനും ലക്ഷ്യമിട്ടുള്ള സുരക്ഷാ ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്ന് സ്മാർട്ട്ഫോൺ നിർമാതാക്കളോട് ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടതായാണ് അറിയിച്ചത്. കേന്ദ്ര സർക്കാരിന്റെ സഞ്ചാർ സാഥി ആപ്പിനെ പൗരന്മാരുടെ മൊബൈൽ ഫോണുകൾ ചോർത്തുന്നതിനുള്ള ഉപകരണം എന്നും ഇന്ത്യയെ സ്വേച്ഛാധിപത്യത്തിലേക്ക് മാറ്റുന്നതിനുള്ള ചുവടുവയ്പ്പാണെന്നുമാണ് കോൺഗ്രസ് പാർലമെന്റ് അംഗം പ്രിയങ്ക ഗാന്ധി വിശേഷിപ്പിച്ചത്. നേരത്തെ, കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ആപ്പിനെ ‘ഡിസ്റ്റോപ്പിയൻ’ ഉപകരണം എന്ന് വിശേഷിപ്പിച്ചിരുന്നു.

പ്രതിപക്ഷത്തിന്റെ വിമർശനങ്ങളിൽ കഴമ്പുണ്ട് എന്ന തരത്തിലാണ് വിദഗ്ധരുടെ വിലയിരുത്തലുകൾ. വ്യാജ ഹാൻഡ്സെറ്റ് പ്രശ്നം പരിഹരിക്കുന്നതിൽ സഞ്ചാർ സാഥി ആപ്പ് മികച്ച ഉപകരണമാണെങ്കിലും, നിർണായകമായ വിടവുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് സൈബർ സുരക്ഷാ വിദഗ്ധർ പറയുന്നു. സഞ്ചാർ സാഥിയും സിം-ബൈൻഡിംഗ് മാൻഡേറ്റുകളും ‘മാസ് വോളിയം’ തട്ടിപ്പ് പരിഹരിക്കുന്നതിൽ മികച്ചതാണ്. വ്യാജ ഹാൻഡ്സെറ്റുകളുടെയും ബ്ലാക്ക്ലിസ്റ്റ് ചെയ്ത ഐഎംഇഐകളുടെയും വിതരണ ശൃംഖലയെ അവ ഫലപ്രദമായി തടുക്കും. എന്നാൽ ആപ്പിൽ നിരവധി സുരക്ഷാ വിടവുകൾ ശേഷിക്കുന്നതായി സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
അക്കോപ്സ് സിഇഒ വിജയേന്ദ്ര യാദവിന്റെ അഭിപ്രായത്തിൽ, ആപ്പ് ‘മാസ് വോള്യം’ തട്ടിപ്പുകളായ വ്യാജ ഹാൻഡ്സെറ്റുകൾ, വ്യാജ ഐഎംഇഐകൾ, ലൂസ് കെവൈസി സിമ്മുകൾ എന്നിവ തടയാനാണ് ഫലപ്രദമാകുക. എന്നാൽ ‘ഓതറൈസ്ഡ് ഫ്രോഡിനെതിരെ’ ഫലപ്രദമല്ല എന്നതു പോലുള്ള പ്രധാന പോരായ്മകൾ ആപ്പിനുണ്ട്. യഥാർത്ഥ ഫോൺ, യഥാർത്ഥ സിം ഉപയോഗിച്ചിട്ടും — മ്യൂൾ അക്കൗണ്ടുകൾ (മറ്റൊരാളുടെ പേരിൽ തുറക്കുന്ന തട്ടിപ്പ് അക്കൗണ്ടുകൾ), ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ എന്നിവയിൽ ഉപയോക്താവ് ഭീഷണിപ്പെടുത്തപ്പെടുന്ന സാഹചര്യങ്ങളിൽ ആപ്പിന് ഒന്നും ചെയ്യാൻ കഴിയില്ല. ഒരു ഉപകരണം നിയമാനുസൃതമാണോ എന്ന് പരിശോധിക്കാൻ നിയമങ്ങൾ സഹായിക്കും. പക്ഷേ ഉപഭോഗത്തിന്റെ യഥാർത്ഥ ഉദ്ദേശം ദുഷ്പ്രവൃത്തിയാണോ എന്ന് കണ്ടെത്താൻ ഇതിലൂടെ കഴിയില്ലെന്നും യാദവ് ചൂണ്ടിക്കാട്ടുന്നു. സിം-സ്വാപ്പ്, ഫിഷിങ്, മാൽവെയർ, റിമോട്ട് ആക്സസ് ടൂളുകൾ എന്നിവയിലൂടെ നടക്കുന്ന അക്കൗണ്ട് ടെയ്ക്ക് ഓവർ തട്ടിപ്പുകളും ആപ്പിന് തടയാനാകില്ലെന്നും അദ്ദേഹം പറയുന്നു.
ലോ-എൻഡ് തട്ടിപ്പുകൾ തടഞ്ഞാലും, സോഷ്യൽ എഞ്ചിനീയറിംഗ് തട്ടിപ്പുകൾ, അക്കൗണ്ട് ടെയ്ക്ക് ഓവർ പോലുള്ള പ്രധാന മേഖലകളിൽ ഇവയ്ക്ക് യാതൊരു സ്വാധീനവും ഉണ്ടാക്കാനാകില്ലെന്ന് ആഡ് ഫ്രോഡ് പ്രതിരോധ കമ്പനിയായ mFilterIt സഹസ്ഥാപകൻ അമിത് റിലാൻ ചൂണ്ടിക്കാട്ടുന്നു. സങ്കീർണ സൈബർ ആക്രമണം ഇനി ‘മൾട്ടി-വെക്ടർ’ രീതിയിലേക്കാണ് മാറുന്നതെന്നും, സഞ്ചാർ സാഥി ആപ്പ് ഒരു തരത്തിലും അവയ്ക്കെതിരെ ഫലപ്രദമാകില്ലെന്നും IDfy സീനിയർ പ്രോഡക്റ്റ് മാനേജർ നിഖിൽ ഝാൻജി അഭിപ്രായപ്പെട്ടു. തട്ടിപ്പുകാർ ഇപ്പോൾ ലീക്കായ ഡാറ്റ, വേഗത്തിലുള്ള ഓട്ടോമേറ്റഡ് ആക്രമണങ്ങൾ എന്നിവ ഉപയോഗിച്ച് സുരക്ഷാ സംവിധാനങ്ങളെ മറികടക്കുകയാണ്. മൊബൈൽ ഐഡന്റിറ്റി സംവിധാനത്തിൽ ഇപ്പോഴും വലിയ ദൗർബല്യങ്ങൾ ഉണ്ടെന്ന് വെളിപ്പെടുത്തുന്നതിലൂടെ ആപ്പ് ക്രിമിനൽ പ്രവർത്തനങ്ങൾക്ക് വഴി തുറന്നുകൊടുക്കുന്ന സാഹചര്യം സൃഷ്ടിക്കാനിടയുണ്ട് എന്നും ഝാൻജി മുന്നറിയിപ്പു നൽകി.
ചുരുക്കത്തിൽ സഞ്ചാർ സാഥി ആപ്പിലൂടെ വ്യാജ ഫോണുകൾ, വ്യാജ ഐഎംഇഐ, ലൂസ് കെവൈസി സിം എന്നിവ തടയാമെങ്കിലും സിം-സ്വാപ്പ് ഫ്രോഡ്, ഒടിപി/ഫിഷിംഗ്/മാൽവെയർ, റിമോട്ട് ആക്സസ് ടൂൾസ്, സോഷ്യൽ എൻജിനീയറിംഗ് തട്ടിപ്പുകൾ, ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ, മ്യൂൾ അക്കൗണ്ടുകൾ എന്നിവ തടയാനാകില്ല. അതേസമയം, ആപ്പിന്റെ തെറ്റായ ഉപയോഗത്തിലൂടെ ആശങ്കാജനകമായ ദുരുപയോഗ സാധ്യതകളും ഉയർന്നേക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
Communications Minister clarifies Sanchar Saathi is optional. Experts warn the app only tackles fake phones/IMEIs, not major security risks like SIM-swap, phishing, or mule account scams.
