റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ഇന്ത്യാ സന്ദർശനത്തോട് അനുബന്ധിച്ച് പ്രതിരോധ സഹകരണം അവലോകനം ചെയ്യുന്നതിന് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. നേരത്തേ, റഷ്യയുടെ എസ്-400 മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ആധുനികവും ശക്തവുമായ എസ്-500 സംവിധാനം വാങ്ങാനുള്ള ഇന്ത്യയുടെ നീക്കം പ്രധാന ചർച്ചയാകുമെന്ന് വാർത്തയുണ്ടായിരുന്നു. എന്നാൽ രണ്ടോ മൂന്നോ അധിക എസ്-400 ട്രയംഫ് റെജിമെന്റുകൾ വാങ്ങുന്നതിലാണ് പ്രാഥമിക ശ്രദ്ധ കേന്ദ്രീകരിക്കുയെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

റഷ്യ ഇതുവരെ ഒരു രാജ്യത്തേക്കും എസ്-500 പ്രൊമിത്യൂസ് വ്യോമ, മിസൈൽ പ്രതിരോധ സംവിധാനം കയറ്റുമതി ചെയ്തിട്ടില്ല. വരാനിരിക്കുന്ന ചർച്ചകളിൽ എസ്-500നെക്കുറിച്ചുള്ള ചർച്ചകൾ നടക്കുമെങ്കിലും, ഉടനടി കരാറൊന്നും പ്രതീക്ഷിക്കേണ്ടതില്ലായെന്ന് ഇന്ത്യൻ ഡിഫൻസ് റിസേർച്ച് വിംഗ് റിപ്പോർട്ട് ചെയ്യുന്നു. അധിക എസ്-400 സിസ്റ്റങ്ങളെ കേന്ദ്രീകരിച്ചാകും ചർച്ചകൾ. 2025 മെയ് മാസത്തിൽ നടന്ന ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ ഉപയോഗിച്ച മിസൈലുകൾക്ക് പകരമായി ഏകദേശം 300 എസ്-400 ഉപരിതല-വ്യോമ മിസൈലുകൾ കൂടി വാങ്ങുന്നതിനും വികസിപ്പിച്ച റെജിമെന്റ് ഇൻവെന്ററിക്കായി കൂടുതൽ യുദ്ധ കരുതൽ ശേഖരം നിർമിക്കുന്നതിനുമായി ഇന്ത്യ ഫോളോ-ഓൺ ഓർഡർ നൽകാൻ ഉദ്ദേശിക്കുന്നതായും റിപ്പോർട്ടുണ്ട്.
റഷ്യയിൽ നിന്ന് വാങ്ങിയ എസ്-400 മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ മികവ് ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്ക്ക് ബോധ്യമായിരുന്നു. പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ നട്ടെല്ലായി പ്രവർത്തിച്ച വ്യോമ പ്രതിരോധ സംവിധാനമാണ് ഇന്ത്യ സുദർശൻ ചക്ര എന്ന് പേരിട്ടിരിക്കുന്ന എസ്-400. കപ്പൽ നിർമാണം, സംയുക്തമായി വികസിപ്പിച്ച ആയുധ സംവിധാനങ്ങൾ എന്നിവയെക്കുറിച്ചും ഇരുരാജ്യങ്ങളും ചർച്ച നടത്തും.
India and Russia are prioritizing discussions for purchasing 2-3 additional S-400 Triumf regiments and missiles, with an immediate S-500 Prometey deal not expected during the current defense talks.
