സുസ്ഥിര വികസനത്തിന് ഉത്തേജനം നല്കുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഈ ശ്രമങ്ങളില്‍ ഇന്ത്യന്‍ നാവികസേന നിര്‍ണായ പങ്ക് വഹിക്കുന്നതായും രാഷ്ട്രപതി ദ്രൗപതി മുര്‍മു. കടല്‍ വഴികള്‍ സുരക്ഷിതമാക്കിയും സമുദ്ര വിഭവങ്ങള്‍ സംരക്ഷിച്ചും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞും സമുദ്ര ഗവേഷണത്തെ പിന്തുണച്ചും നാവികസേന രാജ്യത്തിന് കരുത്തേകുന്നതായും രാഷ്ട്രപതി പറഞ്ഞു. ശംഖുമുഖത്ത് നടന്ന നാവികസേനാ ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

ഇന്ത്യൻ നാവിക സേനയുടെ കരുത്തു ഒന്ന് കൂടി വിളിച്ചോതുന്ന യുദ്ധ അഭ്യാസ പ്രകടനങ്ങളും രാഷ്ട്രപതി വീക്ഷിച്ചു.
ആധുനികവല്‍ക്കരണവും പുതിയ സാങ്കേതികവിദ്യകളുടെ വികസനവും അവയുടെ പൊരുത്തപ്പെടുത്തലും ഏതൊരു സായുധ സേനയുടെയും പോരാട്ട സന്നദ്ധതയ്ക്ക് നിര്‍ണായകമാണ്. ഇന്ത്യയില്‍ തന്നെ സങ്കീര്‍ണമായ പ്ലാറ്റ്ഫോമുകള് രൂപകല്‍പ്പന ചെയ്യാനും നിര്‍മ്മിക്കാനുമുള്ള കഴിവ് നമ്മുടെ നാവികസേനക്കുണ്ട്. വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തും മറ്റു യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും ഇതിനു ഉദാഹരണങ്ങളാണ്. ഇവ തദ്ദേശീയമായി വികസിപ്പിക്കുന്നതിലൂടെ ദേശീയ സുരക്ഷ ശക്തിപ്പെടുത്താനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാകും. തദ്ദേശീയ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ച് വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഇന്ത്യന്‍ നാവികസേന ഊര്‍ജം പകരുകയാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ മഹാസമുദ്ര മേഖല വളരെ തന്ത്രപ്രധാനമാണ്. ആഗോള ഊര്‍ജ വിതരണത്തിനും വ്യാപാരത്തിനുമുള്ള ഒരു മാര്‍ഗമാണിത്. ഇന്ത്യ ഇതിന്റെ കേന്ദ്രസ്ഥാനത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ഈ മേഖലയിലെ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതില്‍ നമുക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ട്. നമ്മുടെ അയല്ക്കാര്ക്ക് സഹായം എത്തിച്ചും സമുദ്ര അവബോധം പ്രോത്സാഹിപ്പിച്ചും അന്താരാഷ്ട്ര സമുദ്ര സമൂഹത്തിന് സുരക്ഷ ഉറപ്പാക്കിയും നമ്മുടെ അതിര്‍ത്തിക്കുള്ളില്‍ മാത്രമല്ല, വിശാലമായ ഇന്ത്യന്‍ മഹാസമുദ്രത്തിലുടനീളവും നാവിക സേന പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു.
| President Murmu highlights the Indian Navy’s critical role in advancing the Blue Economy by securing sea lanes and developing indigenous platforms like INS Vikrant, crucial for national security and job creation. |
