ജോലി, പഠനം, ദീർഘകാല താമസം എന്നിവ ലക്ഷ്യമിട്ട് അമേരിക്ക ലക്ഷ്യം വെയ്ക്കുന്ന ഇന്ത്യക്കാർക്ക് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലം ഇരട്ട യാഥാർത്ഥ്യം സൃഷ്ടിക്കുകയാണ്. ഉയർന്ന വൈദഗ്ധ്യമുള്ള ജോലിക്കാരെ തന്ത്രപ്രാധാന്യമുള്ള വ്യവസായങ്ങളിലേക്ക് ആകർഷിക്കുമെന്ന് ഭരണകൂടം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, 2024–2025 കാലത്തെ നയമാറ്റങ്ങൾ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് കൂടുതൽ തടസ്സങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. പ്രതിഭ ആവശ്യമാണ് എന്നത് ഭരണകൂടത്തിന്റെ വാക്കായിരിക്കുമ്പോഴും സ്ഥിരതയുള്ള പാതകൾ തടസ്സപ്പെടുന്നതാണ് യാഥാർത്ഥ്യം.

സെമികണ്ടക്ടർ പോലുള്ള ഉയർന്ന വൈദഗ്ധ്യം ആവശ്യമായ മേഖലകളിൽ സാധാരണ തൊഴിലാളികളെ ഉപയോഗിച്ച് പ്ലാന്റുകൾ ഓടിക്കാനാകില്ലെന്നും വിദഗ്ധരെ കൊണ്ടുവന്ന് അമേരിക്കക്കാരെ ചിപ്പ് നിർമാണം പഠിപ്പിക്കണമെന്നുമാണ് ട്രംപ് വ്യക്തമാക്കിയിരുന്നത്. 2024 ജൂണിൽ ഓൾ ഇൻ പോഡ്കാസ്റ്റ് അഭിമുഖത്തിലും, യുഎസ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടുന്നവർക്ക് നേരിട്ട് ഗ്രീൻകാർഡ് നൽകണം എന്ന ആശയം അദ്ദേഹം വീണ്ടും മൂന്നോട്ടുവെച്ചു. ഇതിൽ ഏറ്റവും കൂടുതൽ പ്രാതിനിധ്യം വഹിക്കുന്നത് ഇന്ത്യക്കാരാണ്.
വാഗ്ദാനങ്ങൾക്കു വിരുദ്ധമായി, ട്രംപ് ഭരണകൂടം നിയമങ്ങൾ കൂടുതൽ കടുപ്പിക്കുന്ന സമീപനമാണ് തുടരുന്നത്. 2024–25 കാലഘട്ടത്തിൽ ഇന്ത്യൻ തൊഴിലാളികൾക്കാണ് ഏറ്റവും വലിയ തിരിച്ചടികൾ ഉണ്ടായത്. വിദേശത്ത് നിന്ന് വരുന്ന H-1B തൊഴിലാളികൾക്ക് 100,000 ഡോളറിന്റെ പുതിയ എൻട്രി ഫീസ്, ഉയർന്ന വേതനപരിധി, സ്പെഷ്യാലിറ്റി ക്ക്യുപേഷൻ മാനദണ്ഡങ്ങളിലെ കർശനത, H-4 ഭർത്താവിനും ഭാര്യയ്ക്കും ലഭിച്ചിരുന്ന ഓട്ടോമാറ്റിക് വർക്ക് പെർമിറ്റ് നീട്ടൽ അവസാനിപ്പിച്ചത്, എയർപോർട്ടുകളിലെ കർശന പരിശോധന—ഇവയൊക്കെ ഇന്ത്യൻ കുടുംബങ്ങളിൽ വലിയ അനിശ്ചിതത്വത്തിന് കാരണമായി. എൻഎഫ്എപിയുടെ 2025 ഡാറ്റ അനുസരിച്ച് പുതിയ H-1B അനുമതികളിൽ ആമസോൺ (4,644) ഒന്നാമതും, പിന്നാലെ മെറ്റാ, മൈക്രോസോഫ്റ്റ്, ഗൂഗിൾ എന്നിവയുമാണ്. ഇന്ത്യൻ ഐടി കമ്പനികൾക്ക് 2015 മുതൽ 70 ശതമാനം വരെ ഇടിവാണ്. സ്പോൺസർഷിപ്പ് ചിലവ് 34,900 ഡോളർ വരെ ഉയർന്നു- ഗ്രീൻകാർഡ് ഉൾപ്പെടുത്തിയാൽ ഇത് ഏകദേശം 50,000 ഡോളർ വരെയാകും.
ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് (OPT) പദ്ധതിയും ഇപ്പോൾ ഭീഷണിയിലാണ്. STEM മേഖലയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മൂന്ന് വർഷം വരെ യുഎസിൽ ജോലി ചെയ്യാൻ അവസരം നൽകുന്ന ഈ പദ്ധതി നീക്കം ചെയ്യുകയോ ശക്തമായി ചുരുക്കുകയോ ചെയ്യാനുള്ള ഡിഎച്ച്എസ് നിർദേശം 2025 അവസാനത്തോടെ പുറത്തിറങ്ങാനാണ് സാധ്യത. വർഷംതോറും ഏകദേശം 2.5 ലക്ഷം വിദ്യാർത്ഥികളെ, പ്രത്യേകിച്ച് ഇന്ത്യക്കാരെ, ഇത് ബാധിക്കും. ട്രംപിന്റെ രണ്ടാം കാലാവധിയിൽ ഒപ്പുവച്ച ഏറ്റവും വിവാദ ഉത്തരവുകളിൽ ഒന്നാണ് ജനനപൗരത്വം ചുരുക്കൽ. താൽക്കാലിക വിസയിലോ നിയമവിരുദ്ധ താമസത്തിലോ ഉള്ള മാതാവിനാണ് കുട്ടി ജനിക്കുന്നതെങ്കിൽ, പിതാവ് യുഎസ് പൗരനോ ഗ്രീൻകാർഡുകാരനോ അല്ലെങ്കിൽ, ജനനം മൂലമുള്ള പൗരത്വം ഇനി ലഭിക്കില്ലെന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്. H-1B, H-4, F-1, L-1 വിസകളിൽ കഴിയുന്ന ആയിരക്കണക്കിന് ഇന്ത്യൻ കുടുംബങ്ങൾക്ക് ഇത് ആശങ്കകൾ സൃഷ്ടിക്കുന്നു.
അമേരിക്കൻ സമ്പദ്വ്യവസ്ഥ ഉയർന്ന വൈദഗ്ധ്യമുള്ള കുടിയേറ്റത്തെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നുവെന്ന് 2025ലെ അമേരിക്കൻ ഇമിഗ്രേഷൻ കൗൺസിൽ പഠനം വ്യക്തമാക്കുന്നു. സാങ്കേതികവിദ്യ, ആരോഗ്യരംഗം, ഗവേഷണം തുടങ്ങിയ മേഖലകളിൽ വിദേശപ്രതിഭകൾ നിർണായകമാണ്. കൊളംബിയ ബിസിനസ് സ്കൂൾ മാർച്ച് 2025ൽ നടത്തിയ പഠനവും ഇതേ നിലപാട് ശക്തിപ്പെടുത്തുന്നതാണ്. ഇമിഗ്രന്റുകൾ തദ്ദേശീയരുടെ തൊഴിലിൽ തിരിച്ചടിയല്ല; മറിച്ച് പുതുമ, സ്റ്റാർട്ടപ്പുകൾ, ഉത്പാദനക്ഷമത, തൊഴിൽവളർച്ച എന്നിവയിലൂടെ അമേരിക്കൻ സമ്പദ്വ്യവസ്ഥയെ മുന്നോട്ടു നയിക്കുന്നതാണ് എന്നാണ് പഠനത്തിലെ നിരീക്ഷണം. ഈ പശ്ചാത്തലത്തിൽ നോക്കുമ്പോൾ, ട്രംപിന്റെ രണ്ടാം ഭരണകാലത്ത് ഇന്ത്യൻ പ്രൊഫഷണലുകളും വിദ്യാർത്ഥികളും “സ്വാഗതം—പക്ഷെ നിബന്ധനകളോടെ” എന്ന നിലയിലാണെന്ന് വ്യക്തമാകുന്നു. ഇന്ത്യൻ പ്രതിഭ അമേരിക്കയ്ക്കു ആവശ്യമായിരിക്കുമ്പോഴും, ദീർഘകാല സ്ഥിരതയിലേക്ക് നയിക്കുന്ന പാതകളെ ഭരണനയങ്ങൾ കൂടുതൽ ചുരുക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.
Donald Trump’s new policies create hurdles for Indian professionals seeking US jobs and residency. While promising skilled workers, new fees and rules severely restrict H-1B and OPT, causing uncertainty for thousands of families.
