ആർട്ടിക് സംബന്ധിയായ വിഷയങ്ങളിൽ പതിവ് ഉഭയകക്ഷി കൂടിയാലോചനകൾക്ക് ഇന്ത്യയും റഷ്യയും പ്രതിജ്ഞാബദ്ധരാണെന്ന് പ്രഖ്യാപിച്ച് ഇന്ത്യ-റഷ്യ ഉച്ചകോടി. കൂടാതെ വടക്കൻ കടൽ പാതയിലെ ബഹുമുഖ ഉഭയകക്ഷി സഹകരണത്തിൽ കൈവരിച്ച പുരോഗതിയേയും ഉച്ചകോടി സ്വാഗതം ചെയ്തു. ഉച്ചകോടിയിൽ സാമ്പത്തിക പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയും ഇരുപക്ഷവും ആവർത്തിച്ച് വ്യക്തമാക്കി.
1920ൽ ബ്രിട്ടീഷ് സർക്കാർ സ്വാൽബാർഡ് ഉടമ്പടിയിൽ ഒപ്പുവെച്ചതുമുതൽ, സ്വതന്ത്ര രാജ്യമായി നിലനിൽക്കുന്നതിന് മുമ്പുതന്നെ ഇന്ത്യ ആർട്ടിക് മേഖലയിൽ ശാസ്ത്രീയ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇത് സ്വാൽബാർഡ് ദ്വീപസമൂഹത്തിന്മേൽ നോർവേയ്ക്ക് പരമാധികാരം നൽകിയെങ്കിലും, 48 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും കമ്പനികൾക്കും വേട്ടയാടൽ, മീൻപിടുത്തം, ഖനനം തുടങ്ങിയ സൈനികേതര, വാണിജ്യ, ശാസ്ത്രീയ പ്രവർത്തനങ്ങൾ നടത്തുന്നതിന് തുല്യ അവകാശങ്ങൾ നൽകുന്നു, അതേസമയം സൈനിക താവളങ്ങൾ നിരോധിക്കുന്നു.

തമിഴ്നാട്ടിലെ കൂടംകുളത്തെ പ്ലാന്റിന്റെ പ്രവർത്തനം പൂർണ ശേഷിയിലെത്തിക്കുന്നത് ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടൊപ്പം ഡൽഹിയിൽ നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ പുടിൻ വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ ആണവനിലയമാണ് കൂടംകുളം ആണവനിലയം. കൂടംകുളത്തിന് ശേഷം രണ്ടാമത്തെ ആണവ നിലയത്തിന് സ്ഥലം അനുവദിക്കാനും ഇന്ത്യ ശ്രമിക്കും. കഴിഞ്ഞ എട്ട് പതിറ്റാണ്ടുകളായി ലോകം കണ്ട പ്രക്ഷുബ്ധതകൾക്കിടയിലും, പരസ്പര ബഹുമാനത്തിലും വിശ്വാസത്തിലും ഊന്നിനിൽക്കുന്ന ഇന്ത്യ-റഷ്യ ബന്ധം ധ്രുവനക്ഷത്രം പോലെ നിലനിൽക്കുന്നതായി റഷ്യൻ പ്രസിഡന്റ് പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ആരോഗ്യം, കുടിയേറ്റം, സമുദ്ര സഹകരണം എന്നിവയുൾപ്പെടെ ഒരു ഡസനിലധികം കരാറുകളിലും ധാരണാപത്രങ്ങളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. 2030ഓടെ വ്യാപാരം 100 ബില്യൺ ഡോളറായി ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്ന സാമ്പത്തിക സഹകരണത്തിനുള്ള ചട്ടക്കൂടും അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള ഇന്ധനത്തിന്റെ തടസ്സമില്ലാത്ത കയറ്റുമതി തുടരാൻ റഷ്യ തയ്യാറാണെന്ന് പുടിൻ വ്യക്തമാക്കി.
ഇന്ത്യയുടെ ഊർജ വികസനത്തിന് ആവശ്യമായ എണ്ണ, വാതകം, കൽക്കരി തുടങ്ങിവയുടെ വിശ്വസനീയമായ വിതരണക്കാരാണ് റഷ്യയെന്ന് പുടിൻ പറഞ്ഞു. ഊർജ താൽപര്യങ്ങൾ സുരക്ഷിതമാക്കുന്നതിലും എണ്ണ വിലയിലെ സ്ഥിരതയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, വൈവിധ്യവൽകരണത്തിന്റെ ആവശ്യകത മനസ്സിലാക്കിക്കൊണ്ട്, പഴയതോ പുതിയതോ ആയ ഊർജ പങ്കാളികളെ ഇന്ത്യ നിലനിർത്തി. മെയ്ക്ക് ഇൻ ഇന്ത്യ സംരംഭവും പൈതൃക സഹകരണവും ഉൾപ്പെടെയുള്ള പ്രതിരോധത്തെക്കുറിച്ച് പൊതു ചർച്ച നടന്നപ്പോൾ, റഷ്യയിലേക്കുള്ള കൂടുതൽ ഇന്ത്യൻ കയറ്റുമതി സുഗമമാക്കുന്നതിലൂടെ സാമ്പത്തിക സഹകരണത്തിലും സന്തുലിതവും സുസ്ഥിരവുമായ വ്യാപാരം ഉറപ്പാക്കാനുള്ള ശ്രമങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പറഞ്ഞു.
യുറേഷ്യൻ സാമ്പത്തിക യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാർ എത്രയും വേഗം അവസാനിപ്പിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളെ ഇരു നേതാക്കളും ശക്തമായി പിന്തുണച്ചു. സിവിൽ ആണവ സഹകരണത്തിന്റെ പ്രാധാന്യം മോഡി അടിവരയിട്ടു. ഇന്ത്യ-റഷ്യ പങ്കാളിത്തത്തിന്റെ ശക്തവും സുപ്രധാനവുമായ സ്തംഭമാണ് ഊർജ സുരക്ഷയെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എട്ട് പതിറ്റാണ്ടുകളായി ലോകം നിരവധി ഉയർച്ച താഴ്ചകൾക്ക് സാക്ഷ്യം വഹിച്ചു. മാനവികത നിരവധി വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിട്ടിട്ടുണ്ട്. എന്നിരുന്നാലും, ഇതെല്ലാം കടന്നുപോകുമ്പോഴും ഇന്ത്യ-റഷ്യ സൗഹൃദം വഴികാട്ടി നക്ഷത്രം പോലെ സ്ഥിരത പുലർത്തുന്നു. പരസ്പര ബഹുമാനത്തിലും ആഴത്തിലുള്ള വിശ്വാസത്തിലും കെട്ടിപ്പടുത്ത ബന്ധം കാലത്തിന്റെ പരീക്ഷണത്തെ അതിജീവിച്ചു. 2030 വരെയുള്ള പുതിയ സാമ്പത്തിക സഹകരണ പരിപാടി വ്യാപാരത്തെയും നിക്ഷേപത്തെയും വൈവിധ്യപൂർണവും സന്തുലിതവുമാക്കുമെന്നു മോഡി പറഞ്ഞു. ലോകമെമ്പാടും സുരക്ഷിതവും വൈവിധ്യപൂർണവുമായ വിതരണ ശൃംഖലകൾ ഉറപ്പാക്കുന്നതിന് നിർണായക ധാതുക്കളിലെ സഹകരണം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
റഷ്യൻ പൗരന്മാർക്ക് 30 ദിവസത്തെ സൗജന്യ ഇ-ടൂറിസ്റ്റ് വിസയും 30 ദിവസത്തെ ഗ്രൂപ്പ് ടൂറിസ്റ്റ് വിസയും ഇന്ത്യ പ്രഖ്യാപിച്ചു. മാൻപവർ മൊബിലിറ്റി കരാർ ഇരു രാജ്യങ്ങൾക്കും പുതിയ ശക്തിയും പുതിയ അവസരങ്ങളും സൃഷ്ടിക്കുമെന്ന് മോഡി ചൂണ്ടിക്കാട്ടി. റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന ഇന്ത്യക്കാരെ നേരത്തെ മോചിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മോഡി ഉന്നയിച്ചു. സമകാലിക ആഗോള യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതിനായി യുഎൻ സുരക്ഷാ കൗൺസിലിന്റെ സമഗ്രമായ പരിഷ്കരണത്തിന് ഇരുപക്ഷവും ആഹ്വാനം ചെയ്തപ്പോൾ, പരിഷ്കരിച്ച കൗൺസിലിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് റഷ്യ ഉറച്ച പിന്തുണ പ്രഖ്യാപിച്ചു.
ബ്രിക്സിലേയും എസ്സിഒയിലേയും സമാന ചിന്താഗതിക്കാരായ രാജ്യങ്ങളുമായി ചേർന്ന് റഷ്യയും ഇന്ത്യയും സ്വതന്ത്ര വിദേശനയം പിന്തുടരുന്നുണ്ടെന്നും കൂടുതൽ നീതിയുക്തവും ജനാധിപത്യപരവുമായ ബഹുധ്രുവ ലോകക്രമം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും പുടിൻ പറഞ്ഞു. യുഎൻ ചാർട്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്ന അന്താരാഷ്ട്ര നിയമത്തിന്റെ പ്രധാന തത്വങ്ങളെ ഇരുരാജ്യങ്ങളും സംരക്ഷിക്കുന്നു. ഏതൊരു രാജ്യത്തിന്റെയും സ്വന്തം വികസന പാതയ്ക്കുള്ള അവകാശവും അവരുടെ സാംസ്കാരിക നാഗരിക സ്വത്വത്തിന്റെ സംരക്ഷണവും അവയിൽ വരുന്നു. ഇതോടൊപ്പം പരമാധികാരത്തോടുള്ള ബഹുമാനവും, ലോക സമൂഹത്തിലെ എല്ലാ പങ്കാളികളുടെയും താൽപര്യങ്ങളുടെ ശ്രദ്ധാപൂർവ്വമായ സന്തുലിതാവസ്ഥയും അവയിൽ ഉൾപ്പെടുന്നതായും പുടിൻ പറഞ്ഞു.
India and Russia reaffirmed commitment to regular Arctic consultations and enhanced cooperation on the Northern Sea Route; India also agreed to explore a site for a second nuclear power plant after Kudankulam.
