തദ്ദേശീയമായി വികസിപ്പിച്ച 4680 ഭാരത് സെൽ ലിഥിയം-അയൺ ബാറ്ററി കരുത്തിൽ S1 Pro+ മോഡലിന്റെ മാസ് ഡെലിവെറി ആരംഭിച്ച് ഓല ഇലക്ട്രിക് (Ola Electric). 46 മില്ലിമീറ്റർ ഡയമീറ്ററും 80 മില്ലിമീറ്റർ ഉയരവുമുള്ള സിലിണ്ട്രിക്കൽ ബാറ്ററി സെല്ലാണ് ഓല 4680 ഭാരത് സെൽ. ഇതോടെ ഇലക്ട്രിക് ഇരുചക്ര വാഹന പോർട്ട്‌ഫോളിയോയിലുടനീളം ചിലവ് കുറയ്ക്കാൻ ലക്ഷ്യമിട്ട് ബാറ്ററി സെല്ലും പായ്ക്കും ഒരുമിച്ച് തദ്ദേശീയമായി നിർമിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി ഓല ഇലക്ട്രിക് മാറിയിരിക്കുകയാണ്.
ഉയർന്ന ശ്രേണി, മികച്ച പ്രകടനം, മെച്ചപ്പെട്ട സുരക്ഷ എന്നിവ വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്ന ഇൻ-ഹൗസ് ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന ആദ്യ മോഡലാണ് S1 Pro+ (5.2 kWh). ഉത്പന്നവും സാങ്കേതികവിദ്യയും രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും കൊണ്ടുപോകാൻ കമ്പനി സജ്ജമാണെന്ന് ഓല ഇലക്ട്രിക് വക്താവ് പറഞ്ഞു. 2025ന്റെ തുടക്കത്തോടെ ഓല സ്കൂട്ടറുകളിൽ ഇൻ-ഹൗസ് ലിഥിയം-അയൺ സെല്ലുകൾ സംയോജിപ്പിക്കാനുള്ള പദ്ധതികൾ കമ്പനി സ്ഥാപകനായ ഭവീഷ് അഗർവാൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് പദ്ധതിക്ക് കാലതാമസം നേരിട്ടു. നവംബർ മാസത്തിലാണ് ഓല തങ്ങളുടെ തമിഴ്നാട് ഗിഗാഫാക്ടറിയിൽ ഉത്പാദിപ്പിക്കുന്ന 4680 ഭാരത് സെല്ലിൽ പ്രവർത്തിക്കുന്ന എസ് 1 പ്രോ+ വിതരണം ആരംഭിച്ചു. എസ് 1 സ്കൂട്ടറുകളുടെയും റോഡ്സ്റ്റർ എക്സ് മോട്ടോർസൈക്കിളുകളുടെയും ശ്രേണി വിൽക്കുന്ന കമ്പനി, ചിലവ് കുറയ്ക്കുന്നതിനായി മുഴുവൻ പോർട്ട്‌ഫോളിയോയും ഇൻ-ഹൗസ് സെല്ലുകൾ കൊണ്ട് സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്.
Ola Electric, Bharat Cell, Indigenous Battery, S1 Pro+, Electric Scooter, 4680 Lithium-ion Cell, In-House Battery, EV Delivery, Tamil Nadu Gigafactory, Bhavish Aggarwal
