ബെംഗളൂരുവിൽ സി-130ജെ സൂപ്പർ ഹെർക്കുലീസ് വിമാനങ്ങൾക്കായി സമർപിത മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (MRO) സൗകര്യം ആരംഭിക്കാൻ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസും ലോക്ക്ഹീഡ് മാർട്ടിനും. ഇന്ത്യയുടെ പ്രതിരോധ വ്യോമയാന മേഖലയിൽ വലിയ കുതിപ്പുണ്ടാക്കുന്ന നീക്കം ഇരു കമ്പനികളുടേയും ദീർഘകാല ബന്ധത്തിലെ ഏറ്റവും പുതിയ വികാസത്തെ അടയാളപ്പെടുത്തുന്നതുമാണ്.

ഇന്ത്യൻ വ്യോമസേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ, സർക്കാർ പ്രതിനിധികൾ, വ്യവസായ പ്രമുഖർ, ഇരു സ്ഥാപനങ്ങളിലേയും മുതിർന്ന എക്സിക്യൂട്ടീവുകൾ എന്നിവർ പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്തു. വ്യോമസേനയുടെ ആഭ്യന്തര സുസ്ഥിരത വർധിപ്പിക്കുന്നതിനും ഭാവിയിൽ പ്രാദേശിക, ആഗോള സി-130 ഓപ്പറേറ്റർമാർക്ക് സേവനം നൽകുന്നതിനുള്ള സാധ്യത നൽകുന്നതിനും ലക്ഷ്യമിട്ടുള്ള പരിപാടിയുടെ ഔപചാരിക തുടക്കമാണിത്.
ലോക്ക്ഹീഡും ടാറ്റയും തമ്മിലുള്ള ബന്ധത്തിന്റെ പരിണാമത്തെ ഈ വികസനം എടുത്തുകാണിക്കുന്നതായി ലോക്ക്ഹീഡ് മാർട്ടിൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഫ്രാങ്ക് സെന്റ് ജോൺ പറഞ്ഞു. ഈ മുന്നേറ്റം ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസിനൊപ്പം ഇന്ത്യയുമായുള്ള കമ്പനിയുടെ സഹകരണം എത്രത്തോളം വളർന്നുവെന്നതിന്റെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏഴു പതിറ്റാണ്ടിലേറെയായി, ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന എയ്റോസ്പേസ്, പ്രതിരോധ വ്യാവസായിക അടിത്തറയ്ക്കൊപ്പം ലോക്ക്ഹീൽഡ് പ്രവർത്തിക്കുന്നു. പുതിയ C-130 എംആർഒ സൗകര്യം ആ അടിത്തറയെ ശക്തിപ്പെടുത്തുന്നതാണ്. ഇതോടൊപ്പം പ്രാദേശികവും ആഗോളവുമായ C-130 ഓപ്പറേറ്റർമാരെ പിന്തുണയ്ക്കാനും പദ്ധതിയിലൂടെ സാധിക്കും-അദ്ദേഹം പറഞ്ഞു.
ആഭ്യന്തര പ്രതിരോധ ശേഷി ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് എംആർഒ പദ്ധതി കരുത്ത് പകരുമെന്ന് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സുകരൺ സിംഗ് പറഞ്ഞു. ഒരു പുതിയ സൗകര്യം സ്ഥാപിക്കുന്നതിനപ്പുറം ഈ നാഴികക്കല്ല് ഇന്ത്യയുടെ പ്രതിരോധ ഭാവി രൂപപ്പെടുത്തുന്നതാണ്. എംആർഒ സംരംഭം രാജ്യത്തിന്റെ എയ്റോസ്പേസ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തും. ഇതോടൊപ്പം നവീകരണം, നൈപുണ്യ വികസനം, ആഗോള മത്സരശേഷി എന്നിവയ്ക്ക് അടിത്തറയാകും. ഡിപ്പോ-ലെവൽ, ഹെവി മെയിന്റനൻസ് സേവനങ്ങൾ, കോംപണന്റ് റിപ്പയർ, ഏവിയോണിക്സ് അപ്ഗ്രേഡ്സ് തുടങ്ങിയവ നൽകുന്നതിനാണ് ഈ സൗകര്യം രൂപകൽപന ചെയ്തിരിക്കുന്നത്-അദ്ദേഹം വ്യക്തമാക്കി.
നിസവിൽ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ഇന്ത്യയിൽ ലോക്ക്ഹീഡ് മാർട്ടിനായി സി-130 എംപെനേജുകളും മറ്റ് എയറോസ്ട്രക്ചർ അസംബ്ലികളും നിർമിക്കുന്നുണ്ട്. പൂർത്തീകരണത്തോടെ എംആർഒ സെന്റർ ലോക്ക്ഹീഡ് മാർട്ടിന്റെ സർട്ടിഫൈഡ് സർവീസ് സെന്ററുകളുടെ ആഗോള ശൃംഖലയിൽ സ്ഥാനം പിടിക്കും. സി-130ജെ സൂപ്പർ ഹെർക്കുലീസിനു പുറമേ കെസി-130ജെ, ലെഗസി സി-130 ബിഎച്ച് മോഡലുകളെയും പിന്തുണയ്ക്കാനും പദ്ധതിയുണ്ട്. പുതിയ എംആർഒ സമുച്ചയത്തിന്റെ നിർമാണം 2026 അവസാനത്തോടെ പൂർത്തിയാകുമെന്ന് പ്രതിനിധികൾ അറിയിച്ചു. ആദ്യ സി-130 വിമാനം അറ്റകുറ്റപ്പണികൾക്കായി 2027 തുടക്കത്തിൽ എത്തും. നിലവിൽ ഇന്ത്യൻ വ്യോമസേന പ്രവർത്തിപ്പിക്കുന്ന C-130J-30, ഇന്ധനക്ഷമതയ്ക്കും മറ്റ് ഇടത്തരം ജെറ്റ് എയർലിഫ്റ്ററുകളെ അപേക്ഷിച്ച് കുറഞ്ഞ ചിലവുകൾക്കും പേരുകേട്ടതാണ്. ലോകമെമ്പാടുമായി, 560ലധികം C-130J വിമാനങ്ങൾ 23 രാജ്യങ്ങളുമായി സേവനത്തിലുണ്ട്.
Tata Advanced Systems and Lockheed Martin lay the foundation for a dedicated Maintenance, Repair, and Overhaul (MRO) facility in Bengaluru for C-130J Super Hercules aircraft, bolstering India’s defense self-reliance.
