ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുകയും പ്രതിസന്ധി നേരിടുകയും ചെയ്തതിനു പിന്നാലെ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ പത്തുശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കാനാണ് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. നിലവിൽ സർവീസുകൾ സാധാരണ നിലയിലായെന്നും പ്രവർത്തനം സുഗമമാണെന്നും ഇൻഡിഗോ അറിയിച്ചെങ്കിലും കേന്ദ്രം നടപടിയുമായി മുന്നോട്ടു പോകുകയായിരുന്നു.

പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ ആഴ്ച കമ്പനിക്ക് ആയിരക്കണക്കിന് വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്നു. എന്നാൽ ഇപ്പോൾ പ്രവർത്തനം കാര്യക്ഷമമാണെന്നും എയർലൈൻ വീണ്ടും പഴയപടി പ്രവർത്തിക്കുന്നതായും ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് പറഞ്ഞു. തുടർന്ന് ചൊവ്വാഴ്ച 1,800 ലധികം വിമാനങ്ങളും ബുധനാഴ്ച 1,900ലധികം വിമാനങ്ങളും സർവീസ് നടത്തിയതായി അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഈ ഷെഡ്യൂളുകൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാനുള്ള കഴിവ് പ്രകടിപ്പിക്കാത്തതിനാൽ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം കമ്പനിയോട് വിമാന സർവീസുകൾ 10 ശതമാനം കുറയ്ക്കാൻ ഉത്തരവിടുകയായിരുന്നു.
നേരത്തെ 5 ശതമാനം സർവീസുകൾ കുറയ്ക്കാൻ ഉത്തരവിട്ട മന്ത്രാലയം ഇപ്പോൾ ഇത് പത്ത് ശതമാനമാക്കിയിരിക്കുകയാണ്. പതിവ് ലക്ഷ്യസ്ഥാനങ്ങൾ കവർ ചെയ്യുന്നത് തുടരാനും എയർലൈനിനോട് നിർദേശിച്ചിട്ടുണ്ട്. ഈ നടപടി എയർലൈനിന്റെ പ്രവർത്തനങ്ങൾ സുസ്ഥിരമാക്കുന്നതിനും റദ്ദാക്കലുകൾ കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു. ഇൻഡിഗോ നിരവധി വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലെ (MoCA) ഉന്നത ഉദ്യോഗസ്ഥർ നിരവധി വിമാനത്താവളങ്ങളിൽ അപ്രതീക്ഷിതവും സമഗ്രവുമായ പരിശോധനകൾ നടത്തി. ഇൻഡിഗോയുടെ ഹെൽപ്പ്ഡെസ്ക്, എയർലൈൻ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറുകൾ, ചെക്ക്-ഇൻ കൗണ്ടറുകൾ, സെക്യൂരിറ്റി ഹോൾഡ് ഏരിയ (SHA), ഡിപ്പാർച്ചർ ഗേറ്റുകൾ, ക്യൂ മാനേജ്മെന്റ് സോണുകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലാണ് പരിശോധനകൾ നടന്നത്.
അതേസമയം, ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധികളിലെ (FDTL) ആശങ്കകളുമായി ബന്ധപ്പെട്ട് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയെ (ALPA India) പാർലമെന്റിലേക്ക് ക്ഷണിച്ചു. എഫ്ഡിടിഎൽ പാലിക്കാത്തത്, ഡ്യൂട്ടി സമയ ലംഘനങ്ങൾ, പ്രവർത്തന സമ്മർദം എന്നിവയെക്കുറിച്ചുള്ള പൈലറ്റുമാരുടെ ആശങ്കകൾ അവതരിപ്പിക്കാനായാണ് ഗതാഗതം, ടൂറിസം, സംസ്കാരം എന്നിവയ്ക്കുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി എഎൽപിഎ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്. പൈലറ്റ് ക്ഷീണം, എഫ്ഡിടിഎൽ ലംഘനങ്ങൾ , സുരക്ഷാ-നിർണായക പ്രവർത്തന യാഥാർത്ഥ്യങ്ങൾ എന്നിവ പരമോന്നത നിയമനിർമാണ വേദിയിൽ കേൾക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
Following mass flight cancellations and operational issues, the Central Civil Aviation Ministry has ordered India’s largest airline, IndiGo, to cut its services by 10% to ensure stability and reduce disruptions.
