ഇന്ത്യയുടെ ക്ലൗഡ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻഫ്രാസ്ട്രക്ചറിൽ 17.5 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ് (Microsoft). യുഎസ് ടെക് ഭീമന്റെ ഏഷ്യയിലെതന്നെ ഏറ്റവും വലിയ നിക്ഷേപമാണിത്. ഹൈപ്പർസ്കെയിൽ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുക, ദേശീയ പ്ലാറ്റ്ഫോമുകളിൽ എഐ ഉൾപ്പെടുത്തുക, തൊഴിൽ ശക്തിയുടെ സന്നദ്ധത വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യട്ടാണ് നിക്ഷേപങ്ങൾ. നേരത്തെ തീരുമാനിച്ച 3 ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങൾ 4 വർഷത്തേക്ക് വ്യാപിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. ഇന്ത്യയുടെ എഐ ഭാവിയെക്കുറിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയും (Satya Nadella) പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് പ്രഖ്യാപനം. അതേസമയം, ഇന്റൽ (Intel) ഉൾപ്പെടെയുള്ള ടെക് കമ്പനികളുടെ സിഇഒമാരുമായും മോഡി കൂടിക്കാഴ്ച നടത്തി.

സമൂഹമാധ്യമ പോസ്റ്റിലൂടെ മോഡിക്ക് നന്ദി പറഞ്ഞ നദെല്ല, മൈക്രോസോഫ്റ്റിന്റെ നിക്ഷേപങ്ങൾ ഇന്ത്യയുടെ എഐ ഫസ്റ്റ് ഭാവിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, സ്കിൽസ്, ക്യാപബലിറ്റീസ് എന്നിവ വികസിപ്പിക്കാൻ സഹായിക്കുമെന്നും വ്യക്തമാക്കി. അടുത്തിടെ ഗൂഗിളിൽ (Google) നിന്ന് 15 ബില്യൺ ഡോളറിന്റെ ഡാറ്റാ സെന്റർ നിക്ഷേപ വാഗ്ദാനവും ഇന്ത്യയിലേക്കെത്തും എന്ന് വ്യക്തമാക്കിയിരുന്നു. സമാനമാതൃകയിൽ ആമസോൺ വെബ് സർവീസസിൽ (Amazon Web Services) നിന്ന് 8 ബില്യൺ ഡോളർ നിർദിഷ്ട നിക്ഷേപവുമുണ്ട്.
എഐ ശക്തി നവീകരിക്കാനും പ്രയോജനപ്പെടുത്താനുമുള്ള ഈ അവസരം ഇന്ത്യയിലെ യുവാക്കൾ പ്രയോജനപ്പെടുത്തുമെന്ന് മൈക്രോസോഫ്റ്റിന്റെ നിക്ഷേപത്തെ പരാമർശിച്ചുകൊണ്ട് എക്സ് പ്ലാറ്റ്ഫോമിൽ മോഡി കുറിച്ചു. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതിനായി നിലവിലുള്ള ക്ലൗഡ്, എഐ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിനായി ഫണ്ടുകൾ ഉപയോഗിക്കാനാണ് മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നത്. ഇപ്പോൾ നിരവധി പ്രദേശങ്ങളിൽ സോവറിൻ പബ്ലിക് ക്ലൗഡ് (Sovereign Public Cloud), സോവറിൻ പ്രൈവറ്റ് ക്ലൗഡ് (Sovereign Private Cloud) സേവനങ്ങൾ നൽകുന്നുണ്ട്.
2030 ആകുമ്പോഴേക്കും 20 ദശലക്ഷം ഇന്ത്യക്കാരെ എഐയിൽ പരിശീലിപ്പിക്കാനുള്ള പ്രതിബദ്ധത ഇരട്ടിയാക്കുകയാണെന്നും രാജ്യത്തെ 22,000-ത്തിലധികം ജീവനക്കാരെ വളർത്താനും സ്കിൽ ഡെവലപ്മെന്റിനും ഇത് വഴിവെക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു. ഇന്ത്യയുടെ തൊഴിൽ, തൊഴിൽ മന്ത്രാലയത്തിന്റെയും നാഷണൽ കരിയർ സർവീസിന്റെയും രണ്ട് പ്രധാന ഡിജിറ്റൽ പബ്ലിക് പ്ലാറ്റ്ഫോമുകളിലേക്ക് തങ്ങളുടെ അസൂർ എഐ (Azure AI) ക്യാപബിലിറ്റീസ് സംയോജിപ്പിക്കുമെന്നും മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഡിജിറ്റലിൽ നിന്ന് എഐ പൊതു അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള മാറ്റം വേഗത്തിലാക്കുന്നതും വിശ്വസനീയമായ ആഗോള സാങ്കേതിക പങ്കാളി എന്ന നിലയിൽ ഇന്ത്യയുടെ ഉയർച്ചയുടെ സൂചന അടിവരയിടുന്നതുമാണ് ഈ നിക്ഷേപമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. ചിപ്പുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളിൽ രാജ്യത്തിന്റെ വമ്പിച്ച ഉപഭോക്തൃ വിപണിയും പൊതു ഫണ്ടിംഗും പ്രധാന സാങ്കേതിക വിദഗ്ധരെ ആകർഷിച്ചു. ഇന്ത്യ സെമികണ്ടക്ടർ മിഷൻ (India Semiconductor Mission) പ്രകാരം, 18 ബില്യൺ ഡോളറിലധികം മൊത്തം നിക്ഷേപങ്ങളുള്ള 10 ചിപ്പ് പ്രോജക്ടുകൾക്ക് രാജ്യം അംഗീകാരം നൽകിയതും മാറ്റത്തിന് ആക്കം കൂട്ടി. കഴിഞ്ഞ ദിവസം അമേരിക്കൻ ചിപ്പ് ഡിസൈനർമാരായ ഇന്റൽ മുംബൈ ആസ്ഥാനമായുള്ള ടാറ്റ ഇലക്ട്രോണിക്സുമായി (Tata Electronics) എഐ ആപ്ലിക്കേഷനുകൾക്കുള്ള ഉത്പന്നങ്ങൾ ഉൾപ്പെടെ, രാജ്യത്ത് ചിപ്പ് ഓഫറുകളിൽ സഹകരിക്കുക എന്ന ലക്ഷ്യത്തോടെ കരാറിൽ ഒപ്പുവെച്ചതും ഇന്ത്യയ്ക്ക് ഗുണം ചെയ്യും.
Microsoft announced a $17.5 billion investment in India’s Cloud and AI infrastructure, its largest in Asia, following a meeting between CEO Satya Nadella and PM Narendra Modi, to build hyperscale infrastructure and integrate AI into national platforms.
