ഇന്ത്യൻ പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ലിമിറ്റഡ് എഡിഷൻ സാൻഡലുകളുടെ ശേഖരം ഇന്ത്യയിൽ തന്നെ നിർമിച്ച് വിപണിയിലെത്തിക്കാൻ ഇറ്റാലിയൻ ലക്ഷ്വറി ബ്രാൻഡായ പ്രാഡ (Prada). ഓരോ ജോഡിയും ഏകദേശം 800 യൂറോ (930 ഡോളർ) വിലയിലാണ് വിപണിയിലെത്തുക. നേരത്തേ വിവാദമായ സാംസ്‌കാരിക അപഹരണത്തെക്കുറിച്ചുള്ള വിമർശനം ഇപ്പോൾ ഇന്ത്യൻ കരകൗശല വിദഗ്ധരുടെ സഹകരണത്തിലേക്ക് മാറുകയാണെന്ന് പ്രാഡയുടെ മുതിർന്ന എക്‌സിക്യൂട്ടീവ് ലോറൻസോ ബെർട്ടെല്ലി പറഞ്ഞു. മഹാരാഷ്ട്രയും കർണാടകയും ഉൾപ്പെടുന്ന പ്രദേശങ്ങളിൽ സംസ്ഥാന പിന്തുണയോടെ 2,000 ജോഡി സാൻഡലുകളാണ് പ്രാഡ നിർമിക്കാൻ പദ്ധതിയിടുന്നത്. ഇന്ത്യൻ കരകൗശല പാരമ്പര്യവും ഇറ്റാലിയൻ സാങ്കേതികവിദ്യയും ഒത്തുചേർത്ത് പുതിയ ശേഖരമാണ് ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.

പ്രാഡയുടെ പുതിയ ശേഖരം 2026 ഫെബ്രുവരി മുതൽ ലോകമെമ്പാടുമുള്ള 40 പ്രാഡ സ്റ്റോറുകളിൽ ലഭ്യമാകും. ആറുമാസങ്ങൾക്ക് മുമ്പ് മിലാനിൽ നടന്ന ഫാഷൻ ഷോയിൽ ഇന്ത്യൻ ‘കോലാപുരി ചപ്പൽ’ മാതൃകയിലുള്ള സാൻഡലുകൾ അവതരിപ്പിച്ചതിനെ തുടർന്ന് പ്രാഡ കടുത്ത വിമർശനങ്ങൾ നേരിട്ടിരുന്നു. തുടർന്ന് ഡിസൈൻ ഇന്ത്യയിലെ പരമ്പരാഗത ശൈലിയിൽ നിന്നുള്ളതാണെന്ന് പ്രാഡ സമ്മതിക്കുകയും സഹകരണത്തിനായി കരകൗശല കൂട്ടായ്മകളുമായി ചർച്ച ആരംഭിക്കുകയുമായിരുന്നു. നിലവിൽ പ്രാഡ, ഇന്ത്യയുടെ തുകൽ നിർമാണ പാരമ്പര്യത്തെ പ്രോത്സാഹിപ്പിക്കുന്ന ലിഡ്‌കോം, ലിഡ്കർ എന്നിവരുമായി ഔദ്യോഗിക കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. മൂന്ന് വർഷത്തേക്കുള്ള പങ്കാളിത്തമാണ് പ്രഖ്യാപിച്ചത്. ഇന്ത്യയിലെയും ഇറ്റലിയിലെ പ്രാഡ അക്കാദമിയിലെയും പരിശീലന പരിപാടികൾ ഉൾപ്പെടെയാണ് കരാർ. പ്രാദേശിക കരകൗശല വിദഗ്ധരുടെ വരുമാനമുയർത്താനും യുവാക്കളെ പാരമ്പര്യത്തിലേക്ക് ആകർഷിക്കാനും ഇത് സഹായിക്കുമെന്ന് കരകൗശല വിദഗ്ദ്ധർ പ്രതീക്ഷിക്കുന്നു.
അതേസമയം, പ്രാഡയും കോലാപുരി നിർമാതാക്കളും തമ്മിലുള്ള സഹകരണത്തിൽ ഏറെ സന്തോഷമുണ്ടെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അന്റോണിയോ തജാനിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണത്തിലൂടെ കോലാപുരി ചപ്പൽ നിർമാതാക്കൾക്ക് അടക്കം 1 ബില്യൺ ഡോളറിന്റെ കയറ്റുമതി സാധ്യതയാണുള്ളത്. കോലാപുരി ചപ്പലുകൾ ആഗോള ബ്രാൻഡായി മാറുന്നതിന് സഹകരണം സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Luxury brand Prada partners with Indian artisans to launch a limited-edition ‘Made in India’ sandal collection, inspired by the Kolhapuri Chappal, with $1 billion export potential.
