തോപ്പുംപടി ഹാർബറിന്റെ മാതൃകയിൽ മുനമ്പം ഫിഷിംഗ് ഹാർബർ 200 കോടി രൂപ ചെലവിൽ ആധുനികവത്കരിക്കാനുള്ള പദ്ധതിക്ക് പച്ചക്കൊടി കാട്ടി കേരള സർക്കാർ. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (CMFRI) ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂറിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് പദ്ധതിക്കായി കേന്ദ്ര ധനസഹായം തേടാൻ തീരുമാനമായത്. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് (DPR) ഒരു മാസത്തിനകം തയ്യാറാക്കാൻ യോഗം നിർദ്ദേശം നൽകി.

പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (PMMSY) വഴി പദ്ധതിക്കാവശ്യമായ തുക കണ്ടെത്താനാണ് സർക്കാർ ശ്രമിക്കുന്നത്. പദ്ധതി തുകയുടെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കുന്ന രീതിയിലാണിത്. കൂടാതെ കേന്ദ്ര സർക്കാരിന്റെ സാഗർമാല പദ്ധതിയിലൂടെയോ, ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഫണ്ടിലൂടെയോ (FIDF) സഹായം ലഭ്യമാക്കാനുള്ള സാധ്യതകളും സംസ്ഥാന സർക്കാർ പരിശോധിക്കുന്നുണ്ട്. സെപ്റ്റംബറോടെ കേന്ദ്ര ഫണ്ട് അനുവദിക്കുന്ന നടപടികൾ പൂർത്തിയാകുമെന്നതിനാൽ അതിനുമുമ്പായി റിപ്പോർട്ട് സമർപ്പിക്കാനാണ് ലക്ഷ്യം.
മുനമ്പം ഹാർബറിനെ പരിസ്ഥിതി സൗഹൃദവും സ്മാർട്ടുമായ ഗ്രീൻ ഹാർബറായി മാറ്റാനാണ് ഈ മെഗാ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഹാർബറിൽ 12 മീറ്റർ വീതിയുള്ള റോഡുകൾ, വലിയ വാഹനങ്ങൾക്കായി മൾട്ടിലെവൽ പാർക്കിംഗ് സൗകര്യം, ആധുനിക മാലിന്യ സംസ്കരണ സംവിധാനങ്ങൾ, ഊർജ്ജക്ഷമതയുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കും. കൂടാതെ കപ്പലുകളുടെയും ബോട്ടുകളുടെയും സുരക്ഷിതമായ ഗതാഗതത്തിനായി അത്യാധുനിക സിഗ്നൽ സ്റ്റേഷനും ഹാർബറിൽ സ്ഥാപിക്കാൻ പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.
