തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും സൂപ്പർതാരവുമായ വിജയ് നായകനായെത്തുന്ന അദ്ദേഹത്തിന്റെ കരിയറിലെ അവസാന ചിത്രമായ ‘ജന നായകന്’ തിയേറ്ററുകളിൽ ആവേശകരമായ വരവേൽപ്പ്. തമിഴ്നാട്ടിലുടനീളം ആയിരത്തോളം സ്ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ ടിക്കറ്റുകൾ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ച് മിനിറ്റുകൾക്കകം വിറ്റുതീർന്നു. പല തിയേറ്ററുകളും പുലർച്ചെ തന്നെ ബുക്കിംഗുകൾ ആരംഭിച്ചിരുന്നുവെങ്കിലും കടുത്ത തിരക്കാണ് അനുഭവപ്പെട്ടത്. ആദ്യ ദിനം ഇന്ത്യയൊട്ടാകെ 37 മുതൽ 60 കോടി രൂപ വരെ കലക്ഷൻ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം.

പിവിആർ ഐനോക്സിലൂടെ മാത്രം അഡ്വാൻസ് ബുക്കിംഗിലൂടെ മൂന്ന് ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് ലഭിച്ചതിനാൽ 18 വയസ്സിന് താഴെയുള്ളവർക്ക് തിയേറ്ററുകളിൽ പ്രവേശനമുണ്ടാകില്ല. എങ്കിലും ആരാധകരും ഭരണകക്ഷിയായ ടി.വി.കെ. പ്രവർത്തകരും വിവിധ ജില്ലകളിൽ ചിത്രം ഉത്സവമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. യഷിന്റെ ‘ടോക്സിക്’, രൺബീർ കപൂറിന്റെ ‘രാമായണം’, ഷാരൂഖ് ഖാന്റെ ‘കിംഗ്’ തുടങ്ങിയ വമ്പൻ ചിത്രങ്ങൾ റിലീസിനൊരുങ്ങുന്ന സാഹചര്യത്തിൽ, ‘ജന നായകൻ’ ബോക്സോഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമോയെന്ന ആകാംക്ഷയിലാണ് സിനിമാലോകം.
Vijay’s final film ‘Jana Nayagan’ gets a massive theatrical release with record advance bookings and strong opening-day box office projections across India.
