വിമാനയാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങളും പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാക്കാൻ പുതു തലമുറ അദാനി റിവാർഡ്സ് മെംബർഷിപ്പ് പദ്ധതി അവതരിപ്പിച്ച് അദാനി എയർപോർട്ട് ഹോൾഡിങ്സ് ലിമിറ്റഡ്. തിരുവനന്തപുരം ഉൾപ്പെടെ കമ്പനി പ്രവർത്തിപ്പിക്കുന്ന രാജ്യത്തെ എട്ട് വിമാനത്താവളങ്ങളിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.

മെംബർഷിപ്പ് വിഭാഗമനുസരിച്ച് പ്രതിവർഷം ₹65,000 വരെ മൂല്യമുള്ള ആനുകൂല്യങ്ങൾ യാത്രക്കാർക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി. എയർപോർട്ട് ലോഞ്ച് പ്രവേശനം, ഷോപ്പിങ്, ഭക്ഷണം, പാർക്കിങ്, മുൻഗണനാ സുരക്ഷാ പരിശോധന, പ്രത്യേക യാത്രാസഹായം തുടങ്ങിയ സേവനങ്ങളാണ് പദ്ധതിയുടെ പ്രധാന ആകർഷണം.മുംബൈ, നവി മുംബൈ, അഹമ്മദാബാദ്, ലഖ്നൗ, ജയ്പൂർ, ഗുവാഹത്തി, മംഗളൂരു, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളിലാണ് ആനുകൂല്യങ്ങൾ ലഭ്യമാകുക.
വ്യത്യസ്ത യാത്രക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ച് വിവിധ മെംബർഷിപ്പ് വിഭാഗങ്ങളായാണ് അദാനി റിവാർഡ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
തിരഞ്ഞെടുത്ത റസ്റ്റോറന്റുകളിലും റീട്ടെയിൽ സ്റ്റോറുകളിലും ഡിസ്കൗണ്ടുകൾ, ഡ്യൂട്ടി ഫ്രീ ഷോപ്പിങ്ങിൽ പ്രത്യേക ഓഫറുകൾ, ഗിഫ്റ്റ് വൗച്ചറുകൾ എന്നിവ അംഗങ്ങൾക്ക് ലഭിക്കും.മെംബർഷിപ്പ് വിഭാഗമനുസരിച്ച് എയർപോർട്ട് ലോഞ്ചുകളിലേക്ക് സൗജന്യ പ്രവേശനം, പ്രത്യേക എൻട്രി ഗേറ്റുകൾ, മുൻഗണനാ സുരക്ഷാ പരിശോധന, പാർക്കിങ് ആനുകൂല്യങ്ങൾ, വാലെറ്റ് പാർക്കിങ്, ടെർമിനലുകൾക്കുള്ളിലെ യാത്രാസഹായം എന്നിവയും ലഭ്യമാകും.കൂടാതെ, യാത്രക്കാർക്ക് വ്യക്തിഗത സഹായം നൽകുന്ന പ്രണാം മീറ്റ് ആൻഡ് ഗ്രീറ്റ് സേവനങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അദാനി റിവാർഡ്സ് 1.0 പദ്ധതിയിൽ ഇതിനകം 70 ലക്ഷം പേർ അംഗങ്ങളായിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.ഈ പദ്ധതിയെ കൂടുതൽ വിപുലീകരിച്ചാണ് എട്ട് വിമാനത്താവളങ്ങളിലും ഉപയോഗിക്കാവുന്ന ഏകീകൃത മെംബർഷിപ്പ് സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.
വിമാനത്താവളങ്ങളെ കേവലം യാത്ര പുറപ്പെടുന്നതിനുള്ള കേന്ദ്രങ്ങളായി കാണാതെ ഷോപ്പിങ്, ഭക്ഷണം, വിശ്രമം, മറ്റ് സേവനങ്ങൾ എന്നിവ ലഭിക്കുന്ന സമഗ്ര യാത്രാനുഭവ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് AAHL സിഇഒ അരുൺ ബൻസാൽ വ്യക്തമാക്കി.
അദാനി വൺ ആപ്പുമായാണ് പുതിയ റിവാർഡ്സ് പദ്ധതി സംയോജിപ്പിച്ചിരിക്കുന്നത്. ആപ്പിലൂടെ അംഗങ്ങൾക്ക് തങ്ങളുടെ മെംബർഷിപ്പ് വിഭാഗം, ലഭ്യമായ റിവാർഡുകൾ, പ്രത്യേക ഓഫറുകൾ എന്നിവ പരിശോധിക്കാം.വിമാനത്താവളത്തിലെത്തുന്നതിന് മുമ്പുതന്നെ തിരഞ്ഞെടുത്ത ഷോപ്പിങ്, ഭക്ഷണം, ലോഞ്ച്, പാർക്കിങ് തുടങ്ങിയ സേവനങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. നിലവിൽ അദാനി എയർപോർട്ട് ഹോൾഡിങ്സിന്റെ വിമാനയാത്രേതര വാണിജ്യ വിൽപ്പനയുടെ ഏകദേശം 25 ശതമാനം ഡിജിറ്റൽ ഇടപാടുകളിലൂടെയാണ് നടക്കുന്നത്. പുതിയ റിവാർഡ്സ് പദ്ധതി ഡിജിറ്റൽ സേവനങ്ങളുടെ ഉപയോഗം വർധിപ്പിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
പ്രതിവർഷം 10 കോടിയിലധികം യാത്രക്കാരുടെ യാത്രകൾ കൈകാര്യം ചെയ്യുന്ന അദാനി എയർപോർട്ട് ഹോൾഡിങ്സ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനത്താവള ഓപ്പറേറ്ററാണ്.പുതിയ മെംബർഷിപ്പ് പദ്ധതിയിലൂടെ യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുന്നതിനൊപ്പം വിമാനത്താവളങ്ങളിലെ ഷോപ്പിങ്, ഭക്ഷണശാലകൾ, ലോഞ്ചുകൾ, മറ്റ് വാണിജ്യ സേവനങ്ങൾ എന്നിവയുടെ ഉപയോഗം വർധിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു.യാത്രക്കാരുമായുള്ള ദീർഘകാല ബന്ധം ശക്തിപ്പെടുത്തുന്നതിനും വിമാനയാത്രേതര വരുമാനം വർധിപ്പിക്കുന്നതിനുമുള്ള കമ്പനിയുടെ വിപുലമായ പദ്ധതിയുടെ ഭാഗമായാണിത്.
Adani Airport Holdings unveils next-generation Adani Rewards membership across eight airports. Members can access curated privileges with an annual value of up to ₹65,000 across Mumbai, Navi Mumbai, Ahmedabad, Lucknow, Jaipur, Guwahati, Mangaluru and Thiruvananthapuram.The next-generation programme builds on Adani Rewards 1.0, which enrolled 7 million members, expanding the offering into a unified membership across all eight airports operated by Adani Airport Holdings Limited (AAHL), India’s largest private airport operator.

