രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിൽ കമ്പനിയായ മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയിൽ (Reliance Retail) പ്രഥമ ഓഹരി വിൽപനയ്ക്ക് (IPO) ഒരുങ്ങുന്നു. റിലയൻസ് ഇൻഡസ്ട്രീസിൽനിന്ന് വിഭജിച്ച റിലയൻസ് റീട്ടെയിലിനെ പുതിയ അനുബന്ധ കമ്പനിയാക്കിയ നടപടി ഈ മാസം പ്രാബല്യത്തിൽ വന്നതിനു പിന്നാലെയാണ് ഐപിഒ നീക്കം. ഐപിഓയ്ക്ക് മുമ്പ് ഓരോ വർഷവും 2000 പുതിയ സ്റ്റോറുകൾ തുടങ്ങാനും കടം കുറക്കാനുമാണ് റിലയൻസ് റീട്ടെയിലിന്റെ പദ്ധതി. ഇന്ത്യയിൽ അതിവേഗം വളരുന്ന ക്വിക്ക് കോമേഴ്സ് രംഗത്ത് സാന്നിധ്യം ശക്തമാക്കാനും പ്രത്യേക സ്റ്റോറുകൾ സ്ഥാപിക്കാനും കമ്പനി ലക്ഷ്യമിടുന്നു. 2028ഓടെയാണ് റിലയൻസ് റീട്ടെയിൽ ഐപിഒ ലക്ഷ്യ വെയ്ക്കുന്നത്.

ഐപിഓയ്ക്ക് മുമ്പ് സ്റ്റോറുകൾ ലാഭകരമാക്കുക, മൂല്യം ഉയർത്തുക തുടങ്ങിയ പദ്ധതികളിലാണ് റിലയൻസ് റീട്ടെയിൽ. രണ്ട് വർഷത്തിനിടെ ലാഭകരമല്ലാത്ത നിരവധി സ്റ്റോറുകൾ പൂട്ടിയത് ഇതിന്റെ ഭാഗമായാണ്. ലാഭകരമല്ലാത്തവ പൂട്ടുന്നത് തുടരും. ഇതോടൊപ്പം ഓരോ വർഷവും പുതിയ 2000 സ്റ്റോറുകൾ തുറക്കുമെന്നും റിലയൻസ് റീട്ടെയിൽ പ്രതിനിധിയെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനു പുറമേ, ക്വിക്ക് ഡെലിവറി രംഗത്ത് സാന്നിധ്യം ശക്തമാക്കും. നിലവിൽ പ്രതിദിനം പത്ത് ലക്ഷം അതിവേഗ വിതരണങ്ങളാണ് നടത്തുന്നത്. 90 ശതമാനം ഓർഡറുകളും 30 മിനിറ്റിനുള്ളിലാണ് ഡെലിവർ ചെയ്യുന്നത്. അതിവേഗ ഡെലിവെറിക്ക് വേണ്ടി വൻകിട നഗരങ്ങളിൽ പ്രത്യേക സ്റ്റോറുകൾ തുറന്നു- പ്രതിനിധി പറഞ്ഞു.
Mukesh Ambani’s Reliance Retail is preparing for a potential IPO by 2028, focusing on making stores profitable, reducing debt, opening 2,000 new stores annually, and strengthening its Quick Commerce presence.
