അപൂർവമൂലകങ്ങളിൽ നിന്നുള്ള ശക്തിയേറിയ കാന്തങ്ങളുടെ (Rare Earth Permanent Magnet) നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനായി 7280 കോടിയുടെ പദ്ധതിക്ക് കേന്ദ്ര ഗവൺമെന്റ് അടുത്തിടെ അംഗീകാരം നൽകി. ഇതോടെ ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപണി യഥാർത്ഥവും ഘടനാപരവുമായ നേട്ടം കൈവരിക്കാൻ സാധ്യതയുണ്ട്. വൈദ്യുതവാഹനങ്ങൾ, പുനരുപയോഗ ഊർജം, ഇലക്ട്രോണിക്‌സ്, എയ്‌റോസ്പെയ്സ്, പ്രതിരോധ സാമഗ്രികൾ തുടങ്ങി ഒട്ടേറെ മേഖലകൾക്ക് അത്യന്താപേക്ഷിതമായ അപൂർവ ഭൗമമൂലകങ്ങൾക്കായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കലാണ് ലക്ഷ്യം. രാജ്യത്ത് അപൂർവമൂലകങ്ങളുടെ നിക്ഷേപമുള്ള ഭാഗത്ത് ഖനനം ആരംഭിക്കും.
ചൈന അടുത്തിടെ ഏർപ്പെടുത്തിയ കയറ്റുമതി നിയന്ത്രണം ഇന്ത്യയിലെ നിരവധി ഇലക്ട്രിക് വാഹന നിർമാതാക്കൾക്ക് തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു. ഇന്ത്യയിലെ ഇലക്ട്രിക് വാഹന നിർമാതാക്കൾ നിലവിൽ ഉപയോഗിക്കുന്ന അപൂർവ ഭൗമകാന്തങ്ങൾ ചൈനയിൽ നിന്നാണ് വാങ്ങുന്നത്. ലോകത്തിലെ അപൂർവ ഏർത്ത് മാഗ്നറ്റുകളുടെ 90% ചൈന ഉത്പാദിപ്പിക്കുന്നു. ഇതിനുപുറമേ പ്രോസസ്സിംഗിന്റെ 70% നിയന്ത്രിക്കുകയും ചെയ്യുന്നു. ചൈന അടുത്തിടെ ഏർപ്പെടുത്തിയ കയറ്റുമതി നിയന്ത്രണത്തെ തുടർന്ന് ഓസ്‌ട്രേലിയയിൽനിന്ന് ഇവ വാങ്ങി പ്രശ്‌നപരിഹാരത്തിന് ഇന്ത്യ ശ്രമം ആരംഭിച്ചു.
ഇന്ത്യയ്ക്ക് ലോകത്തിലെ ഏറ്റവും വലിയ അപൂർവഭൗമമൂലക ശേഖരങ്ങളിൽ ഒന്നാണ് ഉള്ളത് (ഏകദേശം 6 ദശലക്ഷം ടൺ). പ്രധാനമായും തീരദേശമേഖലയിലുള്ള ഈ പ്രകൃതിവിഭവങ്ങളുടെ ഖനനം പരിസ്ഥിതി പ്രശ്നങ്ങൾ വരാതിരിക്കാനുള്ള മുൻകരുതലോടെ നടത്തുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഭൗമകാന്തങ്ങളുടെ നിർമാണത്തിൽ പ്രതിവർഷം 6000 ടൺ ശേഷി സൃഷ്ടിക്കുകയാണ് ലക്ഷ്യം. ആഗോളതലത്തിലുള്ള സുതാര്യമായ ലേലപ്രക്രിയയിലൂടെ അഞ്ചു കമ്പനികൾക്ക് ഇതിനായി അംഗീകാരം നൽകുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ഇലക്ട്രിക് വാഹനങ്ങളെയും ക്ലീൻ-ടെക് വിതരണ ശൃംഖലയെയും ശക്തിപ്പെടുത്തുന്നതിനായി രൂപകൽപന ചെയ്ത അടിസ്ഥാന വ്യാവസായിക നയം ഈ നീക്കം നടപ്പിലാക്കുന്നുണ്ട്. എന്നാൽ ഇതോടൊപ്പം ഇന്ത്യയുടെ നീക്കം ചില ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഒരു പ്രാദേശിക നിർമാതാവിന് മത്സരിക്കാൻ കഴിയുന്നതിനേക്കാൾ വളരെ കുറഞ്ഞ ചിലവിൽ അപൂർവ ഭൗമകാന്തങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട്, ആർഇഎംകളിലെ കയറ്റുമതി നിയന്ത്രണങ്ങൾ ചൈന പൂർണമായും നീക്കിയാൽ എന്ത് സംഭവിക്കുമെന്നതാണ് പ്രധാന ആശങ്കയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
രണ്ട് വർഷത്തിനുശേഷം മാത്രമേ നയത്തിന്റെ ആഘാതം പ്രകടമാകൂവെന്നും അതിനാൽ ഹ്രസ്വകാലത്തേക്ക്, ഇത് ഒഇഎംകൾ ചൈനയിൽ നിന്ന് വാങ്ങുന്നത് തടയില്ലായെന്നും ഇ-വേസ്റ്റ്, ലിഥിയം-അയൺ ബാറ്ററി പുനരുപയോഗ സ്ഥാപനമായ അറ്റെറോ സഹസ്ഥാപക നിതിൻ ഗുപ്ത പറയുന്നു. 2-3 വർഷത്തിനുള്ളിൽ, ചൈനീസ് ഇറക്കുമതികൾക്ക് പകരമായി ഇന്ത്യയിൽ നിർമിച്ച കാന്തങ്ങൾ ആവശ്യത്തിന് ലഭ്യമാകുമെന്നാണ് പ്രതീക്ഷ – ഇതാണ് സർക്കാരിന്റെ ലക്ഷ്യം. ചൈനയിൽ ഉത്പാദിപ്പിക്കുന്ന അപൂർവ ഭൗമമൂലകങ്ങൾക്ക് ചൈന ഗണ്യമായ സബ്‌സിഡി പ്രഖ്യാപിച്ചു. ഇത് ഇന്ത്യ വാഗ്ദാനം ചെയ്യുന്ന സബ്‌സിഡി തുകയുടെ ഇരട്ടിയാണ്-അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ വൈദ്യുത വാഹന വിപണിയെ ബാധിക്കുന്ന ചില പ്രധാന പ്രശ്‌നങ്ങളെ പ്രോത്സാഹന പദ്ധതി അഭിസംബോധന ചെയ്യുന്നില്ല. ഇന്ത്യ ഇപ്പോഴും 100% ലിഥിയം-അയൺ സെല്ലുകൾ ഇറക്കുമതി ചെയ്യുകയാണ്. ഇതിനുപുറമേ, 2025 സാമ്പത്തിക വർഷത്തിൽ വൈദ്യുത വാഹന വിപണിയുടെ വാർഷിക വളർച്ചാ നിരക്കിൽ ഇടിവ് ഉണ്ടായി. ഇത് 2024 സാമ്പത്തിക വർഷത്തിലെ 42% ൽ നിന്ന് 17% ആയി കുറഞ്ഞു. പ്രാദേശികമായി നിർമിക്കുന്ന അപൂർവ-ഭൗമ കാന്തങ്ങൾ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും വിതരണ ശൃംഖലയിലെ തടസ്സങ്ങൾ പരിഹരിക്കുകയും ചെയ്യും. എന്നാൽ ശേഷിക്കുന്ന മൂല്യവുമായി ബന്ധപ്പെട്ട ആശങ്കകൾ, ഇറക്കുമതി ചെയ്ത ബാറ്ററി സെല്ലുകൾ കാരണമുള്ള ഉയർന്ന വാങ്ങൽ ചിലവുകൾ എന്നിങ്ങനെ വൈദ്യുത വാഹന വ്യവസായത്തെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങൾ പരിഹരിക്കാൻ നീക്കത്തിലൂടെ സാധിക്കില്ല. അപൂർവ ഭൗമകാന്തങ്ങളുടെ ഉത്പാദനം പ്രാദേശികവൽക്കരിക്കണമെങ്കിൽ, ഉപഭോക്താവ് 5 മുതൽ 15% വരെ വിലക്കുറവ് പ്രതീക്ഷിക്കുന്നതായും നിതിൻ ഗുപ്ത പറയുന്നു.
ഒന്നിലധികം ലിഥിയം-അയൺ ഗിഗാഫാക്ടറികളും കാഥോഡ്/ആനോഡ് പ്ലാന്റുകളും ഇതിനകം ആരംഭിച്ചിരിക്കുന്നതിനാൽ, പുതിയ പദ്ധതി വിതരണ ശൃംഖലയെ ശക്തിപ്പെടുത്താൻ സഹായിക്കും. ഇന്ത്യ അതിന്റെ വൈദ്യുത വാഹന നിർമാണം വർദ്ധിപ്പിക്കുമ്പോൾ ഇത് അനിവാര്യമാണെന്ന് തെളിയിക്കപ്പെടും. ഇത് ശരിയായ ദിശയിലേക്കുള്ള ചുവടുവെയ്പ്പാണ്. എന്നാൽ ACC PLI പ്രകാരം, ഉദ്ദേശിച്ച രീതിയിൽ 50 ഗിഗാവാട്ടിന്റെ ഗിഗാഫാക്ടറികൾ സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. അത് കൃത്യസമയത്ത് സംഭവിച്ചിരുന്നെങ്കിൽ, നമ്മുടെ വൈദ്യുത വാഹന ആവാസവ്യവസ്ഥ വളരെ വേഗത്തിൽ വളരുമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
India approves a ₹7,280 Cr scheme to boost Rare Earth Permanent Magnet (REPM) production, aiming to cut dependence on China and strengthen the EV supply chain, despite concerns over China’s subsidies and existing EV market challenges.
