ഇന്ത്യയിലെ മൂന്നാമത്തെ വലിയ വിമാനക്കമ്പനിയായ ആകാശ എയർ (Akasa Air) അടുത്ത രണ്ട് മുതൽ അഞ്ച് വർഷത്തിനകം ഓഹരി വിപണിയിൽ പ്രവേശിക്കാൻ (IPO) ലക്ഷ്യമിടുന്നതായി സിഇഒ വിനയ് ദുബെ (Vinay Dube) അറിയിച്ചു. കൂടാതെ, അടുത്ത വർഷത്തിന്റെ രണ്ടാം പകുതിയിൽ പൈലറ്റുമാരുടെ നിയമനം വീണ്ടും ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബോയിംഗിൽ നിന്നുള്ള വിമാന വിതരണത്തിലെ പ്രശ്നം മൂലം പൈലറ്റുമാർക്ക് ആവശ്യമായ ഫ്ലൈയിംഗ് അവേർസ് ലഭിക്കാതെ വന്നതാണ് ആകാശ എയറിനെ ബാധിച്ചതെന്ന് ദുബെ പറഞ്ഞു. ബോയിംഗിനു നേരെയുണ്ടായിരുന്ന നിയന്ത്രണ പരിശോധനകളും ഏഴ് ആഴ്ച നീണ്ട തൊഴിലാളി സമരവും പ്രവർത്തനങ്ങളിൽ തിരിച്ചടികൾക്കു കാരണമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത 60 ദിവസത്തിനകം ആകാശ എയറിന്റെ എല്ലാ പൈലറ്റുമാരും കോക്ക്പിറ്റിൽ പ്രവേശിച്ച് ഫ്ലൈയിംഗ് അവേർസ് സമ്പാദിക്കാൻ തുടങ്ങുമെന്ന് ഏവിയേഷൻ ഇന്ത്യ പരിപാടിയുടെ ഭാഗമായി റോയിറ്റേഴ്സിനോട് സംസാരിക്കവേ വിനയ് ദുബെ വ്യക്തമാക്കി. എന്നാൽ ഇതുസംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല.
ഐപിഒയ്ക്ക് മുൻപ് പുതിയ മൂലധനം സമാഹരിക്കേണ്ട ആവശ്യം ഇപ്പോൾ കാണുന്നില്ലെന്നും, ഈ വർഷം ആദ്യം ഒരു തുക സമാഹരിച്ചതായും (തുക വെളിപ്പെടുത്തിയില്ല) ദുബെ പറഞ്ഞു. ആകാശ എയറിന്റെ അടുത്ത ഘട്ടം 2 മുതൽ 5 വർഷത്തെ സമയപരിധിക്കുള്ളിലുള്ള ഐപിഒ ആയിരിക്കുമെന്ന് ഭാവി പദ്ധതികളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കമ്പനി ഏത് സ്റ്റോക്ക് എക്സ്ചേഞ്ചിലാണ് ലിസ്റ്റ് ചെയ്യുകയെന്നതും അദ്ദേഹം വ്യക്തമാക്കിയില്ല.
അതേസമയം, വിമാന വിതരണത്തിലെ പ്രശ്നം കാരണം ആകാശ എയറിന്റെ വികസന പദ്ധതികൾ പിന്നിലായെന്ന ആരോപണങ്ങൾ ദുബെ തള്ളിക്കളഞ്ഞു. ഇപ്പോൾ ആകാശയ്ക്ക് 30 വിമാനങ്ങളുണ്ട്. ഇത് നിലവിൽ കമ്പനി ലക്ഷ്യംവെച്ച എണ്ണം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഈ വർഷവും വരാനിരിക്കുന്ന വർഷങ്ങളിലും എത്ര വിമാനങ്ങൾ ലഭിക്കുമെന്നത് അദ്ദേഹം വ്യക്തമാക്കാൻ തയ്യാറായില്ല. ആകാശ എയർ മുതിർന്ന ഉദ്യോഗസ്ഥർ മുൻപ് സൂചിപ്പിച്ചതനുസരിച്ച്, 2026 ഒക്ടോബറോടെ ഏകദേശം 54 വിമാനങ്ങൾ കമ്പനിയ്ക്കുണ്ടാകുമെന്നായിരുന്നു വിവരം. നേരത്തെ 2027 മാർച്ചോടെ 72 വിമാനങ്ങൾ ഉണ്ടാകുമെന്ന് ആകാശ എയർ കണക്കാക്കിയിരുന്നതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
