പൂർണമായും വൈദ്യുതി ഉപയോഗിച്ചുള്ള ‘ട്രാൻസ്വേഴ്സ്’ ടഗ്ഗുകളുടെ നിർമാണത്തിനായി ഡെൻമാർക്ക് ആസ്ഥാനമായുള്ള ആഗോള ടോവേജ് ലീഡർ സ്വിറ്റ്സറിൽ (Svitzer) നിന്ന് ഓർഡർ നേടി കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (CSL) . നാല് നൂതന ടഗ്ഗുകളാണ് നിർമിക്കുക. ഇതിനുപുറമേ നാല് അധിക കപ്പലുകൾക്ക് വരെ ഓപ്ഷൻ ഉള്ളതായും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

250 കോടി രൂപയ്ക്കും 500 കോടി രൂപയ്ക്കും ഇടയിൽ വിലമതിക്കുന്ന കരാർ, നേരത്തെ ഒപ്പുവെച്ച ലെറ്റർ ഓഫ് ഇന്റന്റ് ഔപചാരികമാക്കും. സിഎസ്എല്ലിന്റെ വൈദഗ്ധ്യമുള്ള തൊഴിലാളികളേയും സങ്കീർണവും ഉയർന്ന നിലവാരമുള്ളതുമായ കപ്പലുകളിലെ ട്രാക്ക് റെക്കോർഡും പ്രയോജനപ്പെടുത്തി നെക്സ്റ്റ് ജെൻ ടഗ് കപ്പലായ TRAnsverse 2600E വിതരണം ചെയ്യുമെന്ന് സിഎസ്എൽ ഓപ്പറേഷൻസ് ഡയറക്ടർ ഡോ.എസ്. ഹരികൃഷ്ണൻ പറഞ്ഞു. ഈ കരാർ സിഎസ്എല്ലിന്റെ കഴിവുകളുടെ സ്വാഭാവിക വികാസത്തെയാണ് പ്രതിനിധീകരിക്കുന്നത്. നൂതന ടഗ് ഡിസൈനിലേക്കും ഇന്ത്യയിൽ ബാറ്ററി-ഇലക്ട്രിക്, ഭാവി-ഇന്ധന-സജ്ജമായ സാങ്കേതികവിദ്യകളുടെ വ്യാവസായികവൽക്കരണത്തിലേക്കും ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
70 ടൺ ബൊള്ളാർഡ് പുൾ ശേഷിയുള്ള ആദ്യ നാല് ഇലക്ട്രിക് ടഗ്ഗുകളുടെ നിർമ്മാണം വരും മാസങ്ങളിൽ സിഎസ്എല്ലിന്റെ കൊച്ചിയിലെ സൗകര്യത്തിൽ ആരംഭിക്കും. ആദ്യ കപ്പലിന്റെ വിതരണം 2027 അവസാനത്തോടെ നടത്താനും തുടർന്നുള്ള കപ്പലുകൾ പിന്നീട് പുറത്തിറക്കാനുമാണ് ലക്ഷ്യമിടുന്നത്. ഉയർന്ന പ്രകടനത്തിനും സീറോ എമിഷൻ തുറമുഖ പ്രവർത്തനങ്ങൾക്കുമായി രൂപകൽപന ചെയ്തിരിക്കുന്ന 26 മീറ്റർ നീളമുള്ള കപ്പലാണിത്.
വടക്കൻ യൂറോപ്പ്, ദക്ഷിണ അമേരിക്ക, ഓസ്ട്രേലിയ എന്നിവയുൾപ്പെടെ പരിസ്ഥിതി സൗഹൃദ മേഖലകളിൽ വിന്യസിക്കാനായാണ് സ്വിറ്റ്സർ ട്രാൻസ്വേഴ്സ് ടഗ്ഗുകൾ വാങ്ങുകയെന്ന് കമ്പനി പ്രതിനിധി അറിയിച്ചു. പൂർണമായും ഇലക്ട്രിക് ആയ TRAnsverse 2600Eയിലൂടെ കമ്പനിയുടെ ഫ്ലീറ്റിനെ ഡീകാർബണൈസ് ചെയ്യാനും ശുദ്ധമായ ഊർജ സ്രോതസ്സുകളിലേക്കുള്ള സമുദ്ര വ്യവസായത്തിന്റെ മാറ്റത്തെ പിന്തുണയ്ക്കുകയെന്ന സ്വിറ്റ്സറിന്റെ ലക്ഷ്യവുമായി യോജിക്കുന്നതായും പ്രതിനിധി കൂട്ടിച്ചേർത്തു.
