രാജ്യത്തെ ഗ്രീൻ മേരിടൈം വികസനത്തിൽ സുപ്രധാന മുന്നേറ്റം. ആദ്യ മെയ്ഡ് ഇൻ ഇന്ത്യ ഹൈഡ്രജൻ ഫ്യൂൽ സെൽ പാസഞ്ചർ വെസ്സലിന്റെ വാണിജ്യ പ്രവർത്തനം വാരാണസിയിൽ ആരംഭിച്ചതോടെയാണിത്. ബോട്ട് തുറമുഖ, ഷിപ്പിംഗ്, വാട്ടർവേയ്സ് മന്ത്രി സർബാനന്ദ സോണോവാൽ ഉദ്ഘാടനം ചെയ്തു. ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (IWAI) ഉടമസ്ഥതയിലുള്ള ബോട്ട് കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡാണ് (CSL) നിർമിച്ചത്.

ഇന്ത്യയിൽ സമുദ്ര രംഗത്ത് ഹൈഡ്രജൻ ഫ്യൂവൽ സെൽ പ്രോപ്പൽഷൻ പരീക്ഷിക്കുന്ന ആദ്യ ബോട്ടാണ് ഇത്. പൂർണമായും സ്വദേശ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമാണം. സ്റ്റോർ ചെയ്ത ഹൈഡ്രജൻ വൈദ്യുതിയാക്കി മാറ്റുന്ന ലോ ടെംപറേച്ചർ പ്രോട്ടോൺ എക്സ്ചേഞ്ച് മെംബ്രെയിൻ ഫ്യൂവൽ സെൽ സിസ്റ്റം ഉപയോഗിക്കുന്ന ബോട്ട് വെള്ളം മാത്രമാണ് പുറന്തള്ളുക. ഹൈഡ്രജൻ ഫ്യൂവൽ സെൽ ബോട്ടിന്റെ വിജയകരമായ വിന്യാസം ഇന്ത്യയുടെ സുസ്ഥിര വാട്ടർവേയിലേക്കുള്ള മാറ്റം പ്രതിഫലിപ്പിക്കുന്നതായി മന്ത്രി സർബാനന്ദ സോണോവാൽ പറഞ്ഞു. പദ്ധതിയിൽ സിഎസ്എല്ലിനും ഇന്ത്യൻ ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റിക്കും പ്രത്യേകം അഭിനന്ദനങ്ങൾ നേരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
24 മീറ്റർ നീളമുള്ള ക്യാട്ടമറാൻ വിഭാഗത്തിലുള്ള ബോട്ട് അർബൻ ട്രാൻസിറ്റിനായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എസി ക്യാബിനുള്ള ബോട്ട് 50 യാത്രക്കാരെ വഹിക്കും. 6.5 നോട്ട് ആണ് ബോട്ടിന്റെ സേവന വേഗം. ഹൈഡ്രജൻ ഫ്യൂവൽ സെൽ, ബാറ്ററികൾ, സോളാർ പവർ എന്നിവയുടെ ഹൈബ്രിഡ് എനെർജി സിസ്റ്റം ഹൈഡ്രജൻ ഫിൽ മാത്രം ഉപയോഗിച്ച് 8 മണിക്കൂർ പ്രവർത്തനം സാധ്യമാക്കുന്നു. ബോട്ട് ഇന്ത്യൻ റജിസ്ട്രി ഓഫ് ഷിപ്പിംഗ് അംഗീകൃതമാണ് എന്ന സവിശേഷതയുമുണ്ട്.
