വൻ വികസന പദ്ധതികളുമായി ജോയ് ആലുക്കാസ് ഗ്രൂപ്പ് (Joyalukkas). 3600 കോടി രൂപ മുതൽമുടക്കിൽ ഇന്ത്യയിലും വിദേശത്തുമായി 40 പുതിയ ഷോറൂമുകൾ കൂടി തുറക്കുകയാണ് ലക്ഷ്യമെന്ന് ചെയർമാൻ ജോയ് ആലുക്കാസ് അറിയിച്ചു. ആഗോളവിപണിയിലെ അനിശ്ചിതത്വങ്ങൾ കാരണം സ്വർണവില ഉയർന്നു കൊണ്ടിരിക്കുകയാണെങ്കിലും കമ്പനിയുടെ വളർച്ചയെ അത് ബാധിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിൽപനയുടെ അളവിൽ ചെറിയ കുറവുണ്ടായെങ്കിലും, വിറ്റുവരവിൽ 15 മുതൽ 16 ശതമാനം വരെ വളർച്ച നേടി. 2027 സാമ്പത്തിക വർഷത്തോടെ 41000 കോടി രൂപയുടെ വാർഷിക വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസിലാൻഡ്, ക്യാനഡ തുടങ്ങിയ വിദേശ രാജ്യങ്ങളിലെ 16 ഔട്ട്ലെറ്റുകൾ അടക്കമാണ് ജോയ് ആലുക്കാസ് ആരംഭിക്കാൻ ഒരുങ്ങുന്നത്. നിലവിൽ 190 ഷോറൂമുകളുള്ള ജോയ് ആലുക്കാസിന് വിപുലീകരണത്തോടെ 230 ഷോറൂമുകളാകും. ജീവനക്കാരുടെ എണ്ണത്തിലും വിപുലീകരണം വൻ വർധനയുണ്ടാക്കും. നിലവിൽ 11000ത്തോളം ജീവനക്കാരുള്ള ജോയ് ആലുക്കാസിൽ വിപുലീകരണത്തോടെ ജീവനക്കാരുടെ എണ്ണം 13000ത്തിലധികം ആകുമെന്നാണ് വിലയിരുത്തൽ.
അതേസമയം, സ്വർണത്തിന് വില കൂടിയതോടെ യൂത്തിനിടയിൽ വജ്രാഭരണങ്ങൾക്കും ഭാരം കുറഞ്ഞ ആഭരണങ്ങൾക്കും ആവശ്യക്കാർ ഏറിയതായി ജോയ് ആലുക്കാസ് പറഞ്ഞു. ആഗോളതലത്തിലുള്ള പ്രശ്നങ്ങൾ കാരണം സ്വർണവില ഇനിയും ഉയർന്നേക്കാം. എന്നാൽ എക്കാലത്തെയും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിനുള്ള പ്രിയം കുറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ സിഎസ്ആർ പ്രവർത്തനങ്ങൾക്ക് ഏറ്റവും കൂടുതൽ തുക ചിലവഴിക്കുന്ന സ്ഥാപനങ്ങളിലൊന്നാണ് ജോയ് ആലുക്കാസ്. ‘ജോയ് ഹോംസ്’ പദ്ധതിയുടെ ഭാഗമായി ഇതിനോടകം 500 വീടുകളാണ് നിർമിച്ചു നൽകിയത്.
Joyalukkas Group Chairman Joy Alukkas announced a ₹3,600 crore investment to open 40 new showrooms, targeting 230 outlets globally by 2027 and aiming for ₹41,000 crore annual turnover, despite rising gold prices.
