ഗോട്ട് ടൂർ എന്ന പേരിൽ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ഇന്ത്യയിൽ നടത്തിയ സന്ദർശനം അവസാനിച്ചിരിക്കുകയാണ്. സന്ദർശനത്തിലെ ആദ്യ ദിവസം കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയം വലിയ അക്രമത്തിനും നിരാശയ്ക്കും സാക്ഷിയായി. മെസ്സിയെ ശരിയായി കാണാൻ സാധിക്കാത്തതിൽ വൻ ആരാധക പ്രതിഷേധം ഉയർന്നു, സ്റ്റേഡിയത്തിലെ സംഭവങ്ങൾ പിന്നീട് കൊൽക്കത്ത നഗരത്തിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. തുടർന്ന് സംഘാടനത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി, ഗോട്ട് ഇന്ത്യ ടൂർ 2025 പരിപാടിയുടെ സംഘാടകനായ സതാദ്രു ദത്തയെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നതിലേക്കു വരെ കാര്യങ്ങളെത്തി.

പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ റിഷ്രയിൽ നിന്നുള്ള സ്പോർട്സ് പ്രമോട്ടറും സംരംഭകനുമാണ് സതാദ്രു ദത്ത. ധനകാര്യത്തിലും നിക്ഷേപത്തിലും കരിയർ ആരംഭിച്ച അദ്ദേഹം പിന്നീട് കായികരംഗത്തേക്ക് തിരിയുകയായിരുന്നു. 2011ൽ ‘എ സതാദ്രു ദത്ത ഇനിഷ്യേറ്റീവ്’ സ്ഥാപിച്ചു. പിന്നീട് അതിലൂടെ നിരവധി അന്താരാഷ്ട്ര ഫുട്ബോൾ താരങ്ങളെ അദ്ദേഹം ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് എത്തിച്ചു. സ്പോർട്സ് മാർക്കറ്റിങ്, സെലിബ്രിറ്റി മാനേജ്മെന്റ്, സാമൂഹിക വിഷയങ്ങൾ എന്നിവ സംയോജിപ്പിച്ചാണ് കമ്പനിയുടെ പ്രവർത്തനം. ഈ ബ്രാൻഡിന്റെ കീഴിലാണ് ഗോട്ട് ടൂർ സംഘടിപ്പിക്കപ്പെട്ടത്.
ലയണൽ മെസ്സിക്കുപുറമേ, മുൻപ് ഡിയഗോ മറഡോണ, പെലെ, റൊണാൾഡീഞ്ഞോ, എമി മാർട്ടിനെസ്, കഫു, ഹിഗ്വിറ്റ തുടങ്ങിയ പ്രശസ്ത ഫുട്ബോൾ താരങ്ങളെ സതാദ്രു ദത്ത ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. മൂന്ന് തവണ ഫിഫ ലോകകപ്പ് ജേതാവായ പെലെയെ 2015ൽ കൊൽക്കത്തയിലേക്ക് എത്തിച്ചതാണ് ദത്തയുടെ പ്രൊഫഷണൽ കരിയറിലെ സുപ്രധാന നേട്ടം. അന്ന് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരവും സുബ്രതോ കപ്പ് ഫൈനലും കണ്ടാണ് ഇതിഹാസ താരം ഇന്ത്യയിൽ നിന്നു മടങ്ങിയത്. ബ്രസീൽ ലോകകപ്പ് ക്യാപ്റ്റൻ കഫു, ഡിയഗോ മറഡോണ, 2022 ലോകകപ്പ് നേടിയ അർജന്റീന ടീം ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് എന്നിവരുടെയും സന്ദർശനങ്ങൾ അദ്ദേഹം സംഘടിപ്പിച്ചു.
മെസ്സി മുതൽ മുൻപ് വന്ന ഇതിഹാസ താരങ്ങൾ വരെ ഇന്ത്യയുടെ ആരാധക ഹൃദയം കീഴടക്കിയെങ്കിലും, ഗോട്ട് ഇന്ത്യ ടൂറിലെ മാനേജ്മെന്റ് പിഴവുകൾ സതാദ്രു ദത്തയുടെ കരിയറിൽ കരിനിഴൽ വീഴ്ത്തുന്നതായി. എന്നാൽ പിഴവ് സംഘാടകത്വത്തിലല്ല, മറിച്ച് രാഷ്ട്രീയ നേതാക്കളുടെയും മറ്റു വിശിഷ്ട അതിഥികളുടെയും അതിരുകടന്ന ആരാധന കൊണ്ടാണ് കൊൽക്കത്തയിൽ പ്രശ്നങ്ങൾ ഉയർന്നതെന്നും ചിലർ പറയുന്നു.
Who is Satadru Dutta? The Sports Promoter Behind Messi’s Controversial GOAT Tour and Other Football Legends’ Visits to India
