മാലിന്യങ്ങളുടെ മെച്ചപ്പെട്ട ഉപയോഗത്തിനായി കർണാടകയിലും പരിസരങ്ങളിലുമുള്ള സിമന്റ് ഫാക്ടറികളെ സമീപിക്കുകയാണ് ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് (BSWML). ലോ വാല്യൂ പ്ലാസ്റ്റിക് (LVP) സിമന്റ് ഫാക്ടറികളിൽ ഇന്ധനമായി ഉപയോഗിക്കാമെന്നും, ഇതിന് വലിയ ആവശ്യകതയുണ്ടെന്നും ബിഎസ്ഡബ്ല്യുഎംഎൽ അധികൃതർ അറിയിച്ചു.

പദ്ധതിയുടെ ആദ്യഘട്ടമായി കടപ്പയിലെ ഡാൽമിയ സിമന്റിലേക്ക് ബിഎസ്ഡബ്ല്യുഎംഎൽ 160 ടൺ എൽവിപി അയച്ചു. ദിവസേന 250 ടൺ എൽവിപി അയയ്ക്കാനാണ് കരാർ. ആവശ്യമുണ്ടെങ്കിൽ പ്രതിദിനം 1,000 ടൺ വരെ സ്വീകരിക്കാൻ കമ്പനി തയ്യാറാണെന്നും, പ്രവർത്തനത്തിന്റെ ഫലത്തെ ആശ്രയിച്ച് മാലിന്യം അയയ്ക്കുന്ന അളവ് ക്രമേണ വർധിപ്പിക്കുമെന്നും ബിഎസ്ഡബ്ല്യുഎംഎൽ സിഇഒ കരീഗൗഡ പറഞ്ഞു.
ഇങ്ങനെ അയക്കുന്ന എൽവിപിക്ക് പകരമായി ബിഎസ്ഡബ്ല്യുഎംഎല്ലിന് എക്സ്റ്റെൻഡഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി (EPR) ക്രെഡിറ്റുകൾ ലഭിക്കും. ഇതിലൂടെ ഓരോ ടൺ എൽവിപിക്കും ഏകദേശം 1,000 രൂപ ലഭിക്കുമെന്നാണ് റിപ്പോർട്ട്. പാക്കേജിംഗിനായി ഉത്പാദിപ്പിക്കുന്ന ജൈവമല്ലാത്ത മാലിന്യങ്ങൾ പുനരുപയോഗം ചെയ്യുന്നതിനോ സംസ്കരിക്കുന്നതിനോ കമ്പനികളെ ഉത്തരവാദികളാക്കുന്ന നയമാണ് ഇപിആർ. പല കമ്പനികളും അവരുടെ ഉത്പന്നങ്ങൾ പ്ലാസ്റ്റിക് കുപ്പികളിലും കവറുകളിലുമാണ് പായ്ക്ക് ചെയ്യുന്നത്. എന്നാൽ അവ തിരികെ ശേഖരിച്ച് പുനരുപയോഗം ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇപിആർ അവതരിപ്പിച്ചതെന്ന് കരീഗൗഡ വിശദീകരിച്ചു. ഇത് ടിഡിആറിന് സമാനമാണെന്നും, ഒരു ടൺ പ്ലാസ്റ്റിക്കിന് 1,000 രൂപയോളം വരുമാനം നേടാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനുപുറമെ, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയും (GBA) കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷൻ ലിമിറ്റഡും (KPTCL) സംയുക്ത സംരംഭമായി സ്ഥാപിച്ച മാലിന്യത്തിൽ നിന്ന് ഊർജം ഉത്പാദിപ്പിക്കുന്ന പ്ലാന്റിലേക്കും 150 ടണ്ണിനടുത്ത് മാലിന്യം അയക്കുന്നുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാരുമായി ബിഎസ്ഡബ്ല്യുഎംഎൽ ചർച്ചകൾ നടത്തിവരികയാണ്. അവരുടെ അധികാരപരിധിയിലുള്ള സിമന്റ് ഫാക്ടറികളിലേക്കുള്ള പരിഹാരം ഏകോപിപ്പിക്കുന്നതിനായാണ് ഈ ചർച്ചകൾ.
Bengaluru Solid Waste Management Ltd (BSWML) is collaborating with cement factories, like Dalmia Cement, to use Low Value Plastic (LVP) as fuel. This initiative, earning EPR credits and revenue (₹1,000 per ton), aims for better waste utilization
