ശക്തമായ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ് ഉത്പാദനമെന്നും രാജ്യത്ത് ഉത്പാദന മേഖല പുറകോട്ടെന്നും രാഹുൽ ഗാന്ധി. വളർച്ച വേഗത്തിലാക്കുന്നതിന് രാജ്യം അർത്ഥവത്തായ നിർമാണ ആവാസവ്യവസ്ഥകൾ നിർമ്മിക്കേണ്ടതുണ്ടെന്നും മ്യൂണിക്കിലെ ബിഎംഡബ്ല്യു വെൽറ്റിന്റെയും ബിഎംഡബ്ല്യു പ്ലാന്റിന്റെയും ഗൈഡഡ് ടൂറിന് ശേഷം സോഷ്യൽ മീഡിയ പോസ്റ്റിൽ രാഹുൽ ഗാന്ധി പറഞ്ഞു. ലോകമെമ്പാടുമുള്ള 117 പുരോഗമന പാർട്ടികളുടെ പ്രധാന കൂട്ടായ്മയായ പ്രോഗ്രസീവ് അലയൻസിന്റെ ക്ഷണപ്രകാരമാണ് രാഹുൽ ഗാന്ധി ജർമനി സന്ദർശിക്കുന്നത്. സന്ദർശന വേളയിൽ ജർമൻ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം ഇന്ത്യൻ പ്രവാസികളുമായി ഇടപഴകും.

ബിഎംഡബ്ല്യുവുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ടിവിഎസ് 450 സിസി മോട്ടോർസൈക്കിൾ അടക്കം കാണുന്നതിനായാണ് അദ്ദേഹം ബിഎംഡബ്ല്യു ടൂർ നടത്തിയത്. ജർമ്മനിയിലെ മ്യൂണിക്കിൽ ബിഎംഡബ്ല്യു വെൽറ്റിലൂടെയും ബിഎംഡബ്ല്യു പ്ലാന്റിലൂടെയും ഗൈഡഡ് ടൂർ നടത്തി ബിഎംഡബ്ല്യുവിന്റെ ലോകം അനുഭവിക്കാൻ അവസരം ലഭിച്ചതായും ലോകോത്തര നിർമ്മാണത്തിന്റെ അവിശ്വസനീയമായ കാഴ്ചയാണ് കാണാനായതെന്നും അദ്ദേഹം ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു. നിർഭാഗ്യവശാൽ, ഇന്ത്യയിൽ ഉൽപ്പാദനം കുറയുന്നു. വളർച്ച വേഗത്തിലാക്കുന്നതിന് നമ്മൾ കൂടുതൽ ഉൽപ്പാദനം നടത്തേണ്ടതുണ്ട് – അർത്ഥവത്തായ ഉൽപ്പാദന ആവാസവ്യവസ്ഥകൾ നിർമ്മിക്കുകയും ഉയർന്ന നിലവാരമുള്ള തൊഴിലവസരങ്ങൾ വലിയ തോതിൽ സൃഷ്ടിക്കുകയും വേണം-അദ്ദേഹം പറഞ്ഞു.
During his BMW plant visit in Germany, Rahul Gandhi highlighted the decline in Indian manufacturing and called for building meaningful ecosystems to create high-quality jobs.
