വിവാദ വ്യവസായി വിജയ് മല്യയോട് മടങ്ങിയെത്താൻ ബോംബെ ഹൈക്കോടതി. തന്നെ പിടികിട്ടാപ്പുള്ളിയായ ‘സാമ്പത്തിക കുറ്റവാളിയെന്ന്’ പ്രഖ്യാപിച്ചതിനെതിരെയും ഇങ്ങനെ പ്രഖ്യാപിക്കുന്നതിന്റെ ഭരണഘടനാ സാധ്യത ചോദ്യം ചെയ്തുമുള്ള ഹർജികൾ സംബന്ധിച്ചാണ് കോടതി നിർദേശം. ഇന്ത്യയിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നത് എപ്പോഴാണെന്ന് ചോദിച്ച ഹൈക്കോടതി ആദ്യം മടങ്ങിയെത്തിയിട്ട് ഹർജികൾ പരിഗണിക്കാമെന്ന് വ്യക്തമാക്കുകയായിരുന്നു.

മല്യ ആദ്യം കോടതിയുടെ അധികാരപരിധിയിൽ കീഴടങ്ങിയില്ലെങ്കിൽ അദ്ദേഹത്തിന്റെ ഹർജി കേൾക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രശേഖർ, ജസ്റ്റിസ് ഗൗതം അൻഖാദ് എന്നിവരടങ്ങിയ ബെഞ്ച് മല്യയുടെ അഭിഭാഷകൻ അമിത് ദേശായിയോട് വ്യക്തമാക്കി. ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫെൻഡേഴ്‌സ് ആക്ടിനെതിരായ അദ്ദേഹത്തിന്റെ ഹർജി തിരിച്ചെത്താതെ കേൾക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. മല്യ സമർപ്പിച്ച രണ്ട് ഹർജികളും ഒരുമിച്ച് നടത്താൻ അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ സാമ്പത്തിക തിരിമറി കേസിൽ നിയമ നടപടികൾ നേരിടുന്ന വിജയ് മല്യ നിലവിൽ ലണ്ടണിലാണ് താമസിക്കുന്നത്. നേരത്തേ, മല്യ ബാങ്കുകൾക്ക് 22,065 കോടി രൂപ നൽകാനുണ്ടെന്നും ഇതിൽ 14,000 കോടിയിലധികം രൂപ ആസ്തികൾ പിടിച്ചെടുത്തും വിറ്റഴിച്ചും ബാങ്കുകൾ വീണ്ടെടുത്തിട്ടുണ്ടെന്നും പാർലമെന്റിൽ സമർപ്പിച്ച കണക്കിൽ കേന്ദ്രം വ്യക്തമാക്കിയിരുന്നു. വിജയ് മല്യ അടക്കമുള്ള സാമ്പത്തിക കുറ്റവാളികൾ ഇന്ത്യൻ ബാങ്കുകളിൽ നിന്നെടുത്ത വായ്പയുടെ കണക്കുകളും കേന്ദ്രം പാർലമെന്റിൽ സമർപ്പിച്ചിരുന്നു.