ദശകങ്ങളായുള്ള ആസൂത്രണത്തിനുശേഷം വാണിജ്യ പ്രവർത്തനം ആരംഭിക്കാൻ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം (NMIA). നാളെ മുതലാണ് വിമാനത്താവളം പ്രവർത്തനം ആരംഭിക്കുക. മുംബൈ നഗരത്തിന്റെ വികാസത്തിന്റെ പുതിയ അടയാളമായി നവി മുംബൈ വിമാനത്താവളം മാറും. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ രണ്ടാമത്തെ വിമാനത്താവളമാണ് എൻഎംഐഎ. അദാനി എയർപോർട്ട് ഹോൾഡിങ്സിന് (AAHL) 74 ശതമാനം പങ്കാളിത്തമുള്ള വിമാനത്താവളത്തിൽ ബാക്കി 26 ശതമാനം ഓഹരികൾ സിറ്റി ആൻഡ് ഇൻഡസ്ട്രിയൽ ഡിവലപ്മെന്റ് കോർപ്പറേഷനാണ് (CIDCO). പുണെ, നാസിക് നഗരങ്ങളിൽനിന്ന് എളുപ്പത്തിൽ എത്തിച്ചേരാവുന്ന തരത്തിലാണ് വിമാനത്താവളത്തിന്റെ ലൊക്കേഷൻ. മുംബൈ നഗരത്തിൽനിന്ന് 21 കിലോമീറ്റർ ദൂരത്തിൽ രണ്ടുവർഷംമുൻപ് തുറന്ന അടൽസേതു കടൽപ്പാലത്തിലൂടെ അതിവേഗം എത്തിച്ചേരാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

പ്രവർത്തനത്തിന്റെ ആദ്യദിനത്തിൽ 30 എയർ ട്രാഫിക് മൂവ്മെന്റുകളാണ് ഉണ്ടാകുക. നിലവിലുള്ള മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം, മേഖലയ്ക്ക് ശക്തമായ മൾട്ടി-എയർപോർട്ട് സംവിധാനം സൃഷ്ടിക്കാനും നവി മുംബൈയിലൂടെ സാധിക്കും. വിമാനത്താവളത്തിന്റെ പ്രവർത്തനാരംഭം പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്ക് പ്രേരകമാകും. നവി മുംബൈയോടൊപ്പം പൂനെ, താനെ, പൻവേൽ, റായ്ഗഡ്, കൊങ്കൺ മേഖലകളിലെ ജനങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് (MTHL), ദേശീയ പാതകൾ, സബർബൻ റെയിൽ, മെട്രോ കൊറിഡോറുകൾ എന്നിവ വഴി ശക്തമായ മൾട്ടിമോഡൽ ഗതാഗത ബന്ധമാണ് പദ്ധതിയുടെ മറ്റൊരു പ്രധാന സവിശേഷത. ആദ്യദിനത്തിൽ ഇൻഡിഗോ, ആകാശ എയർ, എയർ ഇന്ത്യ എക്സ്പ്രസ്, സ്റ്റാർ എയർ എന്നിവ ഉൾപ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികളുടെ സർവീസുകൾ വിമാനത്താവളത്തിൽ നിന്ന് പ്രവർത്തിക്കും. രാവിലെ 8 മണിക്ക് ബെംഗളൂരുവിൽ നിന്ന് എത്തുന്ന ഇൻഡിഗോയുടെ 6E 460 വിമാനം ആദ്യ അറൈവിംഗായിരിക്കുമ്പോൾ, രാവിലെ 8.40ന് ഹൈദരാബാദിലേക്ക് പോകുന്ന 6E 882 വിമാനം ആദ്യ ഡിപ്പാർട്ടിംഗാകും.
നവിമുംബൈയിലെ ഉൽവയിലുള്ള വിമാനത്താവളം ദേശീയ പുഷ്പമായ താമരയുടെ മാതൃകയിൽ, ആകർഷകമായ രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ആകെ നാല് ടെർമിനലുകളാണ് വിമാനത്താവളത്തിലുണ്ടാകുക. 5ജി കണക്ടഡ്, ഡിജി യാത്ര സൗകര്യം, ബാഗേജ് ട്രാക്ക് ചെയ്യാൻ സൗകര്യം, വൈഫൈ കവറേജ്, ഓട്ടോമേറ്റഡ് ട്രാഫിക് മാനേജ്മെന്റ് തുടങ്ങിയ വമ്പൻ സാങ്കേതികവിദ്യകളാണ് എയർപോർട്ടിൽ ഒരുക്കിയിരിക്കുന്നത്. ആദ്യദിവസം മുതൽത്തന്നെ ഡിജിറ്റൽ പ്രവർത്തനങ്ങൾ സജ്ജമാക്കും. എയർപോർട്ട് ഓപ്പറേറ്റർ, വിമാനക്കമ്പനികൾ, ഗ്രൗണ്ട് ഹാൻഡ്ലിങ് കമ്പനികൾ, സുരക്ഷാ എജൻസികൾ എന്നിവയ്ക്കെല്ലാം വിമാനത്താവളത്തിലെ വിവരങ്ങൾ തത്സമയം ആപ്പ് വഴി ലഭിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. 66 ചെക്കിൻ കൗണ്ടറുകൾ, സ്വയം ബാഗേജ് നിക്ഷേപിക്കാൻ 22 കൗണ്ടറുകൾ, 29 എയ്റോബ്രിജ്, 10 ബസ് ബോർഡിങ് ഗേറ്റുകൾ എന്നിങ്ങനെ നീളുന്നതാണ് സവിശേഷതകൾ.
അതേസമയം, രണ്ടാം ടെർമിനലിന്റെ രൂപകല്പനയ്ക്ക് തുടക്കംകുറിച്ചതായി അദാനി ഗ്രൂപ്പ് അറിയിച്ചു. 30,000 കോടി രൂപയുടെ പദ്ധതി 2029ഓടെ പൂർത്തിയാകും. രണ്ടാംഘട്ടം പൂർത്തിയായാൽ എയർപോർട്ടിന്റെ വിസ്തൃതി 2,34,000 ചതുരശ്രമീറ്ററാകും. വർഷം രണ്ടുകോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള വിമാനത്താവളത്തിന്റെ മൂന്നാംഘട്ടത്തിൽ രണ്ടാമത്തെ ടെർമിനൽ നിർമിക്കും. ഇതോടെ, ശേഷി അഞ്ചുകോടിയിലേക്കുയരുന്നതിനൊപ്പം വിസ്തൃതി നാലു ലക്ഷം ചതുരശ്രമീറ്ററാകും. നാലാം ഘട്ടത്തിൽ മൂന്നാം ടെർമിനലും അഞ്ചാം ഘട്ടത്തിൽ നാലാം ടെർമിനലും വരും. നിർമാണം പൂർത്തിയായാൽ വർഷം ഒമ്പതു കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി വിമാനത്താവളത്തിനുണ്ടാകും. രണ്ടു റൺവേകളാണ് വിമാനത്താവളത്തിലുള്ളത്. ഇവ 3,700 മീറ്റർ വീതം നീളം വരും. ഇതിൽ ആദ്യ റൺവേ പൂർണസജ്ജമായി. തുടക്കത്തിൽ അഞ്ചുലക്ഷം മെട്രിക് ടൺ ചരക്കു കൈകാര്യം ചെയ്യാനുള്ള ശേഷിയും നവി മുംബൈ വിമാനത്താവളത്തിനുണ്ടാകും. നിർമാണം പൂർത്തിയായാൽ ഇത് 32 ലക്ഷം ടണ്ണായി ഉയരും.
