ആഗോള വിപണികളിൽ വെള്ളി വില കുതിച്ചുയരുന്നു. ഫ്യൂച്ചറുകൾ ഔൺസിന് $71 ന് മുകളിൽ ഉയർന്നു. ഇത് ഈ വർഷത്തെ വെള്ളിയുടെ നേട്ടം ഏകദേശം 150% ആയി ഉയർത്തി. ഇതോടെ ലോകത്തിലെ ഏറ്റവും മൂല്യവത്തായ മൂന്നാമത്തെ ആസ്തിയായി വെള്ളി മാറി. ആപ്പിൾ ഇൻകോർപ്പറേറ്റഡിനെ മറികടന്നാണ് വെള്ളിയുടെ നേട്ടമെന്ന് സിഎൻബിസി റിപ്പോർട്ട് ചെയ്യുന്നു. ആഗോളതലത്തിൽ ഏറ്റവും മൂല്യമുള്ള ആസ്തികളിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ ഇപ്പോൾ സ്വർണത്തിനും എൻവിഡിയയ്ക്കുമാണ്.

വാൾസ്ട്രീറ്റിൽ വ്യാപാരം അവസാനിക്കുമ്പോൾ ആപ്പിളിന് 4.02 ട്രില്യൺ ഡോളർ വിലയുണ്ടായിരുന്നിടത്ത് വെള്ളിയുടെ വിപണി മൂല്യം ഏകദേശം 4.04 ട്രില്യൺ ഡോളറിലെത്തി. സിഎൻബിസി ടിവി18 റി്പോർട്ട് പ്രകാരം, യുഎസ് ഫെഡറൽ റിസർവ് 2026 വരെയും പലിശനിരക്ക് കുറയ്ക്കുന്നത് തുടരുമെന്ന് പല വ്യാപാരികളും വിശ്വസിക്കുന്നു. ഒരു വർഷത്തിനുള്ളിൽ വില ഇരട്ടിയിലധികം വർദ്ധിച്ചതിനാൽ വെള്ളിയെ പുതിയ സ്വർണമെന്നാണ് വിപണി വിദഗ്ധർ വിശേഷിപ്പിക്കുന്നത്. ഇലക്ട്രോണിക്സ്, സോളാർ പാനലുകൾ, മെഡിക്കൽ ഉപകരണങ്ങൾക്കുള്ള കോട്ടിംഗുകൾ എന്നിവയിൽ പോലും വെള്ളി ഉപയോഗിക്കുന്നതിനാൽ, ആഗോള വിതരണ ശൃംഖലകളിൽ വെള്ളി പ്രധാന പങ്ക് വഹിക്കുന്നു.
ഒക്ടോബറിലെ ചെറിയ ഇടിവിന് ശേഷം, വെള്ളി വില വീണ്ടും ഉയരുകയാണ്. വ്യവസായങ്ങളിൽ നിന്നുള്ള ശക്തമായ ഡിമാൻഡും എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലേക്കുള്ള വൻതോതിലുള്ള നിക്ഷേപവുമാണ് വില ഉയർന്ന നിലയിൽ നിലനിർത്തുന്നതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.