കേരളത്തിൽ മികച്ച ആശയവുമായി ബിസിനസ്സിലേക്കു കടന്നാൽ വിജയം നേടാൻ കഴിയുമെന്നും എന്നാൽ അതിനൊപ്പം ദീർഘകാല ദർശനവും ക്ഷമയും അനിവാര്യമാണെന്ന് ഓക്സിജൻ ഡിജിറ്റൽ സിഇഒ ഷിജോ.കെ. തോമസ്. ചാനൽ അയാം ഷീ പവറിനോട് അനുബന്ധിച്ച്, ഓക്സിജൻ ഡിജിറ്റലിന്റെ 25 വർഷത്തെ പ്രവർത്തനാനുഭവം പങ്കുവെച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതകളുടെ പങ്കാളിത്തം ബിസിനസിലും ഡിജിറ്റൽ മേഖലയിലും നിർണായകമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം കരിയർ ബ്രേക്ക് എടുത്ത ശേഷം കഴിവുള്ള സ്ത്രീകൾക്ക് വീണ്ടും അവസരങ്ങൾ നൽകേണ്ടതിന്റെ ആവശ്യകതയും ഓർമ്മിപ്പിച്ചു. ശരിയായ അന്തരീക്ഷവും പരിശീലനവും ലഭിച്ചാൽ വനിതകൾ ഉയർന്ന നിലവാരത്തിലുള്ള പ്രകടനം കാഴ്ചവെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിസിനസ് രംഗത്ത് ഇന്ന് കേരളം വലിയ മാറ്റത്തിലൂടെയാണ് കടന്നുപോകുന്നത്. മുൻകാലത്തേക്കാൾ കൂടുതൽ സ്റ്റാർട്ടപ്പുകൾക്ക് വൻതോതിൽ ഫണ്ടിംഗ് ലഭിക്കുന്നുണ്ട്. കോടികളുടെ നിക്ഷേപമാണ് കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിലേക്ക് ഒഴുകിയെത്തിയത്. മികച്ച കഴിവുകളുള്ള യുവാക്കൾ സ്റ്റാർട്ടപ്പുകളിലേക്ക് എത്തുന്നത് സംസ്ഥാനത്തിന് വലിയ സാധ്യതകളാണ് തുറക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം ബിസിനസ് യാത്രയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്ലാൻ ചെയ്ത സംരംഭകയാത്രയായിരുന്നില്ല. പരിമിതമായ മൂലധനത്തോടെ, വളരെ കുറച്ച് സ്ഥലത്താണ് ബിസിനസ് ആരംഭിച്ചത്. കുടുംബത്തിന്റെ പിന്തുണ പ്രധാനമായി. സ്മാർട്ട്ഫോൺ വിപ്ലവവും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വ്യാപനവും ബിസിനസിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യ എന്നത് ഇന്ന് മനുഷ്യജീവിതവുമായി പൂർണമായി ബന്ധിപ്പിക്കപ്പെട്ട മേഖലയാണെന്നും, സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള വിഷയങ്ങൾ ഇനി ഒഴിവാക്കാനാകാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളം 100 ശതമാനം ഡിജിറ്റൽ ലിറ്ററസിയിലേക്ക് എത്തിയതോടെ സംസ്ഥാനത്തിന്റെ വളർച്ച പുതിയ തലത്തിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദീർഘകാല ദർശനം ഉണ്ടാകണം എന്നതാണ് ബിസിനസ് ആരംഭിക്കുന്നവർക്ക് ഷിജോ നൽകുന്ന പ്രധാന ഉപദേശം. ഹ്രസ്വകാല ലാഭമോ വാല്യുവേഷനോ മാത്രം ലക്ഷ്യമാക്കി സംരംഭങ്ങൾ ആരംഭിക്കുന്ന പ്രവണത വർധിക്കുന്നുണ്ട്. എന്നാൽ ദീർഘകാല ലക്ഷ്യവും ടീം ബിൽഡിംഗും പ്രോസസ് സിസ്റ്റങ്ങളും സ്കെയിലബിലിറ്റിയും ഉറപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. കാൽക്കുലേറ്റഡ് റിസ്കുകൾ എടുക്കാൻ തയ്യാറാകാത്ത സ്ഥാപനങ്ങൾ സ്റ്റാഗ്നേഷനിലേക്കും പിന്നീട് പിന്നാക്കത്തിലേക്കുമാണ് പോകുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സോഫ്റ്റ്‌വെയർ മേഖലയ്ക്ക് പുറമെ കാർഷികം, ഫുഡ് പ്രോസസ്സിങ്, ഇലക്ട്രോണിക്‌സ് മാനുഫാക്ചറിങ് തുടങ്ങിയ മേഖലകളിലും കേരളത്തിന് വലിയ സാധ്യതകളുണ്ടെന്നും, വിഴിഞ്ഞം തുറമുഖം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഈ സാധ്യതകൾ കൂടുതൽ ശക്തമാക്കുമെന്നും ഷിജോ.കെ. തോമസ് പറഞ്ഞു
Oxygen Digital CEO Shijo K. Thomas shares insights on business success in Kerala, emphasizing patience, long-term vision, and the vital role of women in the digital era
