സംരംഭകരുടെയും ബിസിനസ് രംഗത്തുള്ളവരുടെയും കാര്യത്തിൽ സാമ്പത്തിക ആസൂത്രണത്തിന്റെ പ്രാധാന്യം ഇരട്ടിയാണെന്ന് ഹെഡ്ജ് വെൽത്ത് മാനേജ്മെന്റ് സർവീസസ് സീനിയർ വൈസ് പ്രസിഡന്റ് കിരൺ റിയാസ്. സംരംഭം ആരംഭിക്കുന്ന ഘട്ടം മുതൽ തന്നെ ‘പ്ലാൻ ബി’ ഉണ്ടായിരിക്കണമെന്നും ചാനൽ അയാം ഷീ പവറിനോട് അനുബന്ധിച്ചുള്ള പോഡ്കാസ്റ്റിൽ സംസാരിക്കവേ അവർ വിശദമാക്കി. ഏതെങ്കിലും കാരണവശാൽ ബിസിനസ് പ്രതിസന്ധിയിലായാൽ അതിനെ താങ്ങിനിർത്താനുള്ള ബാക്കപ്പ് സംവിധാനങ്ങളാണ് ദീർഘകാല വിജയത്തിന്റെ അടിസ്ഥാനമെന്നും അവർ കൂട്ടിച്ചേർത്തു. സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തത്തെക്കുറിച്ചും കിരൺ റിയാസ് ശ്രദ്ധേയമായ നിരീക്ഷണം പങ്കുവെച്ചു. പലപ്പോഴും സ്ത്രീകൾക്ക് സാമ്പത്തിക ആസൂത്രണം ചെയ്യാൻ കഴിയില്ലെന്ന തെറ്റായ ധാരണ നിലനിൽക്കുന്നുണ്ട്. എന്നാൽ ഒരിക്കൽ തീരുമാനമെടുത്താൽ കാര്യങ്ങൾ വളരെ ക്രമബദ്ധമായി കൈകാര്യം ചെയ്യുന്ന സ്ത്രീകളെയാണ് താൻ കൂടുതലും കണ്ടിട്ടുള്ളതെന്നും അവർ പറഞ്ഞു.
സാമ്പത്തികമായി ‘മാനേജ് ചെയ്യാം’ എന്നു കരുതുന്നതിനും അപ്പുറമാണ് ഫിനാൻഷ്യൽ ബാലൻസ്. വരുമാനം ഉണ്ടാകുമ്പോൾ ചെലവുകൾ കൈകാര്യം ചെയ്യാൻ കഴിയുന്നതിനെ മാത്രമല്ല, വരുമാനം നിലച്ചാൽ പോലും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന അവസ്ഥയെയാണ് യഥാർത്ഥ സാമ്പത്തിക സന്തുലനം എന്ന് വിളിക്കാനാകുക. അടിയന്തര ഘട്ടങ്ങളിൽ ആശ്രയിക്കാനുള്ള സൂക്ഷിപ്പുകളും ഇൻഷുറൻസും നിക്ഷേപങ്ങളും ഒരുമിച്ച് നിലനിൽക്കുന്ന അവസ്ഥയാണ് സാമ്പത്തിക സന്തുലനം. വരുമാനം ഇല്ലാത്ത സാഹചര്യത്തിലും ആശുപത്രി ചെലവുകളോ മറ്റ് അടിയന്തര ആവശ്യങ്ങളോ ജീവിതത്തെ തകർക്കാതിരിക്കണമെങ്കിൽ, മുൻകൂട്ടിയുള്ള ആസൂത്രണം അനിവാര്യമാണ്. ആരോഗ്യ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ്, അടിയന്തര ഫണ്ട് എന്നിവ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്. ഇവയില്ലാതെ വിരമിക്കലിനോ ദീർഘകാല സാമ്പത്തിക സുരക്ഷയ്ക്കോ ആശ്രയിക്കാവുന്ന ആസ്തികൾ ഉണ്ടാകില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഇന്ന് ആരോഗ്യ പ്രശ്‌നങ്ങൾ സാധാരണമാകുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. മുപ്പതുകളിൽ തന്നെ പലർക്കും എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നു. എന്നിട്ടും, ലൈഫ് ഇൻഷുറൻസിനെയും ഹെൽത്ത് ഇൻഷുറൻസിനെയും പലരും അനാവശ്യ ചെലവായി കാണുന്നതാണ് വലിയ പിഴവെന്ന് കിരൺ റിയാസ് ചൂണ്ടിക്കാട്ടുന്നു. നാലംഗ കുടുംബത്തിന് ഒരാൾക്ക് കുറഞ്ഞത് 10 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ആവശ്യമാണ് എന്നതാണ് പൊതുവായ കണക്കുകൂട്ടൽ. ലൈഫ് ഇൻഷുറൻസ് കാര്യത്തിൽ വാർഷിക വരുമാനത്തിന്റെ ഇരുപത് മടങ്ങ് എന്നൊരു ഫോർമുല മാത്രം പിന്തുടരേണ്ടതില്ല. വ്യക്തിയുടെ ഉത്തരവാദിത്വങ്ങളും ആശ്രിതരുമെല്ലാം അനുസരിച്ചാണ് തീരുമാനങ്ങൾ എടുക്കേണ്ടതെന്നും അവർ അഭിപ്രായപ്പെട്ടു.
ഉപഭോക്താക്കളുമായുള്ള മാനുഷിക ബന്ധങ്ങളെ AI മാറ്റിസ്ഥാപിക്കില്ലെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പങ്കിനെക്കുറിച്ച് സംസാരിക്കവേ അവർ വ്യക്തമാക്കി. വികാരങ്ങളുള്ള മനുഷ്യരുമായി നേരിട്ട് ഇടപഴകുന്ന മേഖലയിലാണ് സാമ്പത്തിക ഉപദേശത്തിന്റെ യഥാർത്ഥ മൂല്യം. എന്നാൽ പദ്ധതികൾ തയ്യാറാക്കാനും ഫോളോ-അപ്പ് നടത്താനും എഐ വലിയ സഹായകരമാണെന്നും അവർ പറഞ്ഞു. നിക്ഷേപം എപ്പോൾ തുടങ്ങണം എന്ന ചോദ്യത്തിന് കിരൺ റിയാസ് നൽകുന്ന മറുപടി ലളിതമാണ് — ആദ്യ ശമ്പളം ലഭിക്കുന്ന നിമിഷം തന്നെ. വൈകിയായാലും നിക്ഷേപം തുടങ്ങുക എന്നതാണ് പ്രധാനമെന്നും അവർ പറയുന്നു. വരുമാനത്തിന്റെ കുറഞ്ഞത് 20 ശതമാനം എങ്കിലും നിക്ഷേപത്തിനായി മാറ്റിവയ്ക്കുക എന്നതാണ് യുവാക്കളോട് കിരൺ റിയാസിന് പറയാനുള്ളത്. 50 ശതമാനം അടിസ്ഥാന ചെലവുകൾക്കും 30 ശതമാനം മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിച്ചാലും, ആ 20 ശതമാനം ഭാവിക്കായി സംരക്ഷിക്കേണ്ടതാണെന്ന് അവർ ഓർമ്മിപ്പിക്കുന്നു.
True financial balance is the ability to sustain life even when income stops. Hedge Wealth VP Kiran Riyas explains why entrepreneurs need a ‘Plan B’ and shares essential tips on insurance and investments.
