ഇന്ത്യൻ വ്യോമസേന (IAF) ഏകദേശം 80 സൈനിക ഗതാഗത വിമാനങ്ങൾ വാങ്ങാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ഇതിനുപിന്നാലെ അമേരിക്കൻ എയ്റോസ്പേസ് ഭീമനായ ലോക്ക്ഹീഡ് മാർട്ടിൻ തങ്ങളുടെ C-130J സൂപ്പർ ഹെർക്കുലീസ് വിമാനമാണ് ഇന്ത്യയ്ക്ക് ഏറ്റവും മികച്ച തിരഞ്ഞെടുപ്പെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യക്ക് അധികമായി ഈ വിമാനങ്ങൾ സ്വന്തമാകുന്നതിലൂടെ ക്വാഡ് (QUAD) രാജ്യങ്ങളായ ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നിവിടങ്ങളിലെ ടാക്ടിക്കൽ എയർലിഫ്റ്റ് ശേഷിയിൽ കൂടുതൽ ശക്തമായ സ്ഥാനം ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.

അവസരം ലഭിച്ചാൽ ഇന്ത്യയിൽ തന്നെ C-130J വിമാനങ്ങളുടെ നിർമ്മാണത്തിനായി ‘മെഗാ ഹബ്’ സ്ഥാപിക്കുമെന്നും, ഇത് അമേരിക്കയ്ക്ക് പുറത്ത് ലോകത്തിൽ ആദ്യമായുള്ള ആഗോള നിർമ്മാണ കേന്ദ്രമായിരിക്കുമെന്നും ലോക്ക്ഹീഡ് മാർട്ടിന്റെ മുതിർന്ന ഉദ്യോഗസ്ഥർ പിടിഐയോട് പറഞ്ഞു. ഇതുവരെ C-130J സൂപ്പർ ഹെർക്കുലീസ് വിഭാഗത്തിലെ 560ലധികം വിമാനങ്ങൾ ലോക്ക്ഹീഡ് മാർട്ടിൻ വിതരണം ചെയ്തിട്ടുണ്ട്. മൂന്ന് ദശലക്ഷത്തിലധികം പറക്കൽ മണിക്കൂറുകൾ പൂർത്തിയാക്കിയ ഈ വിമാനങ്ങൾ 23 രാജ്യങ്ങളിലെ 28 ഓപ്പറേറ്റർമാർ ഉപയോഗിക്കുന്നു. ഇന്ത്യൻ വ്യോമസേന നിലവിൽ 12 C-130J വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. സാധാരണ ഗതാഗത പതിപ്പിനൊപ്പം, ഇന്റലിജൻസ്, ഇലക്ട്രോണിക് വാർഫെയർ, സ്പെഷ്യൽ ഫോഴ്സ് പിന്തുണ, തിരച്ചിൽ-രക്ഷാ ദൗത്യങ്ങൾ, കമാൻഡ് റോളുകൾ എന്നിവയ്ക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത നിരവധി പതിപ്പുകളും C-130J-യ്ക്ക് ഉണ്ടെന്നും ലോക്ക്ഹീഡ് മാർട്ടിൻ അറിയിച്ചു. ഇന്ത്യയ്ക്കൊപ്പം ക്വാഡ് അംഗരാജ്യങ്ങളായ അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നിവയും ഇതിനകം തന്നെ C-130J വിമാനങ്ങൾ ഉപയോഗിക്കുന്നതായും ലോക്ക്ഹീഡ് മാർട്ടിൻ എയർ മൊബിലിറ്റി ആൻഡ് മാരിടൈം മിഷൻസ് വിഭാഗം വൈസ് പ്രസിഡന്റ് പാട്രീഷ്യ ട്രിഷ് പേഗൻ പറഞ്ഞു.
C-130J വിമാനങ്ങളിൽ പുതിയ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തുന്ന പ്രവൃത്തിയിലാണ് കമ്പനി. F-35 ലൈറ്റ്നിംഗ് യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഡിസ്ട്രിബ്യൂട്ടഡ് അപർചർ സിസ്റ്റം (DAS) ഉൾപ്പെടെയുള്ള നവീകരണങ്ങൾ ഇതിനകം ആസൂത്രണം ചെയ്തിട്ടുണ്ട്. ആറു ഇൻഫ്രാറെഡ് ക്യാമറകളുള്ള ഈ സിസ്റ്റം മിസൈൽ മുന്നറിയിപ്പ്, നൈറ്റ് വിഷൻ തുങ്ങിയവ നൽകുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.
Lockheed Martin offers to set up a global C-130J Super Hercules ‘Mega Hub’ in India. As the IAF plans to acquire 80 transport aircraft, discover how this move boosts India’s defense manufacturing and Quad synergy.
