ഇന്ത്യയിലെ ആദ്യത്തെ പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച 1.5 ടെസ്ല മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് (MRI) സ്കാനർ വികസിപ്പിച്ച് ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് വോക്സൽഗ്രിഡ്സ്. സോഹോ കോർപ്പറേഷന്റെ പിന്തുണയോടെയാണ് വികസനവും വിന്യാസവും.
സീമെൻസ്, ജിഇ ഹെൽത്ത്കെയർ തുടങ്ങിയ ആഗോള ഭീമന്മാരിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഡയഗ്നോസ്റ്റിക് ഉപകരണങ്ങളെ ഇന്ത്യ വളരെയധികം ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ലക്ഷ്യം. വോക്സൽഗ്രിഡ്സ് സ്ഥാപകനായ അർജുൻ അരുണാചലത്തിന്റെ നേതൃത്വത്തിൽ 12 വർഷത്തെ പരിശ്രമത്തിന്റെ ഫലമായാണ് എംആർഐ സ്കാനർ പുറത്തിരിക്കിയിരിക്കുന്നത്.

നാഗ്പൂരിനടുത്തുള്ള ചന്ദ്രപൂർ കാൻസർ കെയർ ഫൗണ്ടേഷനിലാണ് സ്കാനർ സ്ഥാപിച്ചിരിക്കുന്നത്. ഹീലിയം രഹിത “ഡ്രൈ മാഗ്നറ്റ്” ഡിസൈൻ ഉപയോഗിച്ചിരിക്കുന്നുവെന്നതാണ് വോക്സൽഗ്രിഡ്സ് വികസിപ്പിച്ചെടുത്ത സ്കാനറിന്റെ പ്രത്യേകത. ഇത് വിലയേറിയ ലിക്വിഡ് ഹീലിയം കൂളന്റിന്റെ ആവശ്യകത ഇല്ലാതാക്കുന്നു. ഇതിലൂടെ സിസ്റ്റത്തിന് ഏകദേശം 40% ചിലവ് കുറയ്ക്കാനും കൂടുതൽ ഊർജ്ജക്ഷമതയുള്ളതുമാക്കാനായി. ഭാരം കുറഞ്ഞതും, ഒതുക്കമുള്ളതും, ചെറിയ ആശുപത്രികൾക്കും ഗ്രാമപ്രദേശങ്ങളിലെ മൊബൈൽ വിന്യാസങ്ങൾക്കും ഈ എംആർഐ സ്കാനർ അനുയോജ്യമാണ്.
കുറഞ്ഞ വൈദ്യുതി മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്നതും വൈദ്യുത തടസ്സങ്ങളെ പ്രതിരോധിക്കാനുമാകുമെന്നതുമാണ് മറ്റ് സവിശേഷതകളെന്ന് വോക്സൽഗ്രിഡ്സ് പ്രതിനിധി പറഞ്ഞു. ആരോഗ്യ സംരക്ഷണ ദാതാക്കളുടെ മുൻകൂർ ചിലവുകൾ കുറയ്ക്കുന്ന പേ-പെർ-യൂസ് മോഡലും സ്കാനറിനുണ്ട്. രാജ്യത്തുടനീളമുള്ള കൂടുതൽ രോഗികൾക്ക് ഈ സൗകര്യം ലഭ്യമാകുന്ന തരത്തിലും ചെറിയ ആശുപത്രികൾക്ക് സ്കാനറുകൾ താങ്ങാനാവുന്ന തരത്തിലും സ്കാനറുകൾ കൂടുതൽ വ്യാപകമായി ലഭ്യമാക്കുക എന്നതാണ് വോക്സൽഗ്രിഡ്സിന്റെ ലക്ഷ്യം. ആത്മനിർഭർ ഭാരത് ലക്ഷ്യത്തിലെ മറ്റൊരു നാഴികക്കല്ലാണ് നാഷണൽ ബയോഫാർമ മിഷന്റെ കീഴിൽ വോക്സൽഗ്രിഡ്സ് വികസിപ്പിച്ച എംആർഐ സ്കാനർ. സ്കാനർ വികസിപ്പിക്കുന്നതിനായി ചെലവഴിച്ച ആകെ 17 കോടി രൂപയിൽ നിന്ന്, ബയോടെക്നോളജി വകുപ്പിന് കീഴിലുള്ള ബയോടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിൽ 12 കോടി രൂപ നൽകിയതായി കേന്ദ്ര സർക്കാർ നേരത്തെ അറിയിച്ചിരുന്നു.
ഇന്ത്യയിലെ തദ്ദേശീയ മെഡിക്കൽ സാങ്കേതികവിദ്യയിൽ നിർണായക നേട്ടമാണ് വോക്സൽഗ്രിഡ്സ് നടത്തിയതെന്ന് സോഹോ എക്സ് പ്ലാറ്റ്ഫോമിലൂടെ പറഞ്ഞു. സോഹോ നിക്ഷേപത്തിലൂടെ, ടാറ്റ ട്രസ്റ്റ്സിന്റെ ഭാഗമായുള്ള ചന്ദ്രപുർ കാൻസർ ആശുപത്രിയിൽ ഇന്ത്യയിലെ ആദ്യ തദ്ദേശീയ എംആർഐ സ്കാനറുകൾ സ്ഥാപിക്കുന്നതിൽ പിന്തുണ നൽകാനായതിൽ അഭിമാനമുണ്ടെന്നും കമ്പനി എക്സിലെ കുറിപ്പിൽ കൂട്ടിച്ചേർത്തു.
Bengaluru-based startup VoxelGrids develops India’s first indigenous 1.5 Tesla MRI scanner. Backed by Zoho and the Govt of India, this helium-free scanner aims to reduce diagnostic costs by 40%.
