ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ആക്കം കൂട്ടിയ വർഷമായിരുന്നു 2025. പോയ വർഷം പൂർത്തിയായ പ്രധാന ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ നോക്കാം.
നവി മുംബൈ വിമാനത്താവളം
18,000-20,000 കോടി രൂപ ചിലവിൽ നിർമിച്ച നവി മുംബൈ വിമാനത്താവളം, മുംബൈ നഗരത്തിന്റെ വികാസത്തിന്റെ പുതിയ അടയാളമായി മാറും. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ രണ്ടാമത്തെ വിമാനത്താവളമാണ് എൻഎംഐഎ. അദാനി എയർപോർട്ട് ഹോൾഡിങ്സിന് 74 ശതമാനം പങ്കാളിത്തമുള്ള വിമാനത്താവളത്തിൽ ബാക്കി 26 ശതമാനം ഓഹരികൾ സിറ്റി ആൻഡ് ഇൻഡസ്ട്രിയൽ ഡിവലപ്മെന്റ് കോർപ്പറേഷനാണ് (CIDCO). പുണെ, നാസിക് നഗരങ്ങളിൽനിന്ന് എളുപ്പത്തിൽ എത്തിച്ചേരാവുന്ന തരത്തിലാണ് വിമാനത്താവളത്തിന്റെ ലൊക്കേഷൻ. മുംബൈ നഗരത്തിൽനിന്ന് 21 കിലോമീറ്റർ ദൂരത്തിൽ രണ്ടുവർഷംമുൻപ് തുറന്ന അടൽസേതു കടൽപ്പാലത്തിലൂടെ അതിവേഗം എത്തിച്ചേരാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
സമൃദ്ധി മഹാമാർഗ്
മുംബൈ-നാഗ്പൂർ എക്സ്പ്രസ് വേ എന്നറിയപ്പെടുന്ന സമൃദ്ധി മഹാമാർഗ്, അവസാന ഘട്ടവും പൂർത്തിയാക്കിയ ശേഷം 2025ൽ പൂർണമായും പ്രവർത്തനക്ഷമമായി. ഏകദേശം 55,000 കോടി രൂപ ചിലവിൽ നിർമിച്ച ഈ 701 കിലോമീറ്റർ ദൈർഘ്യമുള്ള ആക്സസ്-കൺട്രോൾ എക്സ്പ്രസ് വേ, ഇന്ത്യയിലെ ഏറ്റവും വലിയ റോഡ് ഇൻഫ്രാസ്ട്രക്ചർ പദ്ധതികളിൽ ഒന്നാണ്. മുംബൈയെ നാഗ്പൂരുമായി ബന്ധിപ്പിക്കുന്ന പാത, നീളമുള്ള തുരങ്കങ്ങൾ, പ്രധാന പാലങ്ങൾ, അതിവേഗ യാത്രയ്ക്കായി രൂപകൽപ്പന ചെയ്ത വീതിയേറിയ കോൺക്രീറ്റ് കാരിയേജ് വേകൾ തുടങ്ങിയ സങ്കീർണ്ണമായ എഞ്ചിനീയറിംഗ് സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ്.
സോനാമാർഗ് ടണൽ
ഇസഡ്-മോർ ടണൽ എന്നും അറിയപ്പെടുന്ന സോനാമാർഗ് ടണൽ, ഏകദേശം 2,700 കോടി രൂപയുടെ ചിലവിലാണ് നിർമാണം പൂർത്തിയാക്കിയത്. ഹിമാലയൻ അടിസ്ഥാന സൗകര്യങ്ങളിൽ പ്രധാന നേട്ടമായാണ് ടണൽ കണക്കാക്കപ്പെടുന്നത്. ജമ്മു കശ്മീരിലെ ഏറെ വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശത്ത് നിർമിച്ച തുരങ്കം, ശ്രീനഗർ-സോനാമാർഗ് റൂട്ടിലെ ഹിമപാത സാധ്യതയുള്ള ഭാഗങ്ങളെ മറികടക്കുന്നതിനായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ദ്വാരക എക്സ്പ്രസ്സ് വേ
ഏകദേശം 9,000 കോടി രൂപ ചിലവിൽ നിർമിച്ച ദ്വാരക എക്സ്പ്രസ് വേയും 2025ൽ പ്രവർത്തനക്ഷമമായി. ദേശീയ തലസ്ഥാന മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട അർബൻ റോഡ് പദ്ധതികളിൽ ഒന്നായ എക്സ്പ്രസ് വേ, ഡൽഹിക്കും ഗുരുഗ്രാമിനും ഇടയിലുള്ള ആക്സസ് നിയന്ത്രിത ഇടനാഴിയായാണ് നിർമിക്കപ്പെട്ടിരിക്കുന്നത്.
മുംബൈ മെട്രോ ലൈൻ 3 (അക്വാ ലൈൻ)
അക്വാ ലൈൻ എന്നറിയപ്പെടുന്ന മുംബൈ മെട്രോ ലൈൻ 3 2025ൽ പ്രവർത്തനക്ഷമമായി. ഏകദേശം 33,000 കോടി രൂപ ചിലവിൽ നിർമാണം പൂർത്തിയായ ഇത്, ഇന്ത്യയിലെ ഏറ്റവും ചിലവേറിയ മെട്രോ പദ്ധതികളിൽ ഒന്നാണ്. മുംബൈയിലെ ഏറ്റവും തിരക്കേറിയതും ജനസാന്ദ്രതയുള്ളതുമായ പ്രദേശങ്ങളിലൂടെയാണ് ഇത് കടന്നുപോകുന്നത്.
അർബൻ എക്സ്റ്റൻഷൻ റോഡ്-II
UER-II എന്നറിയപ്പെടുന്ന അർബൻ എക്സ്റ്റൻഷൻ റോഡ്-II, 2025ൽ ഡൽഹിയിൽ പ്രവർത്തനക്ഷമമായി. ഏകദേശം 6,000-7,000 കോടി രൂപ ചെലവിലാണ് നിർമാണം പൂർത്തിയാക്കിയത്. ഉയർന്ന ശേഷിയുള്ള പെരിഫറൽ റോഡായി ആസൂത്രണം ചെയ്ത പദ്ധതി, നഗരത്തിലെ ഏറ്റവും തിരക്കേറിയ ഉൾപ്രദേശങ്ങളെ ചുറ്റിപ്പറ്റി പ്രധാന ദേശീയ പാതകളെ ബന്ധിപ്പിക്കുന്ന വിപുലീകൃത റിംഗ് റോഡ് പോലെ പ്രവർത്തിക്കാനായാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.
2025ൽ പൂർത്തിയായി, 2026 തുടക്കത്തിൽ പ്രവർത്തനക്ഷമമാകുന്നവ
ഉത്തർപ്രദേശിലെ ഗംഗാ എക്സ്പ്രസ് വേ, ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേയുടെ ഭാഗങ്ങൾ, മുംബൈ -വഡോദര-ഡൽഹി എക്സ്പ്രസ് വേ തുടങ്ങിയവയാണ് 2025ൽ പൂർത്തിയായി, 2026ന്റെ തുടക്കത്തിൽ പ്രവർത്തനക്ഷമമാകുന്ന പ്രധാന ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ.
Discover the major infrastructure projects completed in India in 2025, including the Navi Mumbai International Airport, Samruddhi Mahamarg, and Mumbai Metro Line 3. Learn how these projects are transforming India’s connectivity and economy.