ഇന്ത്യയുടെ സിവിൽ ഏവിയേഷൻ മേഖലയിൽ മത്സരം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന, ശംഖ് എയർ, അൽ-ഹിന്ദ് എയർ, ഫ്ലൈഎക്സ്പ്രസ് എന്നീ മൂന്ന് പുതിയ എയർലൈൻ ഓപ്പറേറ്റർമാരെ കേന്ദ്ര സർക്കാർ രണ്ടു ദിവസം മുമ്പാണ് അംഗീകരിച്ചത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) പരിശോധനകളും നിയന്ത്രണ പരിശോധനകളും പൂർത്തിയായിക്കഴിഞ്ഞാൽ, എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് നേടി ഈ എയർലൈനുകൾ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എതിരാളികളായ ശംഖ് എയർ, അൽ-ഹിന്ദ് എയർ എന്നിവയിൽ നിന്ന് വ്യത്യസ്തമായി ഏറ്റവുമൊടുവിൽ അനുമതി ലഭിച്ച ഫ്ലൈഎക്സ്പ്രസ് അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങളേ പുറത്തുവന്നിട്ടുള്ളൂ. ഹൈദരാബാദ് ആസ്ഥാനമായുള്ള കൊറിയർ, കാർഗോ കമ്പനി ഫ്ലൈഎക്സ്പ്രസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഏറ്റവുമൊടുവിൽ അനുമതി ലഭിച്ച മൂന്നാമത്തെ അംഗീകൃത എയർലൈനായ ഫ്ലൈഎക്സ്പ്രസ്. എയർലൈനിന്റെ ആസ്ഥാനം ഹൈദരാബാദിലെ ബെഗംപേട്ടിലാണ് സ്ഥിതി ചെയ്യുന്നത്, രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് (ഹൈദരാബാദ്) ആണ് എയർലൈനിന്റെ ബേസ് ആകുക. എന്നാൽ കമ്പനിയുടെ വിശദമായ കോർപ്പറേറ്റ് വിവരങ്ങൾ ഇതുവരെ പരസ്യമാക്കിയിട്ടില്ല. ഉടമസ്ഥാവകാശം, ഫ്ലീറ്റ്, റൂട്ട് നെറ്റ്‌വർക്ക് എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇനിയും പുറത്തുവരാനുണ്ട്. എയർലൈൻ സംരംഭത്തിന് നേതൃത്വം നൽകുന്നത് ഫ്ലൈ എക്സ്പ്രസ്സ് മേധാവിയായ കൊണകാട്ടി സുരേഷാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഈ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ തെരഞ്ഞെിട്ടും അധികം ലഭിച്ചിട്ടില്ല.
“സർവീസുകൾ ഉടൻ ആരംഭിക്കും” എന്ന സന്ദേശത്തോടുകൂടിയ ഒരു ഔദ്യോഗിക വെബ്‌സൈറ്റ് flyexpress.aero എയർലൈൻ ആരംഭിച്ചിട്ടുണ്ട്. ലോഞ്ച് തീയതി, ഉദ്ഘാടന റൂട്ട്, ഫ്ലീറ്റ് പ്രഖ്യാപനം എന്നിവ കമ്പനി നടത്തിയിട്ടില്ല. 2026 അവസാനമോ 2027 ന്റെ തുടക്കത്തിലോ ഫ്ലൈഎക്സ്പ്രസ് പ്രവർത്തനം ആരംഭിച്ചേക്കാമെന്ന് സൂചനയുണ്ട്. നിലവിൽ, ഫ്ലൈഎക്സ്പ്രസ് അതിന്റെ പ്രീ-ഓപ്പറേഷൻ ഘട്ടത്തിലാണ്. എൻഒസിക്ക് ശേഷം, ഷെഡ്യൂൾ ചെയ്ത വാണിജ്യ വിമാനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് എയർലൈൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (ഡിജിസിഎ) നിന്ന് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (എഒസി) നേടണം.
ഔദ്യോഗിക റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും, എയർ ലൈനിന്റെ പ്രാരംഭ ശ്രദ്ധ ഉഡാൻ പദ്ധതിക്ക് കീഴിലുള്ള പ്രാദേശിക കണക്റ്റിവിറ്റി, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ടയർ-2, ടയർ-3 നഗരങ്ങളെ ബന്ധിപ്പിക്കാനായിരിക്കും.
ആരാണ് മറ്റു രണ്ടു എയർ ലൈനുകളെ നയിക്കുന്ന വ്യവസായ സംരംഭകർ?
ശംഖ് ഏജന്‍സീസിന്റെ സ്ഥാപകനായ ശ്രാവണ്‍ കുമാര്‍ വിശ്വകര്‍മ്മയുടെ ഉടമസ്ഥതയിലുള്ളതാണ് ശംഖ് എയര്‍. 2026 ന്റെ ആദ്യ പാദത്തിൽ ശംഖ് എയർ ആഭ്യന്തര പ്രവർത്തനങ്ങൾ ആരംഭിച്ചേക്കാം. 2023-ൽ സ്ഥാപിതമായ ശംഖ് എയർ, ലഖ്‌നൗ, നോയിഡ എന്നിവ പ്രധാന കേന്ദ്രങ്ങളാക്കി ലഖ്‌നൗ, വാരണാസി, ആഗ്ര, ഗോരഖ്പൂർ തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ച്, ഒരു ഫുൾടൈം സർവ്വീസ് കാരിയർ ആയിട്ടാകും പ്രവത്തനം ആരംഭിക്കുക.
കോഴിക്കോട് ആസ്ഥാനമായുള്ള അൽ-ഹിന്ദ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അൽ-ഹിന്ദ് എയർലൈൻ ദക്ഷിണേന്ത്യയെ ഗൾഫുമായി ബന്ധിപ്പിച്ചുകൊണ്ട് 2026 ന്റെ തുടക്കത്തിൽ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഭ്യന്തര റൂട്ടുകളിൽ എടിആർ വിമാനങ്ങൾ ഉപയോഗിക്കുമെന്ന് കരുതുന്നു. കൊച്ചി, ബെംഗളൂരു, തിരുവനന്തപുരം, ചെന്നൈ തുടങ്ങിയ തെക്കൻ നഗരങ്ങളെ ബന്ധിപ്പിച്ചും സർവ്വീസ് ഉണ്ടാകാം.
Who is Konakati Suresh? Learn about the owner of FlyExpress, one of the three new airlines approved by the Indian government alongside Shankh Air and Al-Hind Air. Discover their plans for the Indian sky.
