മൊത്ത ആഭ്യന്തര ഉത്പാദന (GDP) വളർച്ച പോസിറ്റീവ് ആയിരുന്നിട്ടും, ഇന്ത്യയുടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (MSME) 2025 അവസാനിപ്പിക്കുന്നത് തുടർച്ചയായ സമ്മർദ്ദത്തിലൂടെയാണ്. കനത്ത യുഎസ് താരിഫുകൾ, പേയ്മെന്റ് കാലതാമസം ദുർബലമായ ക്രെഡിറ്റ് ആക്സസ് തുടങ്ങിയവയാണ് ഈ സമ്മർദത്തിലേക്കു നയിച്ച പ്രധാന കാരണങ്ങൾ.

കനത്ത യുഎസ് താരിഫുകൾ
2025ൽ യുഎസ് ഇന്ത്യയിൽ നിന്നുള്ള പല ഉത്പന്നങ്ങൾക്കും 25 മുതൽ 50 ശതമാനം വരെ ഉയർന്ന താരിഫുകൾ ഏർപ്പെടുത്തിയതോടെ എംഎസ്എംഇകൾക്ക് കനത്ത തിരിച്ചടിയുണ്ടായി. പ്രത്യേകിച്ച് ടെക്സ്റ്റൈൽസ്, ലെതർ, എഞ്ചിനീയറിംഗ് ഗുഡ്സ് പോലുള്ള തൊഴിൽ അധിഷ്ഠിത മേഖലകളിൽ ഓർഡറുകൾ കുറഞ്ഞു. വില നിശ്ചയിക്കാനുള്ള അധികാരം കുറവും, ലാഭ മാർജിൻ വളരെ താഴെയുമായ ചെറുകിട കയറ്റുമതിക്കാരെ ഈ ആഘാതം ദീർഘകാല ലിക്വിഡിറ്റി പ്രതിസന്ധിയിലേക്കു നയിച്ചു.
പേയ്മെന്റ് കാലതാമസം
വലിയ കമ്പനികളിലും പൊതുമേഖല സ്ഥാപനങ്ങളിലുമാണ് എംഎസ്എംഇകളുടെ കുടിശ്ശികകൾ കുടുങ്ങിക്കിടന്നത്. കാലതാമസമുള്ള പണമിടപാടുകൾ കാരണം പ്രവർത്തന മൂലധനം ലഭിക്കാതെ ആയിരക്കണക്കിന് ചെറുകിട സംരംഭങ്ങൾ ദൈനംദിന പ്രവർത്തനം പോലും മുന്നോട്ടുകൊണ്ടുപോകാൻ പാടുപെട്ടു. 2024–25 കാലയളവിൽ ലക്ഷക്കണക്കിന് കോടി രൂപയുടെ കുടിശ്ശികയാണ് എംഎസ്എംഇ മേഖലയെ പിടിച്ചുകെട്ടിയത്.
കംപ്ലയൻസ് കോസ്റ്റ്
ഡിജിറ്റൽ ചട്ടങ്ങളും ഡാറ്റാ സംരക്ഷണ നിയമങ്ങളും ഉൾപ്പെടെയുള്ള പുതിയ നിയന്ത്രണങ്ങൾ ചെറുകിട സ്ഥാപനങ്ങൾക്ക് അധിക ചെലവും ബുദ്ധിമുട്ടും സൃഷ്ടിച്ചു. സ്വന്തമായി നിയമ–സാങ്കേതിക ടീമുകളില്ലാത്ത എംഎസ്എംഇകൾക്ക് കംപ്ലയൻസ് കോസ്റ്റുകൾ പ്രവർത്തന ലാഭം കുറയ്ക്കുന്ന ഘടകമായി മാറുകയായിരുന്നു.
ദുർബലമായ ക്രെഡിറ്റ് ആക്സസ്
ബാങ്കുകളും എൻബിഎഫ്സികളും വായ്പ നൽകുന്നതിൽ കൂടുതൽ ജാഗ്രത പാലിക്കാൻ ആരംഭിച്ചതോടെ എംഎസ്എംഇകൾക്ക് ക്രെഡിറ്റ് ലഭ്യത പരിമിതമായി. ആവശ്യകത ഉണ്ടായിരുന്നിട്ടും റിസ്ക് ആശങ്കകളും ഓർഡർ അനിശ്ചിതത്വവും കാരണം നിക്ഷേപവും വിപുലീകരണവും പലരും മാറ്റിവെച്ചു. ഇതോടെ വളർച്ചയ്ക്ക് പകരം നിലനിൽപ്പ് എന്ന നിലയിലേക്ക് നിരവധി സംരംഭങ്ങൾ ചുരുങ്ങുകയായിരുന്നു.
ഇങ്ങനെ, 2025 അവസാനിക്കുമ്പോൾ ഇന്ത്യൻ എംഎസ്എംഇകൾ വളർച്ചയേക്കാൾ നിലനിൽപ്പിനായി പരിശ്രമിക്കുകയായിരുന്നു. പേയ്മെന്റ് സിസ്റ്റം ശക്തമാക്കുക, മികച്ച കയറ്റുമതി പിന്തുണ നൽകുക, ലളിതമായ നിയന്ത്രണ സംവിധാനങ്ങൾ നടപ്പാക്കുക തുടങ്ങിയവ ചെയ്തില്ലെങ്കിൽ 2026ലും ചെറുകിട സംരംഭങ്ങൾ ദുർബലമായ ബാലൻസ് ഷീറ്റുകളോടെ കടന്നുപോകേണ്ടിവരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Despite GDP growth, 2025 was a year of survival for Indian MSMEs. High US tariffs, chronic payment delays, and restricted credit access have strained the balance sheets of small businesses.
