2025 ഇന്ത്യൻ വനിതാ ക്രിക്കറ്റിന് ചരിത്ര വർഷമായി മാറി. അണ്ടർ-19 ടി20, വനിതാ ഏകദിന ലോകകപ്പ്, ബ്ലൈൻഡ് വനിതാ ടി20 എന്നീ മൂന്ന് ലോകകപ്പ് കിരീടങ്ങൾ സ്വന്തമാക്കി, ലോക ക്രിക്കറ്റിൽ ഇന്ത്യയുടെ ശക്തമായ ആധിപത്യം ടീം ഉറപ്പിച്ചു. ശ്രീലങ്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ഹോം ടി20 പരമ്പര തൂത്തുവാരി, ആത്മവിശ്വാസത്തോടെ തന്നെയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വർഷം അവസാനിപ്പിച്ചത്.

ഐസിസി വനിതാ ഏകദിന ലോകകപ്പ് കിരീടമാണ് 2025ലെ ഇന്ത്യൻ ടീമിന്റെ ഏറ്റവും വലിയ നേട്ടം. ഇന്ത്യയും ശ്രീലങ്കയും ചേർന്ന് ആതിഥേയത്വം വഹിച്ച ടൂർണമെന്റിൽ കനത്ത പോരാട്ടങ്ങൾ മറികടന്നാണ് ഇന്ത്യ ഫൈനലിലെത്തിയത്. നവിമുംബൈയിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ ആദ്യമായി വനിതാ ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കി. 2005ലും 2017ലും കൈവിട്ട കിരീടം സ്വന്തം മണ്ണിൽ നേടാനായത് ഇന്ത്യൻ ക്രിക്കറ്റിന് അഭിമാന നിമിഷമായി.
വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഐസിസി വനിതാ അണ്ടർ-19 ടി20 ലോകകപ്പ് നിലനിർത്തിയതും ഇന്ത്യയുടെ ശക്തി തെളിയിച്ചു. മലേഷ്യയിൽ നടന്ന ടൂർണമെന്റിൽ തോൽവിയറിയാതെയാണ് ഇന്ത്യ തുടർച്ചയായ രണ്ടാം കിരീടം നേടിയത്. നിക്കി പ്രസാദ്, ത്രിഷ, വൈഷ്ണവി ശർമ തുടങ്ങിയ യുവതാരങ്ങൾ മികച്ച പ്രകടനത്തിലൂടെ ഭാവിയിലേക്കുള്ള വലിയ പ്രതീക്ഷകൾ ഉയർത്തി. ഇതോടൊപ്പം, കാഴ്ചപരിമിതിയുള്ളവരുടെ വനിതാ ക്രിക്കറ്റിലും 2025 ചരിത്രവർഷമായി. ഇന്ത്യ–ശ്രീലങ്ക സംയുക്തമായി സംഘടിപ്പിച്ച ആദ്യ ബ്ലൈൻഡ് വനിതാ ടി20 ലോകകപ്പിൽ, കൊളംബോയിൽ നടന്ന ഫൈനലിൽ നേപ്പാളിനെ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.
ചരിത്ര വിജയങ്ങൾക്ക് പിന്നാലെ വനിതാ ക്രിക്കറ്റിലെ ആഭ്യന്തര പ്രതിഫല ഘടനയിൽ ബിസിസിഐ വൻ വർധനയ്ക്ക് അംഗീകാരം നൽകി. ആഭ്യന്തര ടൂർണമെന്റുകളിലെ മാച്ച് ഫീസുകൾ 2.5 മടങ്ങ് ഉയർത്തിയതോടെ വനിതാ ക്രിക്കറ്റിന്റെ അടിത്തറ കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ. 2026ലെ പ്രധാന ലക്ഷ്യം, ഇതുവരെ ഇന്ത്യക്ക് കൈവരിക്കാനാകാത്ത വനിതാ ടി20 ലോകകപ്പ് കിരീടമാണ്. ഇംഗ്ലണ്ടിൽ നടക്കുന്ന ടി20 ലോകകപ്പിനായുള്ള ഒരുക്കങ്ങൾ ഇതിനകം ആരംഭിച്ചിരിക്കുകയാണ്. 2025ലെ അപൂർവ നേട്ടങ്ങളുടെ ആത്മവിശ്വാസത്തോടെ, പുതിയ ചരിത്രം കുറിക്കാനാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഒരുങ്ങുന്നത്.
2025 marked a historic run for Indian Women’s Cricket with three World Cup titles—ODI, U19 T20, and Blind T20. Explore the record-breaking year and the BCCI’s major pay hike for players.
