നിർമിത ബുദ്ധി രംഗത്തുള്ളത് ട്രാൻസിഷൻ ഘട്ടമാണെന്നും മനുഷ്യന്റെ ബുദ്ധിയെ മാറ്റിസ്ഥാപിക്കുന്നതിനു പകരം ഉയർന്ന തലത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുകയാണ് എഐയിലൂടെ സാധ്യമാകുന്നതെന്നും എഐ പവേർഡ് റിക്രൂട്ട്മെന്റ് ഓട്ടോമേഷൻ ഫ്ലാറ്റ്ഫോമായ സാപ്പിഹയർ (Zappyhire) സഹസ്ഥാപകൻ ദീപു സേവ്യർ. ടൈപ്പ്റൈറ്ററിൽ നിന്ന് കമ്പ്യൂട്ടറിലേക്കും, പേപ്പറിൽ നിന്ന് കാൽക്കുലേറ്ററിലേക്കും മാറിയപ്പോൾ ഉണ്ടായ ആശങ്കകൾ പോലെയാണ് എഐയെക്കുറിച്ചുള്ള ആശങ്കകളെന്നും ചാനൽ അയാം ഷീ പവറിനോട് അനുബന്ധിച്ചുള്ള പോഡ്കാസ്റ്റിൽ സംസാരിക്കവേ അദ്ദേഹം കൂട്ടിച്ചേർത്തു.

AI vs Human Intelligence

She Power പോലുള്ള വേദികൾ സ്ത്രീകൾക്കും സംരംഭകർക്കും ടെക്നോളജിയെക്കുറിച്ചുള്ള അവബോധം നൽകുന്നതിൽ വലിയ പങ്ക് വഹിക്കുന്നതായി ദീപു സേവ്യർ ചൂണ്ടിക്കാട്ടി. ഹോം ബേക്കിംഗ് പോലുള്ള ചെറിയ ബിസിനസുകൾക്കു പോലും എഐ ടൂളുകൾ ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ വെബ്സൈറ്റ്, ലോഗോ, മാർക്കറ്റിംഗ് സാമഗ്രികൾ എന്നിവ സൃഷ്ടിച്ച് ഓൺലൈൻ സാന്നിധ്യം ഉറപ്പാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ChatGPT, Perplexity പോലുള്ള ഐഡിയേഷൻ ടൂളുകളിൽ നിന്ന് Canva, Gemini, Midjourney പോലുള്ള ഡിസൈൻ–ടെക് ടൂളുകളിലേക്കുള്ള സാധ്യതകളും അദ്ദേഹം വിശദീകരിച്ചു. അതേസമയം, ഡാറ്റാ സെക്യൂരിറ്റിയുടെ പ്രാധാന്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. സോഫ്റ്റ്‌വെയർ ടൂളുകൾ തിരഞ്ഞെടുക്കുമ്പോൾ PCI, ISO, HIPAA പോലുള്ള കംപ്ലയൻസ് സ്റ്റാൻഡേർഡുകൾ പരിശോധിക്കണമെന്നും, എന്ത് ഡാറ്റയാണ് നൽകുന്നതെന്ന് ഉപയോക്താക്കൾക്ക് വ്യക്തമായ അവബോധം വേണമെന്നും അദ്ദേഹം പറഞ്ഞു. എഐ ജനറേറ്റ് ചെയ്യുന്ന എല്ലാം പൂർണമായും ശരിയാകണമെന്നില്ല; ബ്ലൈൻഡ് ട്രസ്റ്റ് അപകടകരമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എഐ മനുഷ്യരെ പിന്നിലാക്കുന്നതല്ല, മറിച്ച് പുതിയ അവസരങ്ങൾ തുറക്കുന്നതാണെന്നും, അവബോധവും ശരിയായ ഉപയോഗവുമാണ് പ്രധാനമെന്നും ദീപു സേവ്യർ വ്യക്തമാക്കി.

എഐ പഠിക്കണം എന്ന പൊതുവായ ആഹ്വാനം പ്രായോഗികമായി എങ്ങനെ സാധ്യമാകുമെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. എഐ ഒരു സ്കിൽ അല്ല, മറിച്ച് ഒരു ടൂൾ ആണെന്നും, മൈക്ക് ഉപയോഗിക്കുന്നത് പഠിക്കുന്നതുപോലെ എഐ ഉപയോഗിക്കാൻ പഠിച്ചാൽ മതി എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആവർത്തനസ്വഭാവമുള്ള ക്ലെറിക്കൽ ജോലികൾ എഐ വഴി മാറ്റിസ്ഥാപിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും, അതിനുമപ്പുറം വിശകലനം, ക്രിയേറ്റിവിറ്റി, ചിന്താശേഷി ആവശ്യമായ ജോലികൾ മനുഷ്യരോടൊപ്പം തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

എഐ ഇന്ന് സാധാരണ സാങ്കേതികവിദ്യയായിരിക്കുമ്പോൾ, സാപ്പിഹയർ ആരംഭിച്ച കാലത്ത് അതത്ര പ്രാപ്യമല്ലായിരുന്നു എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 2016 കാലഘട്ടത്തിൽ സ്റ്റാർട്ടപ്പ് ആരംഭിക്കാനുള്ള ആലോചനയുമായി നിൽക്കുമ്പോൾ, ചുറ്റുമുള്ള റിക്രൂട്ട്മെന്റ് പ്രക്രിയകളിൽ നടക്കുന്ന അമിതമായ മാന്വൽ ജോലികളാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. എന്തുകൊണ്ട് ഇന്റർവ്യൂ പ്രക്രിയ തന്നെ ഓട്ടോമേറ്റഡ് ആക്കിക്കൂടാ? എന്ന ചോദ്യമാണ് സാപ്പിഹയറിന്റെ തുടക്ക ചിന്ത. എന്നാൽ അന്നത്തെ സാങ്കേതിക പരിമിതികൾ കാരണം പൂർണമായ ഓട്ടോണോമസ് ഇന്റർവ്യൂ സാധ്യമല്ലായിരുന്നു. അതിനാൽ, മൊബൈൽ അധിഷ്ഠിതമായ ലളിതമായ പ്രോട്ടോടൈപ്പ്—ചോദ്യങ്ങൾ സ്ക്രീനിൽ വരികയും, ക്യാൻഡിഡേറ്റ് മറുപടി പറയുകയും, അതിന്റെ അടിസ്ഥാനത്തിൽ അടുത്ത ചോദ്യം വരികയും ചെയ്യുന്ന സംവിധാനം—ആണ് ആദ്യം വികസിപ്പിച്ചത്. ഇതാണ് പിന്നീട് ആത്മവിശ്വാസമായി മാറിയതും സ്റ്റാർട്ടപ്പിലേക്ക് നയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആദ്യ കസ്റ്റമർമാർ തന്നെ ആശയം സ്വീകരിച്ചതോടെ സാപ്പിഹയർ മുന്നോട്ട് പോയി. അന്നത്തെ പ്രധാന വെല്ലുവിളി എഐ റിസോഴ്സുകളുടെ അപര്യാപ്തതയും ചെലവും ആയിരുന്നു. സർവറുകളും ടെക്‌നിക്കൽ ഹ്യൂമൻ റിസോഴ്സുകളും ഏറെ ചെലവേറിയതായിരുന്നു. ഇന്ന് ഒരു ചാറ്റ് ടൂളിൽ ചോദ്യം നൽകിയാൽ ഉടൻ മറുപടി ലഭിക്കുന്ന സാഹചര്യം അന്ന് ഉണ്ടായിരുന്നില്ല. പ്രത്യേകിച്ച് റെസ്യൂമേ പാർസിംഗ് പോലുള്ള കാര്യങ്ങൾ വലിയ സാങ്കേതിക വെല്ലുവിളികളായിരുന്നു—വ്യത്യസ്ത ഫോർമാറ്റുകളിൽ വരുന്ന റെസ്യൂമുകളിൽ നിന്ന് ആവശ്യമായ വിവരങ്ങൾ കൃത്യമായി എടുക്കുക അത്ര എളുപ്പമല്ലായിരുന്നു. എന്നാലി ൃന്ന് സാപ്പിഹയർ പ്രവർത്തിക്കുന്നത് Agentic AI സമീപനത്തിലൂടെയാണ്. പരമ്പരാഗത എഐ, കോൺവേഴ്സേഷണൽ എഐ എന്നീ ഘട്ടങ്ങൾ കടന്നുള്ള വളർച്ചയാണിത്. ക്യാൻഡിഡേറ്റ് അപേക്ഷിക്കുന്ന നിമിഷം മുതൽ ഓഫർ ലെറ്റർ നൽകുന്നതുവരെ, റിക്രൂട്ടർ അറിയുന്നുണ്ടെങ്കിലും പ്രക്രിയ സ്വയം മുന്നോട്ട് പോകുന്ന രീതിയാണിത്. ഇന്ത്യയാണ് സാപ്പിഹയറിന്റെ നിലവിലെ പ്രധാന വിപണി (ഏകദേശം 80%), കൂടാതെ യുഎസ്, യൂറോപ്പ്, ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലും സാന്നിധ്യമുണ്ട്. മാരുതി സുസുക്കി, HDFC ഫിനാൻഷ്യൽ സർവീസസ്, ഷാഡികോം, ഫെഡറൽ ബാങ്ക്, ESAF ബാങ്ക് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ സാപ്പിഹയറിന്റെ കസ്റ്റമർമാരാണ്-അദ്ദേഹം പറഞ്ഞു.

Zappyhire Co-founder Deepu Xavier explains how AI solves complex problems instead of replacing humans. Learn about Agentic AI, tools for entrepreneurs, and data security.

Share.

Comments are closed.

Exit mobile version