ദേശീയപാതകളിൽ റോഡ് നിർമ്മാണത്തിനായി ആദ്യമായി പ്ലാസ്റ്റിക് മാലിന്യവും ബിറ്റുമെനും ചേർത്തുള്ള ‘വെറ്റ് മിക്സ്’ സാങ്കേതികവിദ്യ ഉപയോഗിച്ച് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. ജാൻസിയിലെ എൻ.എച്ച്-44-ൽ ഇതിന്റെ പരീക്ഷണ ഘട്ടം വിജയകരമായി നടപ്പിലാക്കി. ബിറ്റുമെൻ ഇറക്കുമതി ഗണ്യമായി കുറയ്ക്കുന്നതിനും വർദ്ധിച്ചുവരുന്ന പ്ലാസ്റ്റിക് മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുന്നതിനുമാണ് ഈ നൂതന പദ്ധതി ലക്ഷ്യമിടുന്നത്. ഐ.ഐ.ടി (ബി.എച്ച്.യു) വികസിപ്പിച്ചെടുത്ത ഈ സാങ്കേതികവിദ്യയിലൂടെ നിർമ്മിക്കുന്ന മോഡിഫൈഡ് ബിറ്റുമെന്‍ സാധാരണ ബിറ്റുമെനേക്കാൾ ഏകദേശം 20 ശതമാനം വിലക്കുറവുള്ളതായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
പെട്രോളിയത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ലോ-ഡെൻസിറ്റി പോളിയെത്തിലീൻ (LDPE) ഉപയോഗിച്ചാണ് ഈ പ്രത്യേകതരം ബിറ്റുമെൻ (W-PMB 76-10) നിർമ്മിച്ചിരിക്കുന്നത്. ഉയർന്ന താപനിലയെയും കനത്ത വാഹന ഭാരത്തെയും പ്രതിരോധിക്കാൻ ഇതിന് വലിയ കഴിവുണ്ടെന്ന് ലബോറട്ടറി പരിശോധനകളിൽ തെളിഞ്ഞിട്ടുണ്ട്. രാജ്യത്ത് സുസ്ഥിരമായ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം മാതൃകകൾ നടപ്പിലാക്കുന്നത്. ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനൊപ്പം രാജ്യത്തിന്റെ ഹരിത വികസനത്തിന് ഊന്നൽ നൽകുന്ന സുപ്രധാന ചുവടുവെപ്പാണ് ഇതെന്നും അധികൃതർ കൂട്ടിച്ചേർത്തു
India tests a sustainable ‘wet mix’ bitumen technology using plastic waste on NH-44 in Jhansi, reducing road construction costs and bitumen import dependency.
