സംസ്ഥാനത്ത് ജനുവരി ഒന്നുമുതൽ വിവിധ ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുന്നു. കോട്ടയം വഴിയുള്ള തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് എക്സ്പ്രസ്, തിരുനെൽവേലി – പാലക്കാട് പാലരുവി എക്സ്പ്രസ് എന്നീ ട്രെയിനുകളുടെ സമയത്തിലാണ് റെയിൽവേ മാറ്റം വരുത്തുന്നത്.

ഇനി മുതൽ വന്ദേ ഭാരത് ഈ സ്റ്റേഷനുകളിൽ നിന്നും അഞ്ചു മിനിറ്റ് വരെ നേരത്തെയാകും പുറപ്പെടുക. തിരുവനന്തപുരം – കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ ചെങ്ങന്നൂർ – തൃശൂർ വരെയുള്ള സമയത്തിലാണ് നാളെ മുതൽ മാറ്റം വരുന്നത്. ചെങ്ങന്നൂരിൽ നിന്നും നിലവിൽ രാവിലെ 6:55ന് പുറപ്പെടുന്ന ട്രെയിൻ ഇനി നാല് മിനിറ്റ് നേരത്തെ കൃത്യം 6:51ന് പുറപ്പെടും. കോട്ടയത്ത് നിന്ന് വന്ദേ ഭാരത് പുറപ്പെടുന്ന സമയം 7:27ൽ നിന്ന് 7:21ലേയ്ക്ക് മാറുമെന്നാണ് അറിയിപ്പ്. എറണാകുളം ടൗണിൽ 8:17ന് ട്രെയിൻ എത്തിച്ചേരും. തൃശൂരിൽ 10 മിനിറ്റ് നേരത്തെയെത്തുകയും ചെയ്യും വിധമാണ് പുതിയ ഷെഡ്യൂൾ.
തിരുവനന്തപുരത്തേയ്‌ക്കുള്ള വന്ദേ ഭാരത് എക്സ്പ്രസിൻ്റെ സമയത്തിൽ കണ്ണൂർ മുതൽ എറണാകുളം ടൗൺ വരെയുള്ള സ്റ്റേഷനുകളിലാണ് അഞ്ചു മിനിറ്റ് നേരത്തെ എന്നതരത്തിൽ മാറ്റം വരുന്നത്. കണ്ണൂരിൽ നിന്നും 3:30 നു പകരം 3:25 നു ട്രെയിൻ പുറപ്പെടും. എറണാകുളം ടൗണിൽ നിന്ന് 07:20 ന് പകരം 07:15 ന് തിരുവനന്തപുരത്തേക്ക് ട്രെയിൻ പുറപ്പെടും.
ന്യൂഡൽഹി – തിരുവനന്തപുരം കേരള എക്സ്പ്രസ് എറണാകുളം ടൗണിൽ 04:30 ന് എത്തി, 04.35 ന് പുറപ്പെടുന്ന വിധമാണ് പുതിയ ഷെഡ്യൂൾ. ട്രെയിനിൻ്റെ തൃശൂർ മുതലുള്ള സമയമാണ് മാറുന്നത്. കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദിയുടെ സമയത്തിൽ തൃശൂർ മുതൽ കൊല്ലം വരെ10 മുതൽ 20 മിനിറ്റ് വരെ വ്യത്യാസം ഉണ്ടാകും. 9:40 എറണാകുളത്ത് എത്തിയിരുന്നത് ഇനി മുതൽ 9:30ന് എത്തും. 12:35 നു കൊല്ലം എത്തിയിരുന്ന ജനശതാബ്ദി ഇനി 12:20 ന് എത്തും.
എറണാകുളം ടൗണിൽ രാവിലെ ആറു മിനിറ്റ് നേരത്തെ 08:32 ന് എത്തുന്ന പാലരുവി എക്സ്പ്രസ് 08:37 ന് എറണാകുളത്തു നിന്ന് പുറപ്പെടും. കൊല്ലം മുതൽ പാലക്കാട് വരെയുള്ള മറ്റു സ്റ്റേഷനുകളിലെ സമയത്തിൽ മാറ്റമില്ല. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദിയുടെ കൊല്ലം – മുതൽ തൃശൂർ വരെയുള്ള സമയവും മാറും. 9:40ന് എറണാകുളത്ത് എത്തിയിരുന്ന ട്രെയിൻ 9.30ന് എത്തിച്ചേരും.
Important update for passengers: Kerala train timings for Vande Bharat, Palaruvi, and Jan Shatabdi Express change from January 1. Check the new schedules for Ernakulam, Kottayam, and Thrissur here.