മികച്ച ക്യാമ്പസ് പ്ലേസ്മെന്റിന് പേരുകേട്ട സ്ഥാപനമാണ് ഐഐടി ഹൈദരാബാദ്. 2008ൽ ക്യാമ്പസ് സ്ഥാപിതമായതുമുതൽ നിരവധി പേർക്ക് ഇത്തരത്തിൽ പ്ലേസ്മെന്റിലൂടെ വമ്പൻ കമ്പനികളിൽ ജോലി ലഭിച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ ക്യാമ്പസിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും വമ്പൻ പാക്കേജിലൂടെ പ്ലേസ്മെന്റ് നേടിയിരിക്കുകയാണ് എഡ്വേർഡ് നഥാൻ വർഗീസ് എന്ന വിദ്യാർത്ഥി. നെതർലാൻഡ്സ് ആസ്ഥാനമായ ട്രേഡിങ്ങ് സ്ഥാപനമായ Optiver 2.5 കോടി രൂപ വാർഷിക ശമ്പളത്തിനാണ് എഡ്വേർഡിനെ സോഫ്റ്റ് എഞ്ചിനീയറായി നിയമിച്ചിരിക്കുന്നത്. ഐഐടി ഹൈദരാബാദിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ശമ്പളത്തിലുള്ള പ്ലേസ്മെന്റാണിത്.

അവസാന വർഷ വിദ്യാർത്ഥിയായ എഡ്വേർഡ് 2026 ജൂലൈ മുതൽ ആഗോള ഒപ്റ്റിവറിൽ ജോലി ആരംഭിക്കും. രണ്ട് മാസത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കി പ്രീ പ്ലെയ്സ്മെന്റ് നേടിയതോടെയാണ് എഡ്വേർഡിന് വമ്പൻ ഓഫർ ലഭിച്ചത്. ഒപ്റ്റിവറിൽ മാത്രമാണ് ഇന്റർവ്യൂ നൽകിയതെന്നും അതിനാൽ ഓഫർ ലഭിച്ചപ്പോൾ അതിയായ സന്തോഷം തോന്നിയതായും എഡ്വേർഡ് പ്രതികരിച്ചു. ഹൈദരാബാദിൽ ജനിച്ച എഡ്വേർഡ്, ഏഴാം തരം മുതൽ പ്ലസ് ടു വരെ ബെംഗളൂരുവിലാണ് പഠിച്ചത്.
അതേസമയം ഐഐടി ഹൈദരാബാദിൽ നിന്നുതന്നെയുള്ള മറ്റൊരു കുട്ടിക്കും വൻ തുക പാക്കേജോടെ പ്ലേസ്മെന്റ് ലഭിച്ചിട്ടുണ്ട്. കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിക്കാണ് 1.1 കോടി ഓഫറോടെ പ്ലെയ്സ്മെന്റ് ലഭിച്ചിരിക്കുന്നത്. മുൻപ്, 2017ൽ ഒരു വിദ്യാർത്ഥിക്ക് 1 കോടി ശമ്പളത്തോടെ പ്ലെയ്സ്മെന്റ് ലഭിച്ചതായിരുന്നു ഹൈദരാബാദ് ഐഐടിയിൽ ഇതിന് മുൻപ് ലഭിച്ച ഏറ്റവും ഉയർന്ന പ്ലെയ്സ്മെന്റ് ഓഫർ
IIT Hyderabad student Edward Nathan Varghese makes history by securing a record-breaking ₹2.5 crore package as a Software Engineer at Optiver, Netherlands. Read more about the campus’s highest-ever placement.
