പാകിസ്ഥാന്റെ തീവ്രവാദ അനുകൂല നിലപാടുകളെ ശക്തമായി വിമർശിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഭീകരവാദവും ജലം പങ്കിടലും ഒരുമിച്ച് നടക്കില്ലെന്ന് സിന്ധൂജല ഉടമ്പടിയെക്കുറിച്ച് സംസാരിക്കവേ അദ്ദേഹം മുന്നറിയിപ്പു നൽകി. വർഷങ്ങൾക്ക് മുമ്പ്, ജലം പങ്കുവെക്കൽ ക്രമീകരണത്തിനായി ഇന്ത്യ സമ്മതിച്ചിരുന്നു. എന്നാൽ കാലങ്ങളോളം ഭീകരവാദം അനുഭവിക്കേണ്ടി വന്നാൽ നല്ല അയൽബന്ധം ഉണ്ടാകില്ല. നല്ല അയൽബന്ധം ഇല്ലെങ്കിൽ നല്ല അയൽബന്ധത്തിന്റെ പ്രയോജനങ്ങൾ ലഭിക്കില്ല. ഞങ്ങളുമായി ജലം പങ്കിടുക, പക്ഷെ ഞങ്ങൾ നിങ്ങളോട് ഭീകരവാദം തുടരും എന്ന് പറയാൻ കഴിയില്ല- മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിദ്യാർത്ഥികളുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഭീകരതയെ മനപ്പൂർവ്വവും, നിരന്തരവും, പശ്ചാത്താപമില്ലാതെയു പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് സാധാരണ അയൽപക്ക ബന്ധങ്ങളുടെ നേട്ടങ്ങൾ പ്രതീക്ഷിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാകിസ്ഥാനെ മോശം അയൽക്കാരനെന്ന് വിശേഷിപ്പിച്ച് ജയശങ്കർ, ഭീകരവാദത്തിനെതിരെ സ്വന്തം ജനതയെ സംരക്ഷിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നും വ്യക്തമാക്കി. കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂറിലൂടെ ഭീകരതയെ പ്രതിരോധിക്കാനും, ജമ്മു കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിടാനും ഇന്ത്യയ്ക്കു സാധിച്ചു. നിർഭാഗ്യവശാൽ നമുക്ക് മോശം അയൽക്കാരനുണ്ട്. മോശം അയൽക്കാരുള്ളപ്പോൾ, ആ രാജ്യം മനഃപൂർവമായി, പശ്ചാത്താപമില്ലാതെ ഭീകരവാദം തുടരുമ്പോൾ, അതിനെതിരെ പ്രതിരോധിക്കാനുള്ള എല്ലാവിധ അവകാശങ്ങളും നമുക്കുണ്ട്. ആ അവകാശം നമ്മൾ വിനിയോഗിക്കും-അദ്ദേഹം പറഞ്ഞു.
External Affairs Minister S. Jaishankar delivers a sharp warning to Pakistan, stating that terror-supporting nations cannot expect the benefits of normal neighborly relations or water-sharing treaties.