ദേശീയപാത 66ന്റെ ഭാഗമായ അരൂർ‑തുറവൂർ ആകാശപാതയുടെ ആദ്യ ഭാഗം മാർച്ച് മാസത്തിൽ തുറക്കാൻ തയ്യാറെടുത്ത് ദേശീയപാത അതോറിറ്റി (NHAI). അരൂർ മുതൽ ചന്ദിരൂർ വരെയുള്ള 5 കിലോമീറ്റർ ഭാഗമാണ് ആദ്യഘട്ടമായി തുറക്കാനുദ്ദേശിക്കുന്നതെന്ന് ദേശീയപാതാ അധികൃതരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അരൂരിൽനിന്ന് തുറവൂർ വരെ നീളുന്ന 12.75 കിലോമീറ്റർ ആറുവരി ആകാശപാതയുടെ നിർമാണം അന്തിമ ഘട്ടത്തിലേക്ക് പ്രവേശിച്ചതായും അധികൃതർ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഒറ്റത്തൂൺ ആകാശപാത എന്നതിനൊപ്പം സംസ്ഥാനത്തെ ദേശീയപാതയിലുള്ള ആദ്യ സമർപ്പിത സൈക്കിൾ ട്രാക്കും പദ്ധതിയുടെ ഭാഗമാണെന്നും എൻഎച്ച്എഐ അധികൃതർ കൂട്ടിച്ചേർത്തു. ആകാശപാതയ്ക്ക് അടിയിലൂടെയാണ് സൈക്കിൾ ട്രാക്ക് തയ്യാറാക്കുന്നത്.

തുറവൂർ മുതൽ അരൂർ സൗത്ത് വരെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്; 2,565 വലിയ ഗിർഡറുകളിൽ ഏകദേശം 100 എണ്ണം മാത്രമേ സ്ഥാപിക്കാനുള്ളൂ. അരൂർ, ചന്ദിരൂർ, കുത്തിയത്തോട് എന്നിവിടങ്ങളിൽ മൂന്ന് എൻട്രി-ഏക്സിറ്റ് റാമ്പുകൾ വരും. ഉയർന്ന ഹൈവേയ്ക്ക് ലോക്കൽ കണക്ടിവിറ്റി നൽകാനായാണ് ഇവ നിർമിക്കുന്നത്. 374 വലിയ പില്ലറുകളാണ് ഹൈവേയ്ക്ക് ഉണ്ടാകുക. എരുമല്ലൂരിലെ മോഹം ആശുപത്രിക്കു സമീപം ടോൾ പ്ലാസയും സ്ഥാപിക്കും. സുസ്ഥിര നഗര ഗതാഗതത്തിലേക്കുള്ള സുപ്രധാന ചുവടുവെയ്പ്പായാണ്, 12.75‑കി.മീ നീളമുള്ള ഹൈവേ സെക്ഷന്റെ താഴെയുള്ള ഡെക്കിൽ സമർപ്പിത സൈക്കിൾ ട്രാക്ക് ഒരുങ്ങുന്നത്. തുറവൂർ ഭാഗത്ത് നിന്ന് ആരംഭിക്കുന്ന സൈക്കിൾ ട്രാക്ക്, 1.25 മുതൽ 2.5 മീറ്റർ വീതിയിലാണ് നിർമാണം. പ്രധാന റോഡിനടുത്ത് 2 മീറ്റർ വീതിയുള്ള ഡ്രെയിനേജ്‑പാതയും നിർമിച്ച്, കാൽനടയാത്രക്കാർക്കുള്ള ക്രമീകരണവും ഒരുക്കുന്നുണ്ട്.
The 12.75 km Aroor-Thuravoor elevated highway, India’s longest single-pillar flyover, will open its first phase in March. Discover features like the dedicated cycle track and exit ramps.
