വമ്പൻ പ്രാരംഭ പബ്ലിക് ഓഫറിംഗികൾക്ക് (IPO) ഒരുങ്ങി കേരളത്തിൽ നിന്നുള്ള പ്രധാന കമ്പനികൾ. ഏകദേശം 12,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഐപിഓകളിലൂടെ സംസ്ഥാനത്തിന്റെ ബിസിനസ് മേഖല സുപ്രധാന ചുവടുവെയ്പ്പിനാണ് ഒരുങ്ങുന്നത്. വെർട്ടിക്കൽ SaaS, സ്വർണ്ണ വായ്പകൾ മുതൽ സുഗന്ധവ്യഞ്ജനങ്ങൾ, ഡയഗ്നോസ്റ്റിക്സ്, റിയൽ എസ്റ്റേറ്റ് വരെയുള്ള മേഖലകളിലാണ് കേരളത്തിൽ നിന്നുള്ള കമ്പനികൾ മൂലധന വിപണികളെ ഉപയോഗപ്പെടുത്താൻ തയ്യാറെടുക്കുന്നത്.
ഐബിഎസ് സോഫ്റ്റ്വെയർ (IBS Software), സിന്തൈറ്റ് ഇൻഡസ്ട്രീസ് (Synthite Industries), ഡെന്റ്കെയർ (DentCare), ഇൻഡൽ മണി (Indel Money), വീഗാലാൻഡ് ഡെവലപ്പേഴ്സ് (Veegaland Developers) എന്നീ കമ്പനികൾ അടുത്ത ഒന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ പബ്ലിക് ഇഷ്യൂകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഇവയെല്ലാം ചേർന്ന് 10,000-12,000 കോടി രൂപ സമാഹരിക്കുമെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ലിസ്റ്റിംഗ് ലക്ഷ്യമിടുന്ന അഗാപ്പെ ഡയഗ്നോസ്റ്റിക്സും (Agappe Diagnostics) എസ്എഫ്ഒ ടെക്നോളജീസും (SFO Technologies) വരുംകാല ഐപിഒ പട്ടികയിലുണ്ട്.

യാത്രാ, വ്യോമയാന സാങ്കേതിക മേഖലയിലെ ഇന്ത്യയിലെ ഏറ്റവും വലിയ വെർട്ടിക്കൽ സോഫ്റ്റ്വെയർ ആസ് എ സർവീസ് (SaaS) കമ്പനിയായി കണക്കാക്കപ്പെടുന്ന ഐബിഎസ് സോഫ്റ്റ്വെയറാണ് പട്ടികയിൽ മുന്നിൽ. ഏകദേശം 4,500 കോടി രൂപ (500 മില്യൺ ഡോളർ) മൂല്യമുള്ള നിർദ്ദിഷ്ട ഐപിഒ, ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ SaaS കമ്പനി ലിസ്റ്റിംഗുകളിൽ ഒന്നാകുമെന്നാണ് റിപ്പോർട്ട്. അതേസമയം,വീഗാലാൻഡ് 250 കോടി രൂപയുടെ പുതിയ ഇഷ്യൂവിന് പദ്ധതിയിടുന്നതായും റിപ്പോർട്ടുണ്ട്. വി-ഗാർഡ് പ്രൊമോട്ടർ ഗ്രൂപ്പിന്റെ ഭാഗമായ റിയൽ എസ്റ്റേറ്റ് ഭീമനായ വീഗാലാൻഡ് ഡെവലപ്പേഴ്സ് ഇതിനകം തന്നെ സെബിയിൽ അവരുടെ ഡിആർഎച്ച്പി ഫയൽ ചെയ്തിട്ടുണ്ട്. പദ്ധതി വികസനത്തിനും ഭൂമി ഏറ്റെടുക്കലിനും വേണ്ടി നീക്കിവച്ചിരിക്കുന്ന തുക ഉപയോഗിച്ചാണ് 250 കോടി രൂപയുടെ പുതിയ ഇഷ്യൂവിന് ഗ്രൂപ്പ് പദ്ധതിയിടുന്നത്.
1995ൽ മണപ്പുറം ഫിനാൻസിനു ശേഷം കേരളത്തിൽ നിന്നുള്ള ആദ്യത്തെ പ്യുവർ-പ്ലേ ഗോൾഡ്-ലോൺ ലിസ്റ്റിംഗാകാൻ ഒരുങ്ങുകയാണ് ഇൻഡൽ മണി. 2029-30 സാമ്പത്തിക വർഷത്തിൽ ലിസ്റ്റിംഗ് വിൻഡോയ്ക്ക് മുമ്പ് മാനേജ്മെന്റിന്റെ കീഴിലുള്ള ആസ്തികൾ 15,000 കോടി രൂപയായി ഉയർത്താനുള്ള പദ്ധതിയുമായി യോജിച്ച് 3,000 കോടി രൂപയുടെ ഇഷ്യുവാണ് കമ്പനി ലക്ഷ്യമിടുന്നത്. കോലഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന സിന്തൈറ്റ് ഇൻഡസ്ട്രീസ് 1,500–2,000 കോടി രൂപ സമാഹരിക്കാനാണ് തയ്യാറെടുക്കുന്നത്. പ്രമുഖ ഡെന്റൽ ലാബായ, മൂവാറ്റുപുഴ ആസ്ഥാനമായുള്ള ഡെന്റ്കെയർ 2028ൽ ഐപിഒയ്ക്ക് ഫയൽ ചെയ്യാനും 2030ഓടെ ലിസ്റ്റ് ചെയ്യാനും പദ്ധതിയിടുന്നുണ്ട്. അഗാപ്പെ ഡയഗ്നോസ്റ്റിക്സ് 12-14 മാസത്തിനുള്ളിൽ ലിസ്റ്റിംഗ് ലക്ഷ്യമിടുമ്പോൾ, നെസ്റ്റ് ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ എസ്എഫ്ഒ ടെക്നോളജീസ് രണ്ട് വർഷത്തിനുള്ളിൽ ഓഹരി വിപണിയിലേക്കു കടക്കും.
Major companies from Kerala including IBS Software, Veegaland Developers, and Synthite Industries are gearing up for IPOs in 2026. Explore the list of Kerala-based firms set to raise ₹12,000 crore from the stock market.
