2026ലെ ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യം ജനുവരി 12ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നടക്കാനിരിക്കുകയാണ്. പിഎസ്എൽവി-സി62 റോക്കറ്റിലൂടെ വിക്ഷേപിക്കുന്ന ദൗത്യത്തിലെ പ്രധാന ഉപഗ്രഹം ഡിആർഡിഒ വികസിപ്പിച്ച അന്വേഷ (EOS-N1) എന്ന പ്രതിരോധ ഉപഗ്രഹമാണ്. ഇന്ത്യൻ സൈന്യത്തിന് അത്യാധുനിക നിരീക്ഷണ ശേഷി നൽകുന്ന ഉപഗ്രഹം, ഹൈപ്പർസ്പെക്ട്രൽ ഇമേജിങ് സാങ്കേതികവിദ്യയെന്ന സവിശേഷതയുള്ളതാണ്. ഈ വർഷം ഐഎസ്ആർഒ ആസൂത്രണം ചെയ്യുന്ന നിരവധി നിർണായക ബഹിരാകാശ ദൗത്യങ്ങളുടെ തുടക്കമായി അന്വേഷ മാറും.

2026ൽ ഐഎസ്ആർഒ മനുഷ്യ ബഹിരാകാശ പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായ കൂടുതൽ പരീക്ഷണങ്ങളും മനുഷ്യരില്ലാത്ത (uncrewed) വിക്ഷേപണങ്ങളും നടത്താൻ പദ്ധതിയിടുന്നു. മനുഷ്യരെ സുരക്ഷിതമായി ബഹിരാകാശത്തിലേക്ക് അയയ്ക്കുന്നതിനുള്ള സാങ്കേതിക സജ്ജീകരണങ്ങൾ പൂർണതയിലെത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അതോടൊപ്പം, ഇന്ത്യയും അമേരിക്കയും ചേർന്ന് വികസിപ്പിക്കുന്ന നിസാർ (NISAR) ഭൂനിരീക്ഷണ ഉപഗ്രഹ ദൗത്യം പോലുള്ള അന്തർദേശീയ സഹകരണ പദ്ധതികളും 2026ൽ ഐഎസ്ആർഒയുടെ പ്രധാന അജണ്ടയിലുണ്ട്.
ഇതിന് പുറമേ, ചന്ദ്രനും ഭൂമിയുമെല്ലാം കേന്ദ്രീകരിച്ചുള്ള പുതിയ ശാസ്ത്രീയ പഠന ദൗത്യങ്ങൾ, ഉപഗ്രഹ സേവന മേഖല ശക്തിപ്പെടുത്തുന്ന വാണിജ്യ വിക്ഷേപണങ്ങൾ, ചെറു ഉപഗ്രഹങ്ങൾക്കായുള്ള എസ്എസ്എൽവി ദൗത്യങ്ങൾ എന്നിവയും ഈ വർഷെ പ്രതീക്ഷിക്കപ്പെടുന്നു. സൈനിക, ശാസ്ത്രീയ, വാണിജ്യ, മനുഷ്യ ബഹിരാകാശ മേഖലകളെ ഒരുപോലെ ശക്തിപ്പെടുത്തുന്ന വർഷമായി 2026 മാറുമെന്നാണ് ഐഎസ്ആർഒയുടെ വിവിധ ദൗത്യങ്ങൾ സൂചിപ്പിക്കുന്നത്.
ISRO kicks off 2026 with the launch of the ‘Anvesha’ defense satellite on PSLV-C62. Explore the major upcoming missions this year, including Gaganyaan trials and the NISAR project.
