വിഴിഞ്ഞം പദ്ധതിയുടെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്താൻ അനിവാര്യമായ തിരുവനന്തപുരം ഔട്ടർ റിങ് റോഡ് പദ്ധതിക്ക് ഈ ഫെബ്രുവരി-മാർച്ച് മാസത്തിനുള്ളിൽ അന്തിമ അംഗീകാരം ലഭിക്കുമെന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉറപ്പു നൽകി. ഗഡ്കരിയുമായി നടത്തിയ ചർച്ചയ്ക്കു ശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്തിന്റെ വികസനത്തിൽ ഒരു നിർണ്ണായക വഴിത്തിരിവായിരിക്കും ഔട്ടർ റിങ് റോഡ്. അപകടങ്ങൾ ഒഴിവാക്കാൻ കേരളത്തിലെ ദേശീയപാതകളിൽ ഓവർപാസുകൾ ഇനി പില്ലറുകളിൽ നിർമിക്കുമെന്നും ഗഡ്കരി ഉറപ്പു നൽകി.

തിരുവനന്തപുരം ഔട്ടർ റിങ് റോഡ് പദ്ധതിയിൽ നഷ്ടപരിഹാരത്തിനായി കാത്തിരിക്കുന്ന 6,500-ലധികം കുടുംബങ്ങൾക്ക് ഒരു സന്തോഷവാർത്ത എന്ന തലക്കെട്ടോടെയാണ് രാജീവ് ചന്ദ്രശേഖർ ഈ വാർത്ത പങ്കു വച്ചത്. സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന ഇത്തരം പദ്ധതികൾ വ്യക്തമായ കാഴ്ചപ്പാടോടെ അതിവേഗം നടപ്പിലാക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു
കേരളത്തിലെ ദേശീയപാതകളിൽ ഓവർപാസുകൾ ഇനി പില്ലറുകളിൽ നിർമിക്കും എന്നും ഗഡ്കരി ഉറപ്പു നൽകി. അടുത്ത കാലത്തു പലയിടത്തും നിർമാണത്തിലിരിക്കെ തകർന്നു വീണ റീ ഇൻഫോഴ്സ് എർത്ത് വാൾ (മണ്ണ് നിറച്ചുള്ള ഭിത്തി) മാതൃകയ്ക്ക് പകരമാണ് തൂണുകളിൽ ഓവർപാസ് നിർമിക്കുക. കേരളത്തിലെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പലയിടത്തും ഓവർപാസുകൾക്ക് സമീപമുള്ള മതിലുകൾ ഇടിഞ്ഞുവീഴുന്ന പ്രശ്നമുണ്ടായിരുന്നു. ഇത് വലിയതോതിലുള്ള ഗതാഗത തടസവും സമീപത്ത് താമസിക്കുന്നവർക്ക് വലിയ ബുദ്ധിമുട്ടും ഉണ്ടാകുന്ന സാഹചര്യത്തിലാണ് ആർഇ വാളുകൾക്ക് പകരം പില്ലറുകളിൽ ഓവർപാസുകൾ അല്ലെങ്കിൽ മേൽപ്പാലങ്ങൾ നിർമിക്കാനുള്ള തീരുമാനം.
ഇത്തരത്തിലുള്ള നിർമാണത്തിന് ചെലവ് കൂടുമെങ്കിലും ജനങ്ങളുടെ ആവശ്യം പരിഗണിച്ച് ഇനി നിർമിക്കുന്ന എല്ലാ മേൽപ്പാലങ്ങളും മണ്ണ് നിറച്ചുള്ള ഭിത്തിക്ക് പകരം തൂണുകളിൽ നിർമിക്കാനാണ് നിതിൻ ഗഡ്കരി അനുമതി നൽകിയിരിക്കുന്നത്.
Union Minister Nitin Gadkari assures final approval for the Thiruvananthapuram Outer Ring Road by March 2026. National Highway overpasses in Kerala will now be built on pillars instead of soil-filled RE walls to ensure safety.
