സ്വകാര്യവൽക്കരണത്തിനു ശേഷം ആദ്യമായി ലൈൻ-ഫിറ്റ് (line fit) ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനം ഏറ്റുവാങ്ങി ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ. യുഎസ്സിലെ സിയാറ്റിലിലുള്ള ബോയിംഗ് എവററ്റ് ഫാക്ടറിയിൽ വിമാനത്തിന്റെ ടൈറ്റിൽ ട്രാൻസ്ഫർ പൂർത്തിയായതായി എയർ ഇന്ത്യ ഉദ്യോഗസ്ഥർ അറിയിച്ചു. പ്രത്യേക എയർലൈൻ ആവശ്യങ്ങൾക്കനുസരിച്ച് നിർമിക്കുന്ന വിമാനങ്ങളെയാണ് ‘ലൈൻ-ഫിറ്റ്’ വിമാനങ്ങളെന്നു വിശേഷിപ്പിക്കുന്നത്.

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) പരിശോധനകൾക്ക് ശേഷം വിമാനം അടുത്ത ദിവസങ്ങളിൽ ഇന്ത്യയിലെത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ത്രീ ക്ലാസ് കോൺഫിഗറേഷനിലാണ് (ഇക്കണോമി, പ്രീമിയം ഇക്കണോമി, ബിസിനസ്) ഈ ഡ്രീംലൈനർ സജ്ജീകരിച്ചിരിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലിരുന്ന കാലത്ത് എയർ ഇന്ത്യ അവസാനമായി ലൈൻ-ഫിറ്റ് ഡ്രീംലൈനർ ഏറ്റെടുത്തത് 2017 ഒക്ടോബറിലായിരുന്നു.
2023ൽ എയർ ഇന്ത്യ ബോയിംഗിന് നൽകിയ 220 വിമാനങ്ങളുടെ ഓർഡറിന്റെ ഭാഗമായാണ് ഈ ഡെലിവറി. ഇതോടെ ടാറ്റ ഏറ്റെടുത്തതിന് ശേഷം എയർ ഇന്ത്യയ്ക്ക് ലഭിക്കുന്ന ആദ്യ വൈഡ്-ബോഡി വിമാനവും മൊത്തത്തിലുള്ള 52ആമത്തെ വിമാന ഡെലിവറിയുമാണ് ഇത്. നിലവിൽ ലയിപ്പിക്കപ്പെട്ട വിസ്താരയുടെ 787-8, 787-9 വിമാനങ്ങൾ ഉൾപ്പെടെ എയർ ഇന്ത്യയ്ക്ക് ഡ്രീംലൈനർ ഫ്ലീറ്റ് നിലവിലുണ്ട്. 2026 വരെ പുതുക്കിയ ഇന്റീരിയറുകളോടെ കൂടുതൽ ലെഗസി ഡ്രീംലൈനറുകൾ സർവീസിലേക്ക് മടങ്ങുമെന്നും എയർ ഇന്ത്യ അറിയിച്ചു.
