വളർത്തുമൃഗങ്ങളുമായുള്ള വിമാന യാത്രാ നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ നടപ്പാക്കി എയർ ഇന്ത്യ. ‘പോസ് ഓൺ ബോർഡ്’ (Paws on Board) പദ്ധതിയുടെ ഭാഗമായി, 10 കിലോയിൽ താഴെ ഭാരമുള്ള നായകൾക്കും പൂച്ചകൾക്കും തെരഞ്ഞെടുത്ത ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങളിൽ ഇക്കണോമി ക്ലാസ് കാബിനിൽ തന്നെ യാത്ര ചെയ്യാൻ അനുമതി ലഭിക്കും. യാത്രയ്ക്ക് കുറഞ്ഞത് 48 മണിക്കൂർ മുൻപാണ് ബുക്കിങ് നടത്തേണ്ടത്. വളർത്തുമൃഗങ്ങൾക്ക് കുറഞ്ഞത് എട്ട് ആഴ്ച പ്രായമുണ്ടായിരിക്കണം. ഗർഭിണികളായതോ, ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളതോ ആയ വളർത്തുമൃഗങ്ങളെ യാത്രയ്ക്ക് അനുവദിക്കില്ല.

പുതുക്കിയ നയം പ്രകാരം, ഓരോ വിമാനത്തിലും പരമാവധി രണ്ട് വളർത്തുമൃഗങ്ങൾക്കാണ് കാബിനിൽ യാത്ര അനുവദിക്കുക. സീറ്റിന് താഴെ വെക്കാവുന്ന മൃദുവായതും ചോർച്ച തടയുന്നതും വായുസഞ്ചാരമുള്ളതുമായ കാരിയറുകൾ മാത്രമേ അനുവദിക്കൂ. 10 മുതൽ 32 കിലോ വരെ ഭാരമുള്ള വളർത്തുമൃഗങ്ങളെ ചെക്ക്ഡ് ബാഗേജായി കൊണ്ടുപോകാം; ഇതിന് ഐഎടിഎ അംഗീകൃത ഹാർഡ്-കേസ് കേജ് നിർബന്ധമാണ്. 32 കിലോയ്ക്ക് മുകളിൽ ഭാരമുള്ള വളർത്തുമൃഗങ്ങളെ എയർ ഇന്ത്യ കാർഗോ സർവീസിലൂടെയാകും കൊണ്ടുപോകുക. ചില ദീർഘദൂര റൂട്ടുകളിൽ രാജ്യനിയമങ്ങൾ അനുസരിച്ച് നിയന്ത്രണങ്ങൾ തുടരുമെന്നും എയർ ഇന്ത്യ അറിയിച്ചു.
വളർത്തുമൃഗങ്ങളുടെ യാത്രയ്ക്കായി വ്യക്തമായ നിരക്കുകളും എയർ ഇന്ത്യ നിശ്ചയിച്ചിട്ടുണ്ട്. ആഭ്യന്തര വിമാനങ്ങളിൽ കാബിനിൽ യാത്രയ്ക്കായി 7,500 രൂപയും, അന്താരാഷ്ട്ര ചെറുദൂര വിമാനങ്ങളിൽ 140 ഡോളറും (ഏകദേശം 12,500 രൂപ) ഈടാക്കും. ചെക്ക്ഡ് ബാഗേജായി യാത്ര ചെയ്യുമ്പോൾ ആഭ്യന്തര വിമാനങ്ങളിൽ 16,000 രൂപയും അന്താരാഷ്ട്ര റൂട്ടുകളിൽ 350 ഡോളറും (ഏകദേശം 31,000 രൂപ) നൽകണം. വാക്സിനേഷൻ രേഖകൾ, ഫിറ്റ്-ടു-ഫ്ലൈ സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാണെന്നും, സ്ഥിരീകരിച്ച ബുക്കിങ്ങുകൾ റദ്ദാക്കാനാവില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
