റോൾസ് റോയ്സ് ഫാന്റം സെന്റിനറി എഡിഷൻ സ്വന്തമാക്കുന്ന ഏക ഇന്ത്യക്കാരനായി ആർപി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള. 1925ൽ പുറത്തിറക്കിയ ആദ്യ ഫാന്റം മോഡലിന് നൂറുവർഷം തികയുമ്പോൾ അതിന്റെ ഓർമ്മയ്ക്കായി 25 പ്രത്യേക ലിമിറ്റഡ് എഡിഷൻ കാറുകളാണ് കമ്പനി പുറത്തിറക്കിയത്. കഴിഞ്ഞ വർഷം അതിനായി അവർ 25 പ്രമുഖരേയും കണ്ടെത്തി. അങ്ങനെ തിരഞ്ഞെടുക്കപ്പെട്ടവരിൽ ഏക മലയാളിയും ഇന്ത്യക്കാരനുമാണ് രവി പിള്ള.

ഫാന്റത്തിന്റെ ഏഴാം തലമുറ കാറായാണ് സെന്റിനറി എഡിഷൻ എത്തിയിരിക്കുന്നത്. മുപ്പത് ലക്ഷം ഡോളറിലേറെ (ഏതാണ്ട് 30 കോടി രൂപ) വില വരുന്ന കാർ ലണ്ടനിൽനിന്ന് ദുബായ് വഴി ബഹ്റൈനിൽ എത്തിച്ച് കഴിഞ്ഞ ദിവസം രവി പിള്ള ഏറ്റുവാങ്ങി. കാറിൽ പ്രത്യേക സംവിധാനങ്ങളും ഉടമയുടെ താത്പര്യങ്ങൾക്കനുസരിച്ചുള്ള ആഢംബര സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കാറിന്റെ മുന്നിലുള്ള റോൾസ് റോയ്സ് ചിഹ്നം 24 കാരറ്റ് സ്വർണത്തിലാണ്. ഇന്റീരിയർ അലങ്കാരങ്ങളിലും സ്വർണമുണ്ട്. അഞ്ച് സെക്കൻഡിൽ 60 മൈൽ വേഗം കൈവരിക്കാവുന്ന എൻജിൻ ശേഷിയാണ് കാറിനുള്ളത്.
ജീവിതത്തിൽ ഒരിക്കലും കൈമാറരുതെന്ന അഭ്യർഥനയോടെയാണ് കമ്പനി കാർ കൈമാറിയതെന്ന് രവി പിള്ള പറഞ്ഞു. ഫാന്റത്തിന്റെ ചരിത്രത്തിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
