യുഎസ് ഇതര കമ്പനികൾക്ക് വിൽക്കാൻ അനുവാദമുണ്ടെങ്കിൽ വെനസ്വേലൻ എണ്ണ വാങ്ങുന്നത് പരിഗണിക്കുമെന്ന് വ്യക്തമാക്കി ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ സമുച്ചയത്തിന്റെ നടത്തിപ്പുകാരായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. യുഎസ് ഇതര കമ്പനികൾക്ക് വെനസ്വേലൻ എണ്ണയുടെ ലഭ്യതയെക്കുറിച്ച് വ്യക്തതയ്ക്കായി കാത്തിരിക്കുകയാണെന്നും അനുസൃതമായ രീതിയിൽ എണ്ണ വാങ്ങുന്നത് പരിഗണിക്കുമെന്നും റിലയൻസ് ഇൻഡസ്ട്രീസ് വക്താവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

യുഎസ് ഇതര കമ്പനികൾക്ക് വിൽപ്പന അനുവദിച്ചാൽ വെനസ്വേലൻ എണ്ണ വാങ്ങുന്നത് സർക്കാർ ഉടമസ്ഥതയിലുള്ള റിഫൈനർമാരായ ഇന്ത്യൻ ഓയിൽ കോർപ്പും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പും പരിഗണിക്കുമെന്നും വ്യവസായ വൃത്തങ്ങൾ അറിയിച്ചു. അതേസമയം ഇതുസംബന്ധിച്ച റോയിട്ടേഴ്‌സിന്റെ അഭിപ്രായത്തിനായുള്ള അഭ്യർത്ഥനകളോട് രണ്ട് കമ്പനികളും ഉടൻ പ്രതികരിച്ചില്ല. ജനുവരി 3 ന് യുഎസ് സൈന്യം പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിനെത്തുടർന്ന്, 2 ബില്യൺ ഡോളർ വിലവരുന്ന 30-50 ദശലക്ഷം ബാരൽ വെനസ്വേലൻ ക്രൂഡ് ഓയിൽ, അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള തീരുമാനത്തിൽ ഇരുരാജ്യങ്ങളും എത്തിയിരുന്നു.