ജലാശയങ്ങളിലെ കുളവാഴശല്യത്തിന് പരിഹാരം കണ്ടെത്താനുള്ള ചർച്ചകൾക്ക് വേദിയായി കൊച്ചി ജെയിൻ സർവകലാശാല സംഘടിപ്പിച്ച ‘ഹയാക്കോൺ 1.0’ രാജ്യാന്തര സമ്മേളനം. കുളവാഴയിൽനിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാൻ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് സമ്മേളനത്തിൽ ആവശ്യമുയർന്നു. കൊൽക്കത്ത പോലുള്ള ഇടങ്ങളിൽ കുളവാഴ ഉപയോഗിച്ച് വെള്ളം ശുദ്ധീകരിക്കുന്ന മാതൃകകൾ നമുക്കുമുന്നിലുണ്ടെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

കൊച്ചി ക്യാംപസിൽ നടന്ന ത്രിദിന സമ്മേളനം കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. ബംഗ്ലാദേശിൽ കുളവാഴ ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ പേപ്പർ നിർമിക്കുന്നതിൽ വലിയ വിജയം കൈവരിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ ബംഗ്ലാദേശ് ഹൈക്കമ്മിഷണർ റിയാസ് ഹമീദുള്ള പറഞ്ഞു. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി കുളവാഴ വ്യാപനംകാരണം ജനങ്ങൾ ദുരിതമനുഭവിക്കുകയാണെന്ന് രമേശ് ചെന്നിത്തല എംഎൽഎ പറഞ്ഞു. പോളവ്യാപനം തടയാൻ കേന്ദ്ര സർക്കാർ സമഗ്രനയം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുളവാഴ സൃഷ്ടിക്കുന്ന വെല്ലുവിളി നേരിടാനുള്ള നയരൂപവത്കരണ ചർച്ചകൾക്കായാണ് ഈ സമ്മേളനമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ പ്രൊഫ. വേണു രാജാമണി പറഞ്ഞു. സംസ്ഥാനത്തുതന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ് ഹയാക്കോൺ 1.0 എന്ന്ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു. ഹൈബി ഈഡൻ എംപി, പ്രോ വൈസ് ചാൻസലർ പ്രൊഫ. ഡോ. ജെ. ലത എന്നിവരും ചടങ്ങിൽ സംസാരിച്ചു.
മൂല്യവർധിത ഉത്പന്നങ്ങളുടെ പ്രദർശനം ഇന്ത്യൻ ബംഗ്ലാദേശ് ഹൈക്കമ്മിഷണർ റിയാസ് ഹമീദുള്ള ഉദ്ഘാടനം ചെയ്തു. കൊച്ചി ജെയിൻ സർവകലാശാലയും സിഫ്റ്റും തമ്മിൽ അക്കാഡമിക് ധാരണാപത്രം കൈമാറി. സിഫ്റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാൻ, ജെയിൻ സർവകലാശാല പ്രോ വൈസ് ചാൻസലർ പ്രൊഫ. ഡോ. ജെ. ലത എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി, എംപെഡ, ട്രാൻസ് വേൾഡ്, കേളചന്ദ്ര എന്നിവയുടെ സഹകരണത്തോടെയാണ് സമ്മേളനം.
Jain University Kochi hosts HyaCon 1.0, an international conference to find sustainable solutions for water hyacinth. Experts discuss value-added products and environmental policies.
